പാര്‍ശ്വഫലം; ബേബി ഫുഡുകള്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ ഉത്തരവ്

Posted on: February 19, 2018 7:00 pm | Last updated: February 19, 2018 at 7:00 pm

ദുബൈ: ഉയര്‍ന്ന രക്ത സമ്മര്‍ദത്തിന് വഴിയൊരുക്കുന്നതും മെര്‍കുറിയുടെ സാന്നിധ്യമുള്ളതുമായ കുട്ടികളുടെ ഭക്ഷ്യ പദാര്‍ഥങ്ങള്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ ആരോഗ്യ മന്ത്രാലായം ഉത്തരവിട്ടു. കുട്ടികള്‍ക്കുള്ള ഭക്ഷ്യപദാര്‍ഥങ്ങളാണിവ. ഇതുമായി ബന്ധപ്പെട്ട് മന്ത്രാലയം സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. യു എ ഇയില്‍ വിപണനത്തിന് ലൈസന്‍സ് ലഭിക്കാത്ത കോസ്മെറ്റിക് ഉത്പന്നങ്ങളെ കുറിച്ചും മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറില്‍ മുന്നറിയിപ്പുണ്ട്.

രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതിനും വിപണിയില്‍ ഇത്തരം വസ്തുക്കളുടെ വ്യാപനത്തെ കുറിച്ച് ജാഗ്രത പാലിക്കുന്നതിനും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. വിപണിയില്‍ നിന്ന് ഇത്തരം ഉത്പന്നങ്ങള്‍ പിന്‍വലിക്കണമെന്നുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ വ്യാപാരികളോടും വിപണന ശൃഖലയിലെ മറ്റ് സ്ഥാപനങ്ങളോടും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
ഇത്തരം വസ്തുക്കള്‍ ഉപയോഗിച്ചു പൊതുജനങ്ങള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെങ്കില്‍ മന്ത്രാലയത്തെ അറിയിക്കണം. ആരോഗ്യ മന്ത്രാലയവും മറ്റ് അനുബന്ധ ആരോഗ്യ സംരക്ഷണ അതോറിറ്റികളും അടിയന്തിര നടപടികള്‍ കൈക്കൊള്ളും. ഇത്തരം വസ്തുക്കളുടെ വിപണനം ശ്രദ്ധയില്‍ പെടുകയാണെങ്കില്‍ ജനങ്ങള്‍ അധികൃതരെ അറിയിക്കണമെന്നും സുപ്രീം നാഷണല്‍ ഫര്‍മാകോ വിജിലന്‍സ് കമ്മറ്റി ചെയര്‍മാനും പബ്ലിക് ഹെല്‍ത് പോളിസി ആന്‍ഡ് ലൈസന്‍സിംഗ് അസി. അണ്ടര്‍ സെക്രട്ടറിയുമായ ഡോ. അമീന്‍ ഹുസൈന്‍ അല്‍ അമീരി പറഞ്ഞു.

വസ്തുക്കള്‍ ഉപയോഗിച്ചതു മൂലമുണ്ടാകുന്ന പാര്‍ശ്വ ഫലങ്ങളുടെ ചികിത്സക്കോ മറ്റ് ആവശ്യങ്ങള്‍ക്കോ www.cpdpha ma.ae എന്ന വെബ് വിലാസത്തിലോ 02-3201448 എന്ന നമ്പറിലോ [email protected] എന്ന ഇമെയില്‍ വിലാസത്തിലോ സഹായം ആവശ്യപ്പെടാമെന്ന് അധികൃതര്‍ അറിയിച്ചു.