എംജി വിസിയെ ഹൈക്കോടതി അയോഗ്യനാക്കി

Posted on: February 19, 2018 3:25 pm | Last updated: February 20, 2018 at 9:03 am

കൊച്ചി: മഹാത്മാ ഗാന്ധി വൈസ് ചാന്‍സിലര്‍ നിയമനം ഹൈക്കോടതി റദ്ദാക്കി. ഡോ. ബാബു സെബാസ്റ്റിയന്റെ നിയമനമാണ് റദ്ദാക്കിയത്. മതിയായ യോഗ്യത ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നടപടി.

യുജിസി മാര്‍ഗനിര്‍ദേശ പ്രകാരം സര്‍വകലാശാല സംവിധാനത്തിലോ ഗവേഷണ സൗകര്യമുള്ള സ്ഥാപനങ്ങളിലോ പ്രൊഫസറായോ തുല്യ തസ്തികയിലോ കുറഞ്ഞത് പത്ത് വര്‍ഷത്തെ അധ്യാപന പരിചയമുള്ളവരെ ആയിരിക്കണം വിസിയായി നിയമിക്കേണ്ടതെന്നാണ് വ്യവസ്ഥ. ഇത് അട്ടിമറിച്ചാണ് ബാബു സെബാസ്റ്റിയനെ വിസിയായി നിയമിച്ചതെന്നുംതിരഞ്ഞെടുപ്പ് സമിതി രൂപവത്കരിച്ചതിലും സമിതിയുടെ നടപടിക്രമങ്ങളിലും അപാകതയുണ്ടെന്നും കോടതി നിരീക്ഷിച്ചു. സെനറ്റിലും സിന്‍ഡിക്കേറ്റിലും അംഗമായ എംഎല്‍എ തിരഞ്ഞെടുപ്പ് സമിതിയിലുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

കേരള കോണ്‍ഗ്രസ് എമ്മിന്റെ നോമിനിയായിട്ടാണ് ബാബു സെബാസ്റ്റ്യന്‍ വൈസ് ചാന്‍സലറായത്. ബാബു സെബാസ്റ്റ്യന് 16 വര്‍ഷത്തെ അദ്ധ്യാപന പരിചയവും പത്ത് വര്‍ഷത്തെ ഭരണ നിര്‍വഹണ പരിചയവും ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തെ വി.സിയായി സെര്‍ച്ച് കമ്മിറ്റി നിശ്ചയിച്ചത്. വിസിക്ക് മതിയായ യോഗ്യതയില്ലെന്നും അതിനാല്‍ അയോഗ്യനാക്കണമെന്നും ആവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകനായ ചാലക്കുടി സ്വദേശി ടി ആര്‍ പ്രേംകുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.