National
യുവാവിനെ ക്രൂരമായി മര്‍ദിച്ച സംഭവം; കോണ്‍ഗ്രസ് എംഎല്‍എയുടെ മകന്‍ കീഴടങ്ങി

ബെംഗളൂരു: ആഡംബര ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ യുവാവിനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് എം എല്‍ എ. എന്‍ എ ഹാരിസിന്റെ മകനും യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ മുഹമ്മദ് നാലാപ്പാട് പോലീസില്‍ കീഴടങ്ങി. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ബെംഗളൂരുവിലെ ഡോളാര്‍സ് കോളനിയില്‍ താമസിക്കുന്ന വിദ്വത് എന്ന യുവാവാണ് മര്‍ദനത്തിനിരയായത്.
ബെംഗളൂരു യുബി സിറ്റിയിലെ ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് വിദ്വതിന് മര്‍ദനമേറ്റത്. രാത്രി 11.30 മണിയോടെയായിരുന്നു സംഭവം. കാലിന് പ്ലാസ്റ്ററിട്ടിരുന്ന വിദ്വതിനോട് നേരെ ഇരിക്കണമെന്ന് മുഹമ്മദും സുഹൃത്തുക്കളും ആവശ്യപ്പെട്ടു. എന്നാല്‍ പ്ലാസ്റ്റര്‍ ഇട്ടിരുന്നതിനാല്‍ വിദ്വതിന് അത് സാധിച്ചില്ല. ഈ തര്‍ക്കമാണ് കൈയാങ്കളിയില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ് ചികിത്സ തേടിയെത്തിയ വിദ്വതിനെ ആശുപത്രിയില്‍ പിന്തുടര്‍ന്നെത്തിയും സംഘം മര്‍ദിച്ചു. ഇത് തടയാന്‍ ശ്രമിച്ച വിദ്വതിന്റെ സഹോദരനും മര്‍ദനമേറ്റു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ബാലകൃഷ്ണ, അരുണ്‍ബാബു, മഞ്ജുനാഥ്, അഭിഷേക്, ശാഫി അഹ്മദ് എന്നിവരാണ് അറസ്റ്റിലായത്.
സംഭവവുമായി ബന്ധപ്പെട്ട് മുഹമ്മദിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്വതിനെ എന്‍ എ ഹാരിസ് എം എല്‍ എ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍, കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദം ചെലുത്താനാണ് എം എല്‍ എ ആശുപത്രിയില്‍ എത്തിയതെന്ന് പ്രതിപക്ഷ പാര്‍ട്ടികളായ ബി ജെ പിയും ജെ ഡി എസും ആരോപിച്ചു.