Connect with us

Articles

മല്യമാരുടെ കിട്ടാക്കടങ്ങളും മോദിമാരുടെ തട്ടിച്ചെടുക്കലും

Published

|

Last Updated

“”ഭരണാധികാരിയുടെ ന്യായം സാധാരണക്കാര്‍ക്കുള്ളതാണ്. തങ്ങളുടെ ബന്ധുക്കളെയും കഴിവുള്ളവരെയും ശിക്ഷിക്കാനുള്ളതല്ല””

ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തില്‍ അധികാരത്തിലിരുന്ന യു പി എ സര്‍ക്കാര്‍, രാജ്യത്തെ പൗരന്‍മാര്‍ക്കെല്ലാം അധാര്‍ എന്ന തിരിച്ചറിയല്‍ നമ്പര്‍ നല്‍കാന്‍ നടപടി തുടങ്ങിയത് സബ്‌സിഡിയുള്‍പ്പെടെ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ പരിമിതപ്പെടുത്തുകയും അര്‍ഹര്‍ക്ക് അത് ലഭിക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തിലായിരുന്നു. ആനുകൂല്യങ്ങള്‍ അര്‍ഹരായവരുടെ ബേങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറുന്നതിനായി ബേങ്ക് അക്കൗണ്ടുകളെ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കാനും നടപടി തുടങ്ങി. അന്ന് ആധാറിനെ വിട്ടുവീഴ്ച കൂടാതെ എതിര്‍ത്ത ബി ജെ പി, കേന്ദ്രത്തില്‍ അധികാരത്തിലെത്തുകയും പ്രധാനമന്ത്രി സ്ഥാനവും അധികാരമൊന്നാകെയും നരേന്ദ്ര മോദിയില്‍ നിക്ഷിപ്തമാകുകയും ചെയ്തതോടെ ആധാര്‍ നടപ്പാക്കുക എന്നതില്‍ വീട്ടുവീഴ്ച വേണ്ടെന്നാണ് തീരുമാനിച്ചത്. പണമിടപാടുകള്‍ നിരീക്ഷിക്കുന്നതിനും ആദായത്തിന് നിയമം നിഷ്‌കര്‍ഷിക്കുന്ന നികുതി പൗരന്‍മാര്‍ ഒടുക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനും കൊണ്ടുവന്ന പാന്‍ നമ്പര്‍ മുതലിങ്ങോട്ട് ഭൂമിയുടെ ആധാരം വരെ സകലതും ആധാറുമായി ബന്ധിപ്പിക്കുക എന്നാണ് മോദി സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതിലൂടെ പൗരന്‍മാരുടെ സാമ്പത്തിക ഇടപാടുകള്‍ മാത്രമല്ല, സ്വകാര്യ ഇടപാടുകള്‍ വരെ നിരീക്ഷിക്കാന്‍ ഭരണകൂടത്തിന് സാധിക്കുന്ന അവസ്ഥ സൃഷ്ടിക്കുകയും. ഈ സമാഹൃത വിവരങ്ങള്‍ ചോരുന്നതോ ബോധപൂര്‍വം ചോര്‍ത്തുന്നതോ ആരുടെ താത്പര്യങ്ങളാണ് സംരക്ഷിക്കുക എന്നതിലും അതിലൂടെ പൗരന്മാരുടെ മൗലിക അവകാശമായ സ്വകാര്യത ലംഘിക്കപ്പെടില്ലേ എന്നതിലും തര്‍ക്കങ്ങള്‍ തുടരുകയാണ്.
എന്തായാലും സാധാരണക്കാരായ ആളുകളുടെ ജീവിതത്തെ, അവരുടെ സാമ്പത്തിക ഇടപാടുകളെയൊക്കെ നിരീക്ഷിക്കാനും വേണ്ടി വന്നാല്‍ ശിക്ഷിക്കാനും പാകത്തിലുള്ള വജ്രായുധമായി ആധാര്‍ ഇതിനകം രൂപപ്പെട്ടിട്ടുണ്ട്. ഒരാളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തുന്ന പണമെത്ര, അത് ഏതൊക്കെ വഴികളിലേക്ക് പോകുന്നു, ഇത്രയും പണത്തിന്റെ സ്രോതസ്സ് ഏതാണ് എന്നതൊക്കെ വേഗത്തില്‍ മനസ്സിലാക്കാം. അഞ്ച് ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ള ഒരു ശമ്പളക്കാരന്‍, നിയമം അനുശാസിക്കും വിധത്തില്‍ നികുതി ഒടുക്കാതെ, ആദായം മുഴുവന്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക് വിനിയോഗിച്ചാല്‍ ഇപ്പോഴത്തെ അവസ്ഥയില്‍ കണ്ടെത്താന്‍ പ്രയാസമുണ്ടാകില്ലെന്ന് ചുരുക്കം. എന്നാല്‍ ഇതൊന്നും രാജ്യത്തെ ധനാഢ്യന്‍മാര്‍ക്ക് ബാധകമല്ലെന്നാണ് പഞ്ചാബ് നാഷനല്‍ ബേങ്കില്‍ നിന്ന് 11,400 കോടി രൂപ തട്ടിയെടുത്ത നീരവ് മോദി, അമ്മാവനായ മെഹുല്‍ ചോക്‌സി ഷെട്ടി പ്രഭൃതികള്‍ പഠിപ്പിക്കുന്നത്.

വിദേശത്തു നിന്ന് രത്‌നങ്ങളും വജ്രവും ഇറക്കുന്നതിന്, പഞ്ചാബ് നാഷനല്‍ ബേങ്കിന്റെ ഈടുപത്രം (ലെറ്റര്‍ ഓഫ് അണ്ടര്‍ടേക്കിംഗ്) ഉപയോഗപ്പെടുത്തിയാണ് ഇത്രയും തുക നീരവും മാതുലനും സ്വന്തമാക്കുന്നത്. 2011ല്‍ ആരംഭിച്ച തട്ടിപ്പ് പുറത്തുവന്നത് കഴിഞ്ഞ മാസം മാത്രം. ഏറ്റവുമധികം തട്ടിപ്പ് നടന്നത് 2017 – 18 സാമ്പത്തിക വര്‍ഷത്തിലാണ്. അതായത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ യു പി എ അധികാരത്തിലിരിക്കെ ആരംഭിച്ച തട്ടിപ്പ് നരേന്ദ്ര മോദി അധികാരത്തിലിരിക്കെ കൂടുതര്‍ ഊര്‍ജിതമായെന്ന് ചുരുക്കം.

യു പി എ സര്‍ക്കാര്‍ അധികാരത്തിലിരിക്കെ തരപ്പെടുത്തിയ ഈടുപത്രങ്ങളില്‍ പലതും 2017 – 18ല്‍ പുതുക്കിയെടുത്ത് ഉപയോഗിക്കാനും നീരവിനും മാതുലനും സാധിച്ചു. ഈടുപത്രങ്ങളുടെ കാലാവധി 90 ദിവസമായി റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യ നിജപ്പെടുത്തിയിട്ടുണ്ടെങ്കിലും 360 ദിവസം വരെ കാലാവധിയുള്ള ഈടുപത്രങ്ങള്‍ പഞ്ചാബ് നാഷനല്‍ ബേങ്ക് നല്‍കുകയും സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യ, യൂണിയന്‍ ബേങ്ക്, ബേങ്ക് ഓഫ് ബറോഡ തുടങ്ങിയവ ഇത് അംഗീകരിച്ച് നീരവിനും സംഘത്തിനും പണം കൈമാറുകയും ചെയ്തു. പല വര്‍ഷങ്ങളിലായി ഇത്രയധികം തുക തട്ടിയെടുക്കാന്‍ നീരവിനും സംഘത്തിനും സാധിക്കുമ്പോള്‍ ആധാര്‍, പാന്‍, ടിന്‍ (ടാക്‌സ്‌പേയര്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍) തുടങ്ങിയ സംവിധാനങ്ങളൊന്നും ഫലം കണ്ടില്ല. ഇത്തരം നമ്പറുകളാലൊക്കെ ബന്ധിതമായിരുന്നില്ലേ നീരവിന്റെയും മാതുലന്റെയും ഇടപാടുകള്‍. ഇന്ത്യയില്‍ വ്യവസായം നടത്തുന്നവര്‍ക്കൊക്കെ ടിന്‍ നിര്‍ബന്ധമാണ്. അവര്‍ നടത്തുന്ന വ്യവസായിക ഇടപാടുകള്‍ക്കൊക്കെ അത് രേഖപ്പെടുത്തുകയും വേണം. എന്നിട്ടും പഞ്ചാബ് നാഷനല്‍ ബേങ്കില്‍ നിന്നുള്ള വ്യാജ ഈടുപത്രങ്ങള്‍ ഉപയോഗപ്പെടുത്തി 11,400 കോടി രൂപ തട്ടിച്ചെടുക്കും വരെ വിവരങ്ങള്‍ ആരുമറിഞ്ഞില്ല.
“”ഭരണാധികാരിയുടെ ന്യായം സാധാരണക്കാര്‍ക്കുള്ളതാണ്. തങ്ങളുടെ ബന്ധുക്കളെയും കഴിവുള്ളവരെയും ശിക്ഷിക്കാനുള്ളതല്ല””

സാധാരണക്കാരനായ ഒരാള്‍ വായ്പക്ക് വേണ്ടി ബേങ്കുകളെ സമീപിച്ചാല്‍ നല്‍കേണ്ടി വരുന്ന രേഖകള്‍ പലതാണ്. വിധേയരാകേണ്ടി വരുന്ന പരിശോധനകളും കുറവല്ല. വായ്പ ലഭിക്കാന്‍ യോഗ്യനാണോ നല്‍കിയാല്‍ തന്നെ തിരിച്ചടവിനുള്ള ശേഷിയുണ്ടോ എന്നറിയാന്‍ പലവിധ പരിശോധനകള്‍. ഇതിനൊപ്പം ആധാറും പാനും മറ്റ് തിരിച്ചറിയല്‍ രേഖകളുമൊക്കെ നല്‍കണം. ഇതിനകമെടുത്ത വായ്പയുടെ തിരിച്ചടവില്‍ ഒരിയ്ക്കല്‍ വീഴ്ച വരുത്തിയിട്ടുണ്ടെങ്കില്‍ അത് കണ്ടെത്താന്‍ സംവിധാനമുണ്ട് (വിവിധ ബേങ്കുകളില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥരൊക്കെ ചേര്‍ന്ന് നടത്തുന്ന സിബില്‍ എന്ന പേരില്‍ അറിയപ്പെടുന്ന സംവിധാനം). അവ്വിധം വീഴ്ചവരുത്തിയിട്ടുണ്ടെന്ന് കണ്ടാല്‍ പുതിയ വായ്പ നിഷേധിക്കപ്പെടുമെന്ന് ഉറപ്പ്. ഇവ്വിധം പരിശോധനകളൊന്നും നീരവ് മോദിയെപ്പോലുള്ളവരുടെ കാര്യത്തിലില്ലെന്ന് വേണം മനസ്സിലാക്കാന്‍. പഞ്ചാബ് നാഷനല്‍ ബേങ്കിന്റെ ഔദ്യോഗിക രേഖകളില്‍ രേഖപ്പെടുത്താതെ വായ്പകള്‍ അനുവദിക്കപ്പെട്ട സാഹചര്യത്തില്‍ ഇത്തരം പരിശോധനകള്‍ ഫലം കാണാനുള്ള സാധ്യത കുറവ്. എങ്കിലും ഇത്രയും വിപുലമായ, പലവിധ നമ്പറുകളാല്‍ തീര്‍ക്കപ്പെട്ട, സുരക്ഷാ വലകള്‍ നിഷ്പ്രയാസം ലംഘിക്കപ്പെടുകയാണെങ്കില്‍ അത് ഏതാനും ബേങ്ക് ഉദ്യോഗസ്ഥരുടെ മാത്രം ഒത്താശയില്‍ സംഭവിച്ചതാകില്ലെന്ന് ഉറപ്പ്. നീരവ് മോദിക്ക്, കണക്കില്‍ രേഖപ്പെടുത്താതെ പണം അനുവദിച്ചാല്‍, അതിന്റെ മേല്‍ നടപടിയുണ്ടാകില്ലെന്നും സംരക്ഷിക്കപ്പെടുമെന്നുമുള്ള ഉറപ്പ് ബേങ്ക് ഉദ്യോഗസ്ഥര്‍ക്കുള്ളതുകൊണ്ടാണ് ഇത്തരം നടപടികളുണ്ടാകുന്നതും തുടരുന്നതും.

വിവിധ ബേങ്കുകളില്‍ നിന്നായി 61,000 കോടി രൂപയാണ് അഞ്ച് വര്‍ഷത്തിനിടെ വിവിധ വ്യവസായികള്‍ തട്ടിക്കൊണ്ടു പോയത് എന്ന് റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യ, വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷക്ക് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്ന വിവരം ആര്‍ ബി ഐക്ക് നേരത്തെ ലഭിച്ചിട്ടുണ്ട്. എന്നിട്ടും അത് തടയാനോ പണം തിരികെ ഈടാക്കാനോ തട്ടിപ്പുകാട്ടിയവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനോ ആര്‍ ബി ഐ ഇതുവരെ നടപടിയൊന്നും സ്വീകരിച്ചില്ലെങ്കില്‍, ഭരണാധികാരിയുടെ ന്യായം ബന്ധുക്കളെയും കഴിവുള്ളവരെയും ശിക്ഷിക്കാനുള്ളതല്ലെന്ന് ആര്‍ ബി ഐയും കീഴിലുള്ള ബേങ്കുകളും മനസ്സിലാക്കിയിട്ടുണ്ടെന്നാണ് അര്‍ഥം. അങ്ങനെ മനസ്സിലാക്കിയിട്ടുണ്ടെങ്കില്‍ അതിന് മറുപടി നല്‍കേണ്ടത്, അധികാരം ഏതാണ്ട് പൂര്‍ണമായും നിക്ഷിപ്തമാക്കിയ പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ വിധേയനായ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമാണ്.
വ്യവസായ സ്ഥാപനങ്ങള്‍ ഈടുപത്രം സമ്പാദിച്ച്, വിവിധ ബേങ്കുകളുടെ വിദേശത്തെ ബ്രാഞ്ചുകളില്‍ നിന്ന് പണം സ്വീകരിക്കുന്ന സംവിധാനം സുരക്ഷിതമല്ലെന്നും തട്ടിപ്പിനുള്ള സാധ്യതയുണ്ടെന്നും 2013ല്‍ വിവിധ ബേങ്കുകള്‍ ആര്‍ ബി ഐയെ അറിയിച്ചിരുന്നു. തട്ടിപ്പ് തടയുന്നതിന് ബേങ്കുകള്‍ പുലര്‍ത്തേണ്ട ജാഗ്രതയെക്കുറിച്ച് ബോധവത്കരിക്കുകയാണ് ആര്‍ ബി ഐ ചെയ്തത്. ഇത്തരം ഇടപാടുകള്‍ കാര്യക്ഷമമായി നിരീക്ഷിക്കുന്നതിന് പ്രത്യേക സംവിധാനമെന്തെങ്കിലും ഏര്‍പ്പെടുത്താന്‍ ആലോചിച്ചതേയില്ല. വായ്പയെടുത്ത് കിട്ടാക്കടമാക്കി എഴുതിത്തള്ളിക്കുന്നവരും, ഇത്തരം തട്ടിപ്പുകള്‍ക്ക് മുതിരുന്നതും വന്‍കിടക്കാരാണെന്നും ഭരണ സംവിധാനത്തില്‍ അവര്‍ക്കൊക്കെ സ്വാധീനമുണ്ടെന്നുമുള്ള തിരിച്ചറിവ് മാത്രമേ ഈ അലംഭാവത്തിന് കാരണമായുള്ളൂ. പഞ്ചാബ് നാഷനല്‍ ബേങ്കില്‍ അരങ്ങേറുന്ന തട്ടിപ്പ് വിവരിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിന് 2016ല്‍ തന്നെ പരാതി ലഭിച്ചിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. അഴിമതി തടയാനും കള്ളപ്പണം ഇല്ലാതാക്കാനും അക്ഷീണം യത്‌നിക്കുന്നുവെന്നും അതിന്റെ പേരില്‍ ജീവന് തന്നെ ഭീഷണിയുണ്ടെന്നും വികാരവിവശനാകുന്ന പ്രധാനമന്ത്രിയോ അദ്ദേഹത്തിന്റെ ഓഫീസോ ഈ പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ മെനക്കെട്ടില്ല.

അങ്ങനെയെന്തെങ്കിലുമുണ്ടായെങ്കില്‍ പഴയ ഈടുപത്രം പുതുക്കിയും പുതിയ ഈടുപത്രങ്ങള്‍ സമ്പാദിച്ചും 2017 – 18ല്‍ നീരവ് മോദി വീണ്ടും തട്ടിപ്പ് നടത്തില്ലായിരുന്നു.
2016 ഡിസംബര്‍ അവസാനത്തെ കണക്കനുസരിച്ച് രാജ്യത്തെ ബേങ്കുകളിലെ ആകെ കിട്ടാക്കടം 6,14,872 കോടിയായിരുന്നു. രണ്ട് വര്‍ഷം കൊണ്ട് ഉണ്ടായ വര്‍ധന 2,61,843 കോടി. വളര്‍ച്ച 135 ശതമാനം. കിട്ടാക്കടം ഇപ്പോള്‍ എട്ട് ലക്ഷത്തിലധികം കോടിയായെന്നാണ് കണക്ക്. ഇതിനകം വിവിധ ബേങ്കുകള്‍ എഴുതിത്തള്ളിയത് ഈ കണക്കില്‍ ഉള്‍പ്പെടുമോ എന്ന് വ്യക്തതയില്ല. ഇതിന് പുറമെയാണ് 61,000 കോടിയുടെ തട്ടിപ്പും പഞ്ചാബ് നാഷനല്‍ ബേങ്കിലെ 11,400 കോടിയുടെ തട്ടിപ്പും (ഇത് ഇനിയും കൂടുമെന്നും 30,000 കോടി രൂപവരെയാകാമെന്നുമാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്). കിട്ടാക്കടവും തട്ടിപ്പുമായി ബേങ്കുകള്‍ക്ക് നഷ്ടം പത്ത് ലക്ഷം കോടിയോളം വരുമെന്ന് ചുരുക്കം. ഈ അവസ്ഥയില്‍ നില്‍ക്കുന്ന ബേങ്കുകളുടെ മൂലധനം വര്‍ധിപ്പിക്കാനായി 2.1 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. അതില്‍ 80,000 കോടി രൂപ അടുത്ത സാമ്പത്തിക വര്‍ഷം (2018 – 19) നല്‍കുമെന്ന് ബജറ്റില്‍ പറയുകയും ചെയ്തു. പത്ത് ലക്ഷം കോടിയോളം തുലച്ചിട്ട്, 80,000 കോടി രൂപ ബേങ്കുകള്‍ക്ക് നല്‍കുന്ന സാമ്പത്തിക വിദഗ്ധനായ ധനമന്ത്രിയും അതിന് അനുവാദം നല്‍കുന്ന പ്രധാനമന്ത്രിയും ആരുടെ താത്പര്യങ്ങളാണ് സംരക്ഷിക്കുന്നത്? വിജയ് മല്യ മുതല്‍ നീരവ് മോദി വരെയുള്ള തട്ടിപ്പുകാരുടേതല്ലാതെ!

വിളയ്ക്ക് വിലയില്ലാതിരിക്കുകയും കടബാധ്യതമൂലം ആത്മഹത്യകള്‍ പെരുകുകയും ചെയ്തപ്പോള്‍ സമരത്തിനിറങ്ങിയ കര്‍ഷകരെ ആശ്വസിപ്പിക്കാന്‍ വിവിധ സംസ്ഥാനങ്ങള്‍, ബി ജെ പി ഭരിക്കുന്ന മധ്യപ്രദേശ്, ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര എന്നിവയടക്കം, കടങ്ങള്‍ എഴുതിത്തള്ളുന്ന പദ്ധതി പ്രഖ്യാപിച്ചിരുന്നു. പദ്ധതിയനുസരിച്ച് തള്ളപ്പെട്ട കടങ്ങളുടെ കൗതുകമുള്ള കണക്ക് ഉത്തര്‍ പ്രദേശില്‍ നിന്നും മധ്യപ്രദേശില്‍ നിന്നുമൊക്കെ വന്നിരുന്നു. 19 രൂപയുടെയും ഒരു രൂപ അമ്പത് പൈസയുടെയുമൊക്കെ കടം എഴുതിത്തള്ളി കര്‍ഷകരുടെ അഭിമാനത്തെ ചോദ്യംചെയ്ത കണക്കുകള്‍. അങ്ങനെ എഴുതിത്തള്ളിയതിന്റെ ബാധ്യതയുടെ ഒരംശം പോലും കേന്ദ്ര സര്‍ക്കാര്‍ വഹിക്കില്ലെന്നും മുഴുവന്‍ സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തമാണെന്നുമാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പ്രഖ്യാപിച്ചത്. കിട്ടാക്കടത്തിലൂടെയും തട്ടിപ്പിലൂടെയും നഷ്ടപ്പെടുന്ന ലക്ഷക്കണക്കിന് കോടികളുടെ വിവരം അറിയാതെയാണോ കര്‍ഷകരുടെ കടം എഴുതിത്തള്ളുന്നതിന്റെ ബാധ്യത ഏറ്റെടുക്കാനാകില്ലെന്ന് ധനമന്ത്രി പറഞ്ഞത്?

ഈ കര്‍ഷകര്‍ കൂടി നിക്ഷേപമായി നല്‍കിയ പണമാണ് നീരവ് മോദിമാര്‍ തട്ടിച്ചെടുക്കുന്നതും, വിജയ് മല്യമാര്‍ കിട്ടാക്കടമാക്കുന്നതും. ഈ കര്‍ഷകര്‍ കൂടി നല്‍കുന്ന നികുതി വിഹിതത്തില്‍ നിന്നാണ് ബേങ്കുകള്‍ക്ക് കൂടുതല്‍ മൂലധനം നല്‍കാനായി അരുണ്‍ ജെയ്റ്റ്‌ലി പണം നീക്കിവെയ്ക്കുന്നത്.
“”ഭരണാധികാരിയുടെ ന്യായം സാധാരണക്കാര്‍ക്കുള്ളതാണ്. തങ്ങളുടെ ബന്ധുക്കളെയും കഴിവുള്ളവരെയും ശിക്ഷിക്കാനുള്ളതല്ല””. ആകയാല്‍ സാധാരണക്കാരന്‍ ഭരണകൂടത്തിന്റെ വിഹിതവും അവിഹിതവുമായ നിയമങ്ങളെ അനുസരിച്ച് ജീവിക്കട്ടെ, മോദിമാരെയും മല്യമാരെയും ശിക്ഷിക്കാനുള്ളതല്ല ഭരണാധികാരിയുടെ ന്യായങ്ങളെന്ന് മനസ്സിലാക്കട്ടെ. (ഈ കഥയില്‍ കോണ്‍ഗ്രസിനും അവര്‍ നടപ്പാക്കിയ നയങ്ങള്‍ക്കുമുള്ള ഉത്തരവാദിത്തം മറക്കുന്നില്ല)

 

 

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

---- facebook comment plugin here -----

Latest