Connect with us

National

രജനീകാന്തും കമല്‍ഹാസനും കൂടിക്കാഴ്ച നടത്തി

Published

|

Last Updated

ചെന്നൈ: രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ച തമിഴ് നടന്‍മാരായ രജനീകാന്തും കമല്‍ഹാസനും കൂടിക്കാഴ്ച നടത്തി. ചെന്നൈ പോയസ് ഗാര്‍ഡനിലെ രജനിയുടെ വീട്ടിലായിരുന്നു അപ്രതീക്ഷിത കൂടിക്കാഴ്ച. രജനിയുമായി സഖ്യം വേണമെങ്കില്‍ അദ്ദേഹം കാവി ബന്ധം പൂര്‍ണമായി ഉപേക്ഷിക്കേണ്ടി വരുമെന്ന് നേരത്തേ കമല്‍ഹാസന്‍ വ്യക്തമാക്കിയിരുന്നു. 20 മിനുട്ട് മാത്രമാണ് കൂടിക്കാഴ്ച നീണ്ടു നിന്നത്. രാഷ്ട്രീയ യോജിപ്പല്ല കൂടിക്കാഴ്ചയുടെ ലക്ഷ്യമെന്ന് രജനീകാന്ത് പറഞ്ഞു. സൗഹൃദ സംഭാഷണം മാത്രമാണ് നടന്നതെന്നും രാഷ്ട്രീയം പറഞ്ഞില്ലെന്നും പാര്‍ട്ടി പ്രഖ്യാപനം നടക്കുന്ന ചടങ്ങ് അറിയിക്കാനാണ് എത്തിയതെന്നും കമല്‍ഹാസന്‍ പറഞ്ഞു. ചടങ്ങിലേക്ക് രജനീകാന്തിനെ ക്ഷണിച്ചിട്ടുണ്ട്. വരണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അദ്ദേഹമാണ്. കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി ഇരു കുടംബങ്ങളിലും എന്ത് വിശേഷമുണ്ടായാലും പരസ്പരം പങ്കെടുക്കാറുണ്ടെന്നും നടന്‍ പറഞ്ഞു. ഈ മാസം 21ന് മധുരയില്‍ നടക്കുന്ന ചടങ്ങില്‍ തന്റെ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിക്കുന്ന കമല്‍ഹാസന്‍ പാര്‍ട്ടി നയങ്ങളും വിശദീകരിക്കും.

തമിഴക രാഷ്ട്രീയത്തിലേക്ക് വീണ്ടും സിനിമാ താരങ്ങളുടെ നേതൃത്വം തിരികെയെത്തുമ്പോള്‍ താരങ്ങള്‍ ഒന്നിക്കുമോ എന്നാണ് ഉറ്റുനോക്കുന്നത്. ആദ്യം കമലഹാസന്‍രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചപ്പോള്‍ അതിനെ കളിയാക്കിയ രജനീകാന്ത് ദിവസങ്ങള്‍ക്കകമാണ് താനും രാഷ്ട്രീയത്തിലിറങ്ങുന്നുവെന്നും ജനങ്ങളുമായി സംവദിക്കാന്‍ മൊബൈല്‍ ആപ് പുറത്തിറക്കുന്നുവെന്നും അറിയിച്ചത്. ഇന്നലത്തെ കൂടിക്കാഴ്ചയെ മുന്‍ നിര്‍ത്തി നിരവധി അഭ്യൂഹങ്ങള്‍ നടക്കുന്നുണ്ട്.

Latest