ചെന്നൈയില്‍ സമനില; ബ്ലാസ്റ്റേഴ്‌സിന് പ്രതീക്ഷ

Posted on: February 18, 2018 11:33 pm | Last updated: February 18, 2018 at 11:33 pm
SHARE
ുസമനില ഗോള്‍ നേടിയ റാഫിയെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു

ചെന്നൈ: കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ വിധി നിര്‍ണയിക്കുന്ന മത്സരങ്ങളിലൊന്നില്‍ ചെന്നൈയിന്‍ എഫ് സിയും ജംഷഡ്പുര്‍ എഫ് സിയും 1-1ന് സമനിലയില്‍ പിരിഞ്ഞു.
ഇതോടെ, ബ്ലാസ്‌റ്റേഴ്‌സിനൊപ്പം 16 മത്സരങ്ങള്‍ ചെന്നൈയിന്‍ എഫ് സിയും ജംഷഡ്പൂരും പൂര്‍ത്തിയാക്കി. ഇത്രയും മത്സരങ്ങളില്‍ 28 പോയിന്റോടെ ചെന്നൈ മൂന്നാം സ്ഥാനത്ത്, 26 പോയിന്റോടെ ജംഷഡ്പുര്‍ നാലാം സ്ഥാനത്ത്, 24 പോയിന്റോടെ കേരള ബ്ലാസ്‌റ്റേഴ്‌സ് അഞ്ചാം സ്ഥാനത്ത്.
ഇതോടെ, മൂന്ന് ടീമുകള്‍ക്കും ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ നിര്‍ണായകമായി.

ചെന്നൈയില്‍ നടന്ന മത്സരത്തില്‍ മുപ്പത്തിരണ്ടാം മിനുട്ടില്‍ വെല്ലിംഗ്ടണ്‍ പ്രയോറി ജംഷഡ്പുരിനെ മുന്നിലെത്തിച്ചു. ചെന്നൈയുടെ ഗോള്‍ പിറന്നത് എണ്‍പത്തൊമ്പതാം മിനുട്ടില്‍. മുഹമ്മദ് റാഫിയാണ് വിജയഗോള്‍ നേടിയത്.
ആദ്യ പകുതിയില്‍ നേടിയ ഗോളില്‍ വിജയം ഉറപ്പിക്കാന്‍ ജംഷഡ്പുര്‍ രണ്ടാം പകുതിയില്‍ പ്രതിരോധത്തിലേക്കിറങ്ങി. കോച്ച് സ്റ്റീവ് കോപ്പലിന്റെ ഡിഫന്‍സീവ് തന്ത്രത്തെ മറികടക്കാന്‍ ചെന്നൈയിന്‍ കിണഞ്ഞു ശ്രമിച്ചു. ഒരു മിനുട്ട് ശേഷിക്കെ മുഹമ്മദ് റാഫിയുടെ ഗോള്‍ ജംഷഡ്പുരിനെ നിരാശയിലാഴ്ത്തി. ജയിച്ചിരുന്നെങ്കില്‍ 28 പോയിന്റുമായി ജംഷഡ്പുരിന് മൂന്നാം സ്ഥാനത്തേക്ക് കയറാമായിരുന്നു.
ഏഴ് മത്സരത്തിനിടെ ആറാം ജയം ലക്ഷ്യമിട്ടാണ് കോപ്പലും സംഘവും ചെന്നൈയില്‍ കളിക്കാനിറങ്ങിയത്. ലീഗിലെ ഏറ്റവും മികച്ച ഡിഫന്‍സുള്ള ടീമാണ് ജംഷഡ്പുര്‍. ടൂര്‍ണമെന്റില്‍ ഇതുവരെ പന്ത്രണ്ട് ഗോളുകള്‍ മാത്രമാണ് കോപ്പലാശാന്റെ ടീം വഴങ്ങിയത്.

അതുകൊണ്ടു തന്നെ രണ്ടാം പകുതിയില്‍ ചെന്നൈയുടെ നീക്കങ്ങളെല്ലാം മധ്യനിരയില്‍ തകര്‍ന്നു. ഇത് മറികടക്കാന്‍ ലോംഗ് റേഞ്ചറുകളാണ് ചെന്നൈയിന്‍ എഫ് സി പയറ്റിയത്.
അവസാന ഘട്ടത്തില്‍ രണ്ട് സബ്സ്റ്റിറ്റിയൂഷന്‍ നടത്തിയത് ആതിഥേയര്‍ക്ക് നിര്‍ണായകമായി. മുഹമ്മദ് റാഫിയും മെഹ്ലിചുമാണ് ഇറങ്ങിയത്. ഇത് ക്ലിക്കായി. മിഹെലിചിന്റെ കോര്‍ണര്‍ കിക്കില്‍ നിന്നാണ് റാഫിയുടെ ഹെഡര്‍ ഗോള്‍ പിറക്കുന്നത്.
അഞ്ച് മിനുട്ട് സ്റ്റോപ്പേജ് ടൈം. രണ്ട് ടീമുകളും വിജയത്തിനായി പൊരുതിക്കയറുന്ന കാഴ്ച. വിജയഗോളിന് രണ്ട് ടീമുകള്‍ക്കും തുല്യ അവസരങ്ങള്‍. പക്ഷേ, ഫിനിഷിംഗില്‍ പാളി.

 

LEAVE A REPLY

Please enter your comment!
Please enter your name here