രാഷ്ട്രീയക്കാരുടെ സമ്പാദ്യ വളര്‍ച്ച

Posted on: February 18, 2018 7:53 am | Last updated: February 17, 2018 at 11:58 pm

തിരഞ്ഞെടുപ്പില്‍ ജയിച്ച് എം എല്‍ എയോ എം പിയോ മന്ത്രിയോ ആകുന്ന പലരുടെയും വരുമാനത്തിലും സ്വത്തിലും അഭൂതപൂര്‍വമായ വര്‍ധനവാണ് പിന്നീട് കാണപ്പെടുന്നത്. കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് (സി ബി ഡി ടി) അടുത്തിടെ നടത്തിയ അന്വേഷണത്തില്‍ ഏഴ് ലോക്‌സഭാ അംഗങ്ങളുടെയും 98 എം എല്‍ എമാരുടെയും സമ്പത്തില്‍ ക്രമാതീതമായ തോതില്‍ വര്‍ധനയുണ്ടായതായി കണ്ടെത്തിയിരുന്നു. തിരഞ്ഞെടുപ്പ് സത്യവാങ്മൂല പ്രകാരം നല്‍കിയ കണക്കുകളുമായി തട്ടിച്ചു നോക്കുമ്പോള്‍ 26 ലോക്‌സഭാംഗങ്ങളും 11 രാജ്യസഭാംഗങ്ങളും 257 എം എല്‍ എമാരും വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്നാണ് സര്‍ക്കാറേതര സന്നദ്ധ സംഘടനയായ ലോക്പ്രഹരിയുടെ പഠനം ചൂണ്ടിക്കാട്ടുന്നത്.

നേരത്തേ കൈവശമുണ്ടായിരുന്ന സ്ഥാവരജംഗമ വസ്തുക്കളുടെ വിലയിലുണ്ടായ ഉയര്‍ച്ചയും തങ്ങളുടെ കച്ചവടത്തിലെ വളര്‍ച്ചയുമാണ് സ്വത്ത് വര്‍ധനവിന് കാരണമായി ചില ജനപ്രതിനിധികള്‍ പറയാറുള്ളത്. ഇത്അവിശ്വസനീയമാണ്. മറ്റാരുടെ സ്വത്തിനും ലഭ്യമാകാത്ത വിലക്കുതിപ്പും കച്ചവട വളര്‍ച്ചയും ഇവര്‍ക്ക് മാത്രമെങ്ങനെയാണ് ഉണ്ടാകുന്നത്? അഞ്ചു വര്‍ഷത്തിനകം പത്തും ഇരുപതും മടങ്ങാണ് പലരുടെയും സ്വത്ത് വര്‍ധിക്കുന്നത്. പതിനായിരങ്ങളുടെ മാത്രം സമ്പാദ്യവുമായി അധികാരത്തിലേറുന്നവര്‍ അഞ്ച് വര്‍ഷക്കാലാവധി കഴിയുന്നതോടെ കോടീശ്വരന്മാരായി മാറുന്നു. ബി ജെപി ദേശീയ അധ്യക്ഷനും ഇപ്പോള്‍ രാജ്യസഭാംഗവുമായ അമിത് ഷായുടെ ആസ്തി കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 300 ശതമാനത്തിലധികം വര്‍ധിച്ചതായി രാജ്യസഭാ തിരഞ്ഞെടുപ്പു സമയത്ത് നല്‍കിയ സത്യവാങ്മൂലത്തില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു. ചില ജനപ്രതിനിധികളുടെ ഭാര്യമാരുടെയും ആശ്രിതരുടെയും സ്വത്തിലാണ് ഭീമമായ വര്‍ധന വരുന്നത്. എന്താണിതിന്റെ രഹസ്യം? ഇതിന്റെ ഉറവിടമേതാണ്? ആര്‍ക്കും അറിയില്ല. വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടാല്‍ ശരിയായ വിവരം ലഭിക്കാറുമില്ല. സുപ്രീം കോടതിയുടെ നിര്‍ദേശമനുസരിച്ച് ആദായ നികുതി വകുപ്പിന് ഇവര്‍ നല്‍കിയ സത്യവാങ്മൂലം തൃപ്തികരമായിരുന്നില്ലെന്ന് കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ഈ രാഷ്ട്രീയ സാഹചര്യത്തിലാണ് സ്ഥാനാര്‍ഥികളുടെ വരുമാനം വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച സുപ്രീം േേകാടതിയില്‍ നിന്നുണ്ടായ വിധിപ്രസ്താവം പ്രസക്തമാകുന്നത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രികയോടൊപ്പം അവരുടെ സ്വത്തു സംബന്ധിച്ച വിവരങ്ങള്‍ക്ക് പുറമേ ഭാര്യമാരുടെയും ആശ്രിതരുടെയും സ്വത്തു വിവരങ്ങളും വരുമാനത്തിന്റെ ഉറവിടങ്ങളും വെളിപ്പെടുത്തണമെന്നാണ് കോടതി ഉത്തരവ്. അധികാരത്തിലെത്തുന്ന ജനപ്രതിനിധികളുടെ സ്വത്തുക്കളില്‍ അപ്രതീക്ഷിതമായി വര്‍ധനവ് കണ്ടെത്തുന്ന സാഹചര്യത്തില്‍ അതേക്കുറിച്ചും വരുമാന മാര്‍ഗങ്ങളെക്കുറിച്ചും അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് ചെലമേശ്വര്‍ അധ്യക്ഷനായ ബഞ്ച് നിരീക്ഷിച്ചു. സ്ഥാനാര്‍ഥിയെക്കുറിച്ച് വോട്ടര്‍ അറിയേണ്ട വിവരങ്ങള്‍ക്ക് പരിധി നിശ്ചയിക്കാനാകില്ല. ഏത് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യണമെന്ന് വോട്ടര്‍ക്ക് വ്യക്തമായി തീരുമാനമെടുക്കണമെങ്കില്‍ സമഗ്ര വിവരം തന്നെ വേണമെന്നും കോടതി അഭിപ്രായപ്പെടുന്നു. ജനാധിപത്യത്തിന്റെ അന്തസ്സത്ത കാത്തുസൂക്ഷിക്കുന്നതിനും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതക്കും വിശുദ്ധിക്കും ഇതാവശ്യമാണ്.

അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കയാണ് രാജ്യത്തെ ഭരണ, രാഷ്ട്രീയ, സാമൂഹിക മേഖലകളഖിലവും. ഇതിന് അറുതി വരുത്തുമെന്ന പ്രഖ്യാപനത്തോടെയാണ് മാറിമാറി വരുന്ന സര്‍ക്കാറുകളെല്ലാം അധികാരത്തില്‍ വരുന്നതെങ്കിലും ഭരണ സിരാകേന്ദ്രങ്ങളില്‍ പോലും അഴിമതി വ്യാപിച്ചിരിക്കെ അതൊരു വീണ്‍വാക്കായി മാറുകയാണ്. പാര്‍ലിമെന്റ്, നിയമസഭാ സാമാജികരുടെയും ആശ്രിതരുടെയും വരുമാനം ഉറവിടത്തോട് പൊരുത്തപ്പെടാത്ത വിധം വര്‍ധിക്കുന്നത് സ്വത്തുസമ്പാദനത്തിന് ഭരണഘടനാ പരമായ പദവി ദുരുപയോഗം ചെയ്യുന്നുവെന്നതിന്റെ തെളിവാണ്. ചില വമ്പന്‍ കോര്‍പറേറ്റുകള്‍ക്കെതിരെ കള്ളപ്പണ ആരോപണം ഉയര്‍ന്നിട്ടും അവരാരും ഒരിക്കലും നിയമനടപടി നേരിടേണ്ടി വരാത്തതും ബേങ്കുകളില്‍ നിന്ന് സഹസ്രകോടികള്‍ വായ്പയെടുത്ത് തിരിച്ചടക്കാതെ വിദേശത്തേക്ക് കടക്കാന്‍ വമ്പന്മാര്‍ക്ക് സാധിക്കുന്നതും അധികാര കേന്ദ്രങ്ങളും സാമ്പത്തിക തട്ടിപ്പുകാരും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ പിന്‍ബലം കൊണ്ടാണ്. ഇതൊന്നുമില്ലാതെ എങ്ങനെയാണ് ജനപ്രതിനിധികള്‍ സ്വര്‍ണനൂല്‍ കൊണ്ട് സ്വന്തം പേരെഴുതിയ വസ്ത്രം ധരിച്ചു വിലസുന്നതും ദിവസം നാല് തവണ വസ്ത്രം മാറുന്നതുമെല്ലാം? സാധാരണക്കാരനായി ജനിച്ചു ആഡംബരരഹിതമായി കൊച്ചു വീടുകളില്‍ ജീവിച്ചു വളര്‍ന്ന ശേഷം അലാവുദ്ദീന്റെ അത്ഭുത വിളക്കിനെ സ്മരിപ്പിക്കുന്ന വിധം പൊടുന്നനെ വന്‍ കൊട്ടാരങ്ങള്‍ നിര്‍മിച്ചു രാജകീയ ജീവിതത്തിലേക്ക് മാറാന്‍ ഇവര്‍ക്കെങ്ങനെ സാധിക്കുന്നു? സുപ്രീം കോടതി നിര്‍ദേശിച്ചത് പോലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ ആശ്രിതരുടെയടക്കം സ്വത്തു വിവരങ്ങളും വരുമാനത്തിന്റെ ഉറവിടങ്ങളും വെളിപ്പെടുത്തണമെന്ന വ്യവസ്ഥ കര്‍ശനമാക്കിയാല്‍ ഇതൊരളവോളം നിയന്ത്രിക്കാന്‍ സാധിക്കും. ക്രമാതീതമായി വര്‍ധിച്ച സമ്പത്തിന്റെ സ്രോതസ്സെന്തെന്ന് ന്യായമായ നിലയില്‍ ബോധിപ്പിക്കാനാകുന്നില്ലെങ്കില്‍ കൂടുതല്‍ വരുന്ന സമ്പാദ്യം സര്‍ക്കാറിലേക്ക് കണ്ടുകെട്ടാനുള്ള നിയമവും കൊണ്ടുവരണം.