Connect with us

Palakkad

എം ഇ ടിയുടെ തണലില്‍ യുവതികള്‍ക്ക് സ്വപ്‌ന സാഫല്യം

Published

|

Last Updated

സില്‍വര്‍ ജൂബിലി ആഘോഷത്തോടനുബന്ധിച്ചു കൊപ്പം എംഇടി സംഘടിപ്പിച്ച സമൂഹ വിവാഹത്തിനു സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ കാര്‍മികത്വം വഹിക്കുന്നു.

കൊപ്പം: പരിശുദ്ധിയും ലാളിത്യവും മംഗല്യ പന്തലിട്ടു. എംഇടിയുടെ തണലില്‍ മൂന്നു യുവതികള്‍ക്ക് സ്വപ്‌ന സാഫല്യം. സില്‍വര്‍ ജൂബിലി സമ്മേളനത്തോടനുബന്ധിച്ചു എംഇടി സംഘടിപ്പിച്ച സമൂഹ വിവാഹം മാതൃകാപരമായി.
സാദാത്തുക്കളും പണ്ഡിതാരും ഉമറാക്കളും പൗരപ്രമുഖരും സാന്നിധ്യം കൊണ്ടു അനുഗ്രഹിച്ച പ്രൗഢമായ സദസ്സിനു സാക്ഷികളായി ഒട്ടേറെ പേര്‍ എംഇടി ക്യാമ്പസിലെത്തി.

സില്‍വര്‍ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ അതിപ്രധാനമായ 25 നിര്‍ധന യുവതികളുടെ സമൂഹവിവാഹത്തിന്റെ ആദ്യ വിവാഹമാണ് ഇന്നലെ നടന്നത്. ഈ വര്‍ഷത്തിനുള്ളില്‍ തന്നെ 22 യുവതികളുടെ വിവാഹവും പൂര്‍ത്തിയാക്കും. തരൂര്‍ അത്തിപ്പറ്റ പഴയവീട്ടില്‍ ഇസ്മായിലിന്റെ മകള്‍ ശഹീദയും തരൂര്‍ അയ്‌ലിപ്പാറ ആലിക്കുട്ടിയുടെ മകന്‍ അര്‍ശദും തമ്മിലുള്ള വിവാഹത്തിനു സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങളും തിരുവേഗപ്പുറ പൈലിപ്പുറം കുട്ടേപറമ്പില്‍ മുഹമ്മദ് മുസ്തഫയുടെ മകള്‍ ശിഫാന തസ്‌നിയും വിളത്തൂര്‍ മുറ്റേക്കാട്ടില്‍ അബ്ദുസ്സമദിന്റെ മകന്‍ അബ്ദുല്‍ജബ്ബാറും തമ്മിലുള്ള വിവാഹത്തിനു സയ്യിദ് കെ എസ് ഉണ്ണിക്കോയ തങ്ങള്‍ കുരുവമ്പലവും കാര്‍മികത്വം വഹിച്ചു.

തെക്കുമ്മല മാര്‍ക്കശ്ശേരി മുഹമ്മദിന്റെ മകള്‍ നഫീസത്തുല്‍ മിസ് രിയ്യയും കോട്ടക്കല്‍ എടരിക്കോട് പാലച്ചിറമാട് പരേതനായ മുഹമ്മദിന്റെ മകന്‍ അബ്ദുസ്സമദും തമ്മിലുള്ള നികാഹായിരുന്നു മൂന്നാമത്തേത്. സമസ്ത കേന്ദ്ര മുശാവറ അംഗം സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ് നികാഹിനും ഖുത്ബയ്ക്കും നേതൃത്വം നല്‍കി.

എസ് വൈ എസ് ജില്ലാ പ്രസിഡന്റ് മുബാറക് സഖാഫി, ജില്ലാ സെക്രട്ടറി സുലൈമാന്‍ മുസ്ലിയാര്‍ ചുണ്ടമ്പറ്റ, പിഎം കുട്ടി മുസ്ലിയാര്‍, മൊയ്തീന്‍കുട്ടി അല്‍ ഹസനി, ഉസ്മാന്‍ മിസ്ബാഹി വിളത്തൂര്‍, മുഹമ്മദ്കുട്ടി അന്‍വരി, ജലീല്‍ സഅദി, ഇബ്രാഹിം അഷറഫി ആലത്തൂര്‍, ഉമര്‍ അന്‍വരി പുറമണ്ണൂര്‍, അബു ഹാജി പൈലിപ്പുറം, സി എം അബൂബക്കര്‍ ഹാജി ഓടുപാറ, മണി ഹാജി കൊപ്പം, ഇബ്രാഹിം മുസ്ലിയാര്‍ അന്‍സാര്‍ നഗര്‍, എം സി കുഞ്ഞയമുട്ടി ഹാജി ഓടുപാറ എന്നിവര്‍ സംബന്ധിച്ചു. എംഇടി ജനറല്‍ സെക്രട്ടറി കെ ഉമര്‍ മദനി സ്വാഗതവും ബഷീര്‍ റഹ്മാനി അന്‍സാര്‍ നഗര്‍ നന്ദിയും പറഞ്ഞു.

 

 

 

 

Latest