എങ്കില്‍, ഈ ബേങ്കുകള്‍ക്ക് എന്ത് വിശ്വസ്തതയാണുള്ളത്?

തട്ടിപ്പ് നേരത്തെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നതിന് പുറമേ അറിഞ്ഞതിനുശേഷം പരാതി നല്‍കുന്നതിന് കാലതാമസം വരുത്തി പ്രതികളെ വിദേശത്തേക്ക് കടക്കാന്‍ സഹായിക്കുകയും ചെയ്തു ബേങ്ക്. ജനുവരി 16ന് തട്ടിപ്പ് കണ്ടെത്തിയ പി എന്‍ ബിയെന്തേ പരാതി നല്‍കാന്‍ ജനുവരി 29 വരെ കാത്തുനിന്നു? ആറേഴു കൊല്ലം ഇങ്ങനെ ഇടപാട് നടത്താന്‍ സഹായിച്ചതിന് ലഭിച്ച പാരിതോഷികങ്ങള്‍ അത്തരമൊരു സഹായം ചെയ്തുകൊടുക്കാന്‍ അവരെ പ്രേരിപ്പിച്ചിരിക്കുക സ്വാഭാവികമാണല്ലോ. 2011ല്‍ തുടങ്ങിയ തട്ടിപ്പ് കണ്ടെത്താന്‍ 2018 ആകേണ്ടിവന്നുവെന്ന് പറയുമ്പോള്‍ വര്‍ഷാവര്‍ഷം ഓഡിറ്റിംഗ് നടത്താറൊന്നുമില്ലേ? മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തന്നെ തട്ടിപ്പിന്റെ ഭാഗമായിട്ടുണ്ടെന്ന് വേണം സംശയിക്കാന്‍. അതല്ലെങ്കില്‍ ആയിരക്കണക്കിന് കോടിയുടെ തട്ടിപ്പ് നടത്താന്‍ ഏതെങ്കിലും ഒന്നോ രണ്ടോ പേര്‍ വിചാരിച്ചാല്‍ നടക്കുമെങ്കില്‍, പിന്നെ ഈ ബേങ്കിംഗ് വ്യവസ്ഥകള്‍ക്ക് എന്ത് വിശ്വാസ്യതയാണുള്ളത്?
Posted on: February 17, 2018 9:08 am | Last updated: February 17, 2018 at 9:09 am

രാജ്യത്ത് ഡിജിറ്റല്‍ ബേങ്കിംഗ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സ്വീകരിച്ച നോട്ട് നിരോധനം ഉള്‍പ്പെടെയുള്ള നടപടികളുടെ ഗുണഫലം ലഭിക്കാന്‍ ഏഴ് വര്‍ഷം കഴിയേണ്ടതുണ്ടെന്ന് കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ഡിജിറ്റല്‍ ബേങ്കിംഗിന്റെ ഗുണഫലം അനുഭവിക്കുന്നവര്‍ ഉണ്ടെന്നുള്ളതാണ് പി എന്‍ ബിയിലെ കോടികളുടെ തട്ടിപ്പ് വ്യക്തമാക്കുന്നത്. രാജ്യത്തെ രണ്ടാമത്തെ വലിയ പൊതുമേഖലാ ബേങ്കായ പഞ്ചാബ് നാഷനല്‍ ബേങ്കില്‍ വജ്ര വ്യാപാരി നീരവ് മോദിയും കുടുംബവും നടത്തിയത് 11,000 കോടിയുടെ തട്ടിപ്പാണ്. മുംബൈ ശാഖയില്‍ നടന്ന തട്ടിപ്പ് തങ്ങളുടെ ജീവനക്കാരുടെ ഒത്താശയോടെയാണ് നടന്നതെന്ന് ബേങ്ക് സമ്മതിക്കുന്നുണ്ട്. ചിലരുടെ പേരില്‍ നടപടിയെടുത്തുവെന്ന് പറയുന്ന ബേങ്ക്, സി ബി ഐക്ക് നല്‍കിയ പരാതിയില്‍ സൂചിപ്പിക്കുന്നത് രണ്ടു പേരുകള്‍ മാത്രമാണ്. ഇതില്‍ ഒരാള്‍ വിരമിച്ചയാളുമാണ്. വിരലിലെണ്ണാവുന്ന ജൂനിയര്‍ ഉദ്യോഗസ്ഥരുടെ പേരില്‍ തട്ടിപ്പിന്റെ ഉത്തരവാദിത്തം അടിച്ചേല്‍പ്പിച്ച് രക്ഷപ്പെടാനുള്ള ശ്രമമാണ് ബേങ്ക് നടത്തുന്നതെന്നതാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ അനുമാനം.

2011 മുതല്‍ ഇത്തരത്തില്‍ നീരവ് മോദിയുടെ ബിസിനസ് സ്ഥാപനങ്ങള്‍ക്ക് ഇത്തരത്തില്‍ Lou (letter of undertaking) നല്‍കി വരുന്നുണ്ട്. ബേങ്കില്‍ രേഖപ്പെടുത്തപ്പെട്ടതിലധികം എല്‍ ഒ യുകള്‍ ഇങ്ങനെ നല്‍കിയിട്ടുണ്ട്. കോടികളുടെ ഇടപാടുകള്‍ക്ക് ജാമ്യം നില്‍ക്കുന്ന ഇത്തരം സമ്മതപത്രങ്ങള്‍ ഒന്നോ രണ്ടോ ഉദ്യോഗസ്ഥര്‍ വിചാരിച്ചാല്‍ നല്‍കാന്‍ കഴിയുന്നതാണെങ്കില്‍ എന്തുമാത്രം സുരക്ഷിതത്വമാണ് ബേങ്കിംഗ് സേവനത്തിനുള്ളത് എന്നതൊരു ചോദ്യമാണ്. ഇത്തരത്തില്‍ എല്‍ ഒ യുവിന് ബേങ്കിനെ വീണ്ടും നീരവ് സമീപിക്കുകയായിരുന്നു. മതിയായ ഗ്യാരന്‍ഡിയില്ലാതെ എല്‍ ഒ യു തരാന്‍ പറ്റില്ലെന്ന് ബേങ്ക് നിലപാടെടുത്തപ്പോള്‍ ഇതിനുമുമ്പ് ഇങ്ങനെ എല്‍ ഒ യു ലഭിച്ചതായി നീരവ് സമ്മതിക്കുകയുണ്ടായി. ഈ അന്വേഷണമാണ് തട്ടിപ്പ് പുറത്തുവരാന്‍ ഇടയാക്കിയത്. ഇതിനെത്തുടര്‍ന്നാണ് പരാതിയുമായി ബേങ്ക് സി ബി ഐയെ സമീപിക്കുന്നത്. 2011 മുതല്‍ ഇത്തരത്തില്‍ 142 എല്‍ ഒ യുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും ബേങ്ക് രേഖകളില്‍ എട്ട് എല്‍ ഒ യുകള്‍ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ.
ഇവിടെ ശ്രദ്ധേയമായ വസ്തുത ഇത്തരത്തില്‍ തട്ടിപ്പ് നടക്കുന്നത് ബേങ്കിന് നേരത്തെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നതിന് പുറമേ അറിഞ്ഞതിനുശേഷം പരാതി നല്‍കുന്നതിന് കാലതാമസം വരുത്തി പ്രതികളെ വിദേശത്തേക്ക് കടക്കാന്‍ സഹായിച്ചുവെന്നതുമാണ്. ജനുവരി 29ന് പരാതി നല്‍കിയ ബേങ്ക് തട്ടിപ്പ് കണ്ടെത്തിയത് ജനുവരി 16നാണെന്ന് പറയുന്നുണ്ട്. ആദ്യ പരാതിയില്‍ 280 കോടി തട്ടിപ്പ് പറയുന്ന ബേങ്ക് ഫെബ്രുവരി 13ന് സമര്‍പ്പിച്ച പരാതിയിലാണ് കോടികളുടെ എണ്ണം പതിനായിരത്തിന് മുകളിലെത്തുന്നത്. ജനുവരി 16ന് തട്ടിപ്പ് കണ്ടെത്തിയ പി എന്‍ ബിയെന്തേ പരാതി നല്‍കാന്‍ ജനുവരി 29 വരെ കാത്തുനിന്നു. ജനുവരി 29ന് 280 കോടി എന്നു പറഞ്ഞ ബേങ്കിന് ഫെബ്രുവരിയില്‍ രണ്ടാം പരാതി കൊടുക്കുന്നതിന് മുമ്പ് വിശദമായ ഓഡിറ്റിന് സമയം കിട്ടിയോ? ഇവിടെയാണ് സംശയം ഉടലെടുക്കുന്നത്. തട്ടിപ്പ് കണ്ടെത്തിയ ഉടനെ പരാതിപ്പെടാതിരിക്കുകയും ആദ്യം കുറഞ്ഞ തുകയുടെ തട്ടിപ്പ് ഉന്നയിക്കുകയും ചെയ്ത ബേങ്ക് നീരവ് മോദിയെയും കുടുംബത്തെയും രാജ്യം വിടാന്‍ സഹായിക്കുകയായിരുന്നില്ലേ?

കോടിക്കണക്കിന് രൂപ തട്ടിപ്പ് നടത്താന്‍ നീരവ് മോദിയെ സഹായിച്ചവര്‍ ബേങ്കിനകത്തുള്ളതു കൊണ്ട് രാജ്യം വിടാന്‍ സഹായിക്കുക മാത്രമല്ല, അത് ഉറപ്പുവരുത്തുക കൂടി ചെയ്തിട്ടാണ് ബേങ്ക് പരാതിപ്പെട്ടതെന്ന് വേണം കരുതാന്‍. ആറേഴു കൊല്ലം ഇത്തരത്തില്‍ ഇടപാട് നടത്താന്‍ സഹായിച്ചതിന് ലഭിച്ച പാരിതോഷികങ്ങള്‍ അത്തരമൊരു സഹായം ചെയ്തുകൊടുക്കാന്‍ അവരെ പ്രേരിപ്പിച്ചിരിക്കുക സ്വാഭാവികമാണല്ലോ. 2011ല്‍ തുടങ്ങിയ തട്ടിപ്പ് കണ്ടെത്താന്‍ 2018 ആകേണ്ടിവന്നുവെന്ന് പറയുമ്പോള്‍ വര്‍ഷാവര്‍ഷം ഓഡിറ്റിംഗൊന്നും നടത്താറില്ലേ? ബേങ്കുകള്‍ കിട്ടാക്കടം എന്നു പറഞ്ഞ് ഓരോ വര്‍ഷവും കോടികള്‍ എഴുതിത്തള്ളുന്നിടത്താണ് ഇതൊക്കെ സംഭവിക്കുന്നത്. തീര്‍ച്ചയായും ഇതിന് പിന്നില്‍ ഒരു ഉന്നതസംഘം പ്രവര്‍ത്തിച്ചുവെന്നുവേണം മനസ്സിലാക്കാന്‍. എങ്ങനെ തട്ടിപ്പ് നടത്തണമെന്നും പിടിക്കപ്പെടുമെന്നാകുമ്പോള്‍ രാജ്യം വിടേണ്ടത് എങ്ങനെയെന്നും മദ്യരാജാവ് വിജയ്മല്യ കാണിച്ചുതന്ന മാതൃക നീരവിന് മുന്നിലുണ്ടല്ലോ.

മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരിലും കൂടുതല്‍ തവണ ഇടപാട് നടത്തിയതിന്റെ പേരിലും സാധാരണക്കാരനില്‍ നിന്ന് കോടികള്‍ ഊറ്റിയെടുക്കുന്ന പൊതുമേഖലാ ബേങ്കുകളുടെ കുത്തകകളോടുള്ള സമീപനത്തിന്റെ ഏറ്റവും പുതിയ ഉദാഹരണങ്ങളാണ് പി എന്‍ ബി തട്ടിപ്പില്‍ കാണുന്നത്. വീട് വെക്കാനും ചെറിയ ചെറിയ കച്ചവടങ്ങള്‍ തുടങ്ങാനും ലോണിനായി ബേങ്കിന്റെ പടികള്‍ നിരവധി തവണ കയറിയിറങ്ങുകയും ശേഷം വാങ്ങിയതിന്റെ ഇരട്ടിയിലധികം വസൂലാക്കുകയും ചെയ്യുന്നവര്‍ക്ക് ഇത്തരം തട്ടിപ്പുകള്‍ കണ്ടെത്താന്‍ പോലും കഴിയുന്നില്ലെന്നത് അത്ഭുതപ്പെടുത്തുന്നതാണ്. നിലവിലുള്ള അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ പോലും നടപടിക്രമങ്ങളുടെ നൂലാമാലകള്‍ കടക്കേണ്ടിവരുന്നിടത്താണ് ആയിരക്കണക്കിന് കോടികള്‍ തട്ടിപ്പ് നടത്തുന്നത്.

എല്‍ ഒ യുവും സ്വിഫ്റ്റും
നീരവ് മോദിക്ക് പങ്കാളിത്തമുള്ള ഡയമണ്ട്‌സ് ആര്‍ അസ്, സോളാര്‍ എക്‌സ്‌പോര്‍ട്‌സ്, സ്റ്റെല്ലാര്‍ ഡയമണ്ട്‌സ് എന്നിവ ഉള്‍പ്പെട്ട തട്ടിപ്പ് കേസില്‍ ഏറ്റവുമധികം കേള്‍ക്കുന്ന രണ്ട് പദങ്ങളാണിവ. letter of undertaking എന്നതിന്റെ ചുരുക്കപ്പേരാണ് എല്‍ ഒ യു (LoU). വിദേശബേങ്കുകളില്‍ വായ്പകള്‍ ലഭിക്കുന്നതിന് ഇന്ത്യന്‍ ബേങ്കുകള്‍ നല്‍കുന്ന ജാമ്യരേഖയാണിത്. വായ്പ നല്‍കുന്ന ബേങ്കിന് മുതലും പലിശയുമെല്ലാം തിരിച്ചുനല്‍കേണ്ടത് എല്‍ ഒ യു പുറപ്പെടുവിക്കുന്ന ബേങ്കുകളാണ്. പണം ലഭിക്കുന്ന കക്ഷിക്ക് വായ്പ നല്‍കുന്ന ബേങ്കിനോട് യാതൊരു ഉത്തരവാദിത്തവും ഇല്ല. ഇത്തരത്തില്‍ പി എന്‍ ബിയില്‍ രേഖപ്പെടുത്താതെ ജീവനക്കാരെ സ്വാധീനിച്ച് നിരവധി എല്‍ ഒ യുകള്‍ പുറപ്പെടുവിക്കുകയും അതുവഴി കോടികള്‍ വിദേശബേങ്കുകളില്‍നിന്നും ഇന്ത്യന്‍ ബേങ്കുകളുടെ വിദേശശാഖകളില്‍നിന്നും വായ്പയെടുക്കുകയുമാണ് നീരവ് മോദിയും സംഘവും ചെയ്തത്. ഈ തിരിച്ചടവ് മുടങ്ങിയതാണ് തട്ടിപ്പ് വെളിച്ചത് വരാന്‍ കാരണം.
ഇത്തരത്തില്‍ വിദേശ ഇടപാടുകള്‍ രേഖപ്പെടുത്തുന്ന ബേങ്കിംഗ് സംവിധാനമാണ് swift (society for worldwide interbank financial telecommunication) എന്നത്. ബേങ്കിന്റെ സമ്മതപത്രവും ജാമ്യവുമെല്ലാം കാണിക്കുന്ന ഇതില്‍ എല്‍ ഒ യു ലഭിക്കുന്ന കക്ഷിയുടെ അക്കൗണ്ട് നമ്പറും സ്വിഫ്റ്റ് കോഡും എല്ലാം രേഖപ്പെടുത്തിയിരിക്കും. കോര്‍ബേങ്കിംഗ് സിസ്റ്റത്തിലൂടെ ഇതെല്ലാം കണ്ടെത്താന്‍ കഴിയുമായിരുന്നെങ്കിലും പി എന്‍ ബിയിലെ ഉദ്യോഗസ്ഥര്‍ കോര്‍ ബേങ്കിംഗ് സിസ്റ്റത്തില്‍ ഈ ഇടപാടുകളൊന്നും രേഖപ്പെടുത്താതിരുന്നതിനാല്‍ തട്ടിപ്പ് കണ്ടെത്താന്‍ വൈകി.

ജീവനക്കാരുടെ പങ്ക്
2017 ഡിസംബര്‍ 21 വരെ ഏതാണ്ട് 25,600 കേസുകളിലായി 1.79 ബില്യനോളം വരുന്ന ബേങ്കിംഗ് തട്ടിപ്പുകള്‍ രാജ്യത്ത് നടന്നിട്ടുണ്ടെന്ന് കഴിഞ്ഞദിവസമാണ് കേന്ദ്ര ഐ ടി മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞത്. 2016-17 വര്‍ഷത്തിലെ ആദ്യത്തെ ഒമ്പത് മാസങ്ങളിലായി പത്ത് ലക്ഷത്തിന് മുകളിലുള്ള തട്ടിപ്പുകളുടെ എണ്ണം 455 ഓളം വരും. എസ് ബി ഐ, ഐ സി ഐ സി ഐ, എച്ച് ഡി എഫ് സി ബേങ്കുകളിലൊക്കെ ജീവനക്കാരുടെ ഒത്താശയോടുകൂടിയാണ് ഇത്തരത്തില്‍ തട്ടിപ്പുകള്‍ നടന്നിട്ടുള്ളത്. പി എന്‍ ബിയിലും ഇതുതന്നെയാണ് അവസ്ഥ. ഒരിക്കലും ജീവനക്കാരുടെ ഒത്താശയില്ലാതെ ഇത്തരത്തില്‍ തട്ടിപ്പ് നടത്താന്‍ കഴിയില്ല. അതുകൊണ്ട് തന്നെ ബേങ്ക് പറയുന്ന ഒന്നോ, രണ്ടോ ഉദ്യോഗസ്ഥര്‍ എന്നതിനപ്പുറം മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തന്നെ തട്ടിപ്പിന്റെ ഭാഗമായിട്ടുണ്ടെന്ന് വേണം സംശയിക്കാന്‍. അതല്ലെങ്കില്‍ ആയിരക്കണക്കിന് കോടിയുടെ തട്ടിപ്പ് നടത്താന്‍ ഏതെങ്കിലും ഒന്നോ രണ്ടോ പേര്‍ വിചാരിച്ചാല്‍ നടക്കുമെങ്കില്‍, പിന്നെ ഈ ബേങ്കിംഗ് വ്യവസ്ഥകള്‍ക്ക് എന്ത് വിശ്വാസ്യതയാണുള്ളത്. അത്തരത്തിലുള്ള ഒരു അന്വേഷണം തന്നെയായിരിക്കും കേന്ദ്ര ഏജന്‍സി നടത്തുകയെന്ന് നമുക്ക് വിശ്വസിക്കാം. ബേങ്കില്‍നിന്നും വിരമിച്ച, അടുത്തുതന്നെ മറ്റൊരു സ്വകാര്യ ബേങ്കിന്റെ സി ഇ ഒ ആയി ചാര്‍ജെടുക്കാന്‍ കാത്തിരിക്കുന്ന ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ സി ബി ഐയുടെ റഡാറിലുണ്ടെന്നാണ് കേള്‍ക്കുന്നത്.

മോദിയും മോദിയും തമ്മിലെന്ത്?
പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞമാസം ദാവോസില്‍ വിവാദ വജ്ര വ്യാപാരി നീരവ് മോദിയുമായി ചര്‍ച്ച നടത്തിയെന്ന കോണ്‍ഗ്രസിന്റെ ആരോപണം ബി ജെ പി നിഷേധിക്കുകയാണ്. ചര്‍ച്ച നടത്തിയിട്ടില്ലെന്നും നീരവ് മോദി അവിടെയെത്തിയത് സ്വന്തം ചെലവിലാണെന്നും പറയുന്ന കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പ്രധാനമന്ത്രിയുമൊന്നിച്ചുള്ള ഫോട്ടോ നിഷേധിക്കുന്നില്ല. കോണ്‍ഗ്രസ് നേതാക്കളും ഇത്തരത്തില്‍ തട്ടിപ്പ് വീരന്മാര്‍ക്കൊപ്പം പല ഫോട്ടോകളിലുമുണ്ടെന്നാണ് ബി ജെ പിയുടെ ന്യായീകരണം. കോര്‍പറേറ്റുകളുടെ കളിപ്പാവയാണ് കോണ്‍ഗ്രസെന്നും പറഞ്ഞ് അധികാരത്തില്‍വന്ന ബി ജെ പിയുടെ ന്യായീകരണം കൊള്ളാം. നിങ്ങളും ഞങ്ങളും ഒരേപോലെയാണെന്നുള്ള കുറ്റസമ്മതമല്ലേ യഥാര്‍ഥത്തില്‍ ബി ജെ പി നടത്തുന്നത്. ബി ജെ പിയായാലും കോണ്‍ഗ്രസായാലും തട്ടിപ്പ് വീരന്മാര്‍ക്കും മധ്യരാജാക്കന്മാര്‍ക്കുമൊപ്പമാണെന്നതാണ് ഈ രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. അതിനുപകരം വീടിനുവേണ്ടിയും വിദ്യാഭ്യാസത്തിനുവേണ്ടിയും എടുത്ത ലോണ്‍ തിരിച്ചടക്കാന്‍ കഴിയാതെ ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്ന സാധാരണക്കാരന്റെ കൂടെയാകാന്‍ പാര്‍ട്ടികള്‍ക്ക് കഴിയേണ്ടതുണ്ട്.