ആറ് മാധ്യമപ്രവര്‍ത്തകര്‍ക്ക് തുര്‍ക്കിയില്‍ ജീവപര്യന്തം; ജര്‍മന്‍ മാധ്യമപ്രവര്‍ത്തകനെ വെറുതെവിട്ടു

Posted on: February 17, 2018 9:00 am | Last updated: February 17, 2018 at 9:00 am
കോടതി വിട്ടയച്ച ജര്‍മന്‍- തുര്‍ക്കിഷ് മാധ്യമപ്രവര്‍ത്തകന്‍ ഡെനിസ് യൂസില്‍

അങ്കാറ: സഹോദരങ്ങളായ രണ്ട് പ്രമുഖരുള്‍പ്പെടെ ആറ് മാധ്യമപ്രവര്‍ത്തകരെ തുര്‍ക്കി കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 2016ലെ പരാജയപ്പെട്ട പട്ടാള അട്ടിമറിക്ക് സഹായം നല്‍കിയെന്ന കുറ്റം ചുമത്തിയാണ് ഇവരെ ശിക്ഷിച്ചത്. അതേസമയം കേസില്‍ അപ്രതീക്ഷിതമായി ഒരാളെ കോടതി വിട്ടയച്ചു. ജര്‍മന്‍- തുര്‍ക്കിഷ് മാധ്യമപ്രവര്‍ത്തകന്‍ ഡെനിസ് യൂസിലിനെയാണ് വിട്ടയച്ചത്. സുരക്ഷാ കുറ്റങ്ങള്‍ ചുമത്തി വിചാരണ നിലനിര്‍ത്തിയാണ് ഇദ്ദേഹത്തെ വിട്ടയച്ചത്. ഈ നടപടിയെ ജര്‍മനി സ്വാഗതം ചെയ്തു. ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന ഭിന്നതയില്‍ മാറ്റംവരുന്നുവെന്ന സൂചനയാണ് ഇത് നല്‍കുന്നത്.
സാമ്പത്തിശാസ്ത്ര പ്രൊഫസറും മാധ്യമപ്രവര്‍ത്തകനുമായി മെഹ്മത് ആള്‍ട്ടണ്‍, ഇദ്ദേഹത്തിന്റെ സഹോദരനും മാധ്യമപ്രവര്‍ത്തകനുമായ അഹ്മത് എന്നിവരാണ് ശിക്ഷിക്കപ്പെട്ടവരില്‍ പ്രമുഖര്‍. നിഷ്ഫലമായ അട്ടിമറിക്ക് ഒരു ദിവസം മുമ്പ് നടത്തിയ ടെലിവിഷന്‍ ടോക് ഷോയില്‍ രഹസ്യ സന്ദേശം നല്‍കിയെന്ന കുറ്റം ചുമത്തിയാണ് നാസ്‌ലി ഇല്‍കാക് എന്ന മാധ്യമ പ്രവര്‍ത്തകനെയുള്‍പ്പെടെ ശിക്ഷിച്ചത്. കേസ് തുര്‍ക്കിയിലെ പത്രസ്വാതന്ത്ര്യം സംബന്ധിച്ചും നീതിന്യായവ്യവസ്ഥ സംബന്ധിച്ചും ആശങ്കയുയര്‍ത്തുകയാണ്. അട്ടിമറി ശ്രമത്തെത്തുടര്‍ന്ന് അരലക്ഷത്തോളം പേര്‍ ജയിലിലടക്കപ്പെട്ടിട്ടുണ്ട്. ഒന്നര ലക്ഷത്തോളം പേരുടെ ജോലി നഷ്ടപ്പെടുകയോ സസ്‌പെന്‍ഷനിലാവുകയോ ചെയ്തു. ശിക്ഷിക്കപ്പെട്ട ആറ് പേരും കുറ്റം നിഷേധിച്ചിട്ടുണ്ട്. ഇതില്‍ മൂന്ന് പേര്‍ 17 മാസമായി തടവില്‍ കഴിയുകയാണ്.
മെഹ്മത് അള്‍ട്ടാനെ നേരത്തെ തുര്‍ക്കിയിലെ ഉന്നത ഭരണഘടനാ കോടതി തടവില്‍ നിന്നും മോചിപ്പിക്കാന്‍ ഉത്തരവിട്ടിരുന്നുവെങ്കിലും ക്രിമിനല്‍ കോടതി ഈ അപേക്ഷ തള്ളുകയും തടവില്‍ കിടന്ന് വിചാരണ നേരിടണമെന്ന് തീരുമാനിക്കുകയുമായിരുന്നു. പട്ടാള അട്ടിമറിക്ക് ഗൂഢാലോചന നടത്തിയെന്ന് തുര്‍ക്കി ആരോപിക്കുന്ന പണ്ഡിതനായ ഫെതുല്ല ഗുലന്റെ അനുയായികള്‍ക്ക് രഹസ്യ സന്ദേശം നല്‍കിയെന്നാണ് അള്‍ട്ടനെതിരെയുള്ള കുറ്റം.