അഞ്ച് വര്‍ഷത്തിനിടെ കബളിപ്പിച്ചത് 61,260 കോടി

Posted on: February 17, 2018 8:43 am | Last updated: February 17, 2018 at 11:37 am

ന്യൂഡല്‍ഹി: രാജ്യത്തെ രണ്ടാമത്തെ വലിയ പൊതുമേഖലാ ബേങ്കായ പഞ്ചാബ് നാഷനല്‍ ബേങ്കിനെ കബളിപ്പിച്ച് വജ്ര വ്യവസായി നീരവ് മോദി വായ്പയെടുത്ത കേസിനു പിന്നാലെ രാജ്യത്തെ പൊതുമേഖലാ ബേങ്കുകളിലെ തട്ടിപ്പിന്റെ കൂടുതല്‍ രേഖകള്‍ പുറത്തുവിട്ട് റിസര്‍വ് ബേങ്ക്. പൊതുമേഖലാ ബേങ്കുകളില്‍ 8,670 വായ്പാ തട്ടിപ്പ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് ആര്‍ ബി ഐ വ്യക്തമാക്കി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെയുള്ള കണക്കാണിത്. ഇതുവഴി 61,260 കോടി രൂപയുടെ നഷ്ടമാണ് ബേങ്കുകള്‍ക്ക് ഉണ്ടായിരിക്കുന്നതെന്നും ആര്‍ ബി ഐ പുറത്തുവിട്ട കണക്കില്‍ വ്യക്തമാക്കുന്നു. ബേങ്കുകളില്‍ നിന്ന് വായ്പയെടുത്ത് മനഃപൂര്‍വം തിരിച്ചടക്കാത്തതിന്റെ കണക്കുകളാണ് പുറത്തുവന്നത്. വാര്‍ത്താ ഏജന്‍സി വിവരാവകാശ നിയമ പ്രകാരം നല്‍കിയ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായിട്ടാണ് തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്.

കഴിഞ്ഞ വര്‍ഷം മാത്രം 17,634 കോടി രൂപയായിരുന്നു ബേങ്കുകള്‍ക്ക് നഷ്ടമായത്. 2017 മാര്‍ച്ച് 31 വരെയുള്ള കണക്കുകളാണ് ആര്‍ ബി ഐ ഇപ്പോള്‍ പുറത്തുവിട്ടത്. കിട്ടാകടത്തില്‍ പൊറുതിമുട്ടുന്ന രാജ്യത്തെ ബേങ്കുകളെ തട്ടിപ്പുകളും വലിയ രീതിയില്‍ പ്രതിസന്ധിയിലാക്കുന്നുണ്ടെന്നാണ് ആര്‍ ബി ഐയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ബേങ്കുകളിലെ വായ്പാ തട്ടിപ്പില്‍ വലിയ ഉയര്‍ച്ചയാണ് ഉണ്ടായിരിക്കുന്നതെന്നും ആര്‍ ബി ഐ കണക്കുകള്‍ പറയുന്നു. ആര്‍ ബി ഐ കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ തട്ടിപ്പുകള്‍ ബേങ്കിംഗ് മേഖല നേരിടുന്ന വലിയ പ്രതിസന്ധിയാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, പുതിയ വാര്‍ത്തകളോട് പ്രതികരിക്കാന്‍ റിസര്‍വ് ബേങ്കിന്റെ ഔദ്യോഗിക വൃത്തങ്ങള്‍ ഇതുവരെ തയ്യാറായിട്ടില്ല. പി എന്‍ ബിയുടെ ജാമ്യം ഉപയോഗിച്ച് വജ്ര വ്യവസായി നീരവ് മോദി കോടികള്‍ തട്ടിയതോടെയാണ് ബേങ്ക് തട്ടിപ്പ് വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചത്.

അതിനിടെ, പി എന്‍ ബി തട്ടിപ്പില്‍ കൂടുതല്‍ ബേങ്കുകള്‍ ഉള്‍പ്പെട്ടതായി സൂചനകള്‍ പുറത്തുവന്നു. രാജ്യത്തെ പതിനേഴ് പൊതുമേഖലാ ബേങ്കുകള്‍ തട്ടിപ്പിനിരയായതായുള്ള തെളിവുകള്‍ പുറത്തുവന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ വഴി ബേങ്കുകള്‍ക്ക് മൂവായിരം കോടി രൂപയുടെ നഷ്ടമുണ്ടായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.