Connect with us

Kerala

അസ്താന വിജിലന്‍സ് മേധാവിയായി ചുമതലയേറ്റു

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാന വിജിലന്‍സ് മേധാവിയായി നിര്‍മല്‍ ചന്ദ്ര അസ്താന ചുമതലയേറ്റു. തിങ്കളാഴ്ചയാണ് അസ്താനയെ വിജിലന്‍സ് മേധാവിയായി നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. വിവാദങ്ങള്‍ക്കൊടുവില്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെ വിജിലന്‍സ് മേധാവി സ്ഥാനത്തുനിന്ന് മാറ്റിയാണ് അസ്താനയെ നിയമിച്ചത്. ബെഹ്‌റയുടെ ഇരട്ടപ്പദവി ചട്ടവിരുദ്ധമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

1986ലെ ഐ പി എസ് ബാച്ച് ഉദ്യോഗസ്ഥനായ ഡി ജി പി റാങ്കിലുള്ള അസ്താന ഡല്‍ഹിയില്‍ കേരളത്തിന്റെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ചുമതല വഹിച്ചുവരികയായിരുന്നു. 2019വരെ അദ്ദേഹത്തിന് വിജിലന്‍സ് ഡയറക്ടറായി തുടരാം. അസ്താനയെ വിജിലന്‍സ് ഡയറക്ടറാക്കാന്‍ നേരത്തെ സര്‍ക്കാര്‍ ആലോചിച്ചെങ്കിലും അദ്ദേഹം താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല. ക്രമസമാധാന ചുമതലയുള്ള ഡി ജി പിയായ ലോക്‌നാഥ് ബെഹ്‌റയെ തന്നെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചത് കേന്ദ്ര സര്‍ക്കാര്‍ അറിഞ്ഞിട്ടില്ലെന്ന വിവരാവകാശ രേഖ പുറത്തുവന്നതോടെ സംഭവം വിവാദമാകുകയായിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി തേടാതെയാണ് ബെഹ്‌റയെ വിജിലന്‍സിന്റെ തലപ്പത്ത് ഇരുത്തിയതെന്നായിരുന്നു വിവരാവകാശ നിയമപ്രകാരമുള്ള മറുപടി. സംസ്ഥാന പോലീസ് മേധാവിയുടെയും വിജിലന്‍സ് ഡയറക്ടറുടെയും തസ്തികകളാണ് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച ഡി ജി പിമാരുടെ കേഡര്‍ തസ്തിക.

ഡി ജി പി റാങ്കിലെ മറ്റ് ഉദ്യോഗസ്ഥര്‍ നിലവിലുള്ളപ്പോള്‍ കേഡര്‍ തസ്തികയില്‍ മറ്റാരെയും നിയമിക്കാന്‍ പാടില്ല. മാത്രമല്ല, രണ്ട് തസ്തികയും ഒരാള്‍ വഹിക്കുന്നത് അഖിലേന്ത്യാ സര്‍വീസ് ചട്ടത്തിന്റെ ലംഘനവുമാണ്. ആറ് മാസത്തിലധികം കേഡര്‍ തസ്തികയില്‍ ആരെയെങ്കിലും നിയമിച്ചാല്‍ കേന്ദ്ര സര്‍ക്കാറിനെ അറിയിച്ച് അംഗീകാരം വാങ്ങണം. ഇവിടെ ഇതെല്ലാം ലംഘിക്കപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

---- facebook comment plugin here -----

Latest