Connect with us

Gulf

മാലിദ്വീപ് യാത്രക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി വിദേശകാര്യ മന്ത്രാലയം

Published

|

Last Updated

ദുബൈ: മാലിദ്വീപിലേക്കുള്ള യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി യു എ ഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയം. മാലിദ്വീപില്‍ നിലവിലുള്ള രാഷ്ട്രീയ സാഹചര്യം മുന്‍ നിര്‍ത്തിയാണ് യാത്രയില്‍ പ്രത്യേക മുന്‍കരുതലുകള്‍ വേണമെന്ന് മന്ത്രാലയം സാമൂഹിക മാധ്യമങ്ങളിലൂടെ മുന്നറിയിപ്പുമായി രംഗത്തു വന്നത്. യാത്രക്കാര്‍ക്ക് മന്ത്രാലത്തിന്റെ 24 മണിക്കൂറും പ്രവൃത്തിക്കുന്ന സേവന നമ്പറായ 800 44444 എന്നതില്‍ വിളിച്ചു അത്യാഹിത ഘട്ടങ്ങളില്‍ സഹായം ആവശ്യപ്പെടാം.

സ്വദേശി യാത്രക്കാര്‍ക്ക് മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ ഒരുക്കിയിട്ടുള്ള തവാജുദി സംവിധാനത്തില്‍ യാത്രാ വിവരങ്ങളും സ്ഥലത്തിന്റെ വിശദാംശങ്ങളും നല്‍കാവുന്നതാണ്. അടിയന്തിര ഘട്ടങ്ങളില്‍ ഗവണ്മെന്റ് സംവിധാനങ്ങള്‍ക്ക് യാത്രക്കാര്‍ക്കായി സഹായമെത്തിക്കുന്നതിന് ഇത് സഹായിക്കും. ജയിലിലായിരുന്ന പ്രതിപക്ഷ നേതാക്കളെ വിട്ടയക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നാണ് മാലിദ്വീപില്‍ സംഘര്‍ഷം ഉടലെടുത്തത്. സുപ്രീം കോടതി ഉത്തരവിനെ തള്ളിയ നിലവിലെ ഭരണകൂടം അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് രണ്ട് സുപ്രീം കോര്‍ട് ജഡ്ജിമാരെയും നിരവധി രാഷ്ട്രീയ നേതാക്കളെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

സംഘര്‍ഷത്തെ തുടര്‍ന്ന് അമേരിക്ക, ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ യാത്രക്കാരോട് ജാഗ്രതാ നിര്‍ദേശം പാലിക്കാന്‍ മുന്നറിയിപ്പ് നല്‍കി.

 

 

Latest