Connect with us

Kannur

കൊല നടത്താന്‍ സിപിഎം കില്ലര്‍ ഗ്രൂപ്പുകള്‍ രൂപവത്കരിച്ചിട്ടുണ്ടെന്ന് വിഡി സതീശന്‍

Published

|

Last Updated

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറിയും സജീവ സുന്നി പ്രവര്‍ത്തകനുമായ എടയന്നൂരിലെ എസ്‌വി ശുഐബ് (29) നെ ബോംബെറിഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയത് സിപിഎം കണ്ണൂര്‍ ജില്ലാ നേതൃത്വത്തിന്റെ അറിവോടെയെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വിഡി സതീശന്‍ എംഎല്‍എ ആരോപിച്ചു. ശുഐബിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി കലക്ടറേറ്റിന് മുന്നില്‍ നടത്തുന്ന 24 മണിക്കൂര്‍ ഉപവാസ സമരത്തില്‍ സംസാരിക്കുകയായിരുന്നു സതീശന്‍.

ശുഐബിന്റെ മരണത്തില്‍ പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കെ, സിപിഎമ്മിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചായിരുന്നു സതീശന്റെ പ്രസംഗം. സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ അറിയാതെ കണ്ണൂരില്‍ ഇങ്ങനെയൊരു കൊലപാതകം നടക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന് ഇക്കാര്യത്തില്‍ അറിവുണ്ടായിരുന്നോ എന്ന് സിപിഎം വ്യക്തമാക്കണമെന്നും സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രി അറിയാതെയാണെങ്കില്‍ ഈ കൊലപാതകം ആസൂത്രണം ചെയ്ത ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ 24 മണിക്കൂറിനുള്ളില്‍ നടപടിയെടുക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

കൊലപാതകം നടത്താന്‍ സിപിഎം ജില്ലയില്‍ കില്ലര്‍ ഗ്രൂപ്പുകള്‍ രൂപവത്കരിച്ചിട്ടുണ്ട്. ലോകത്തിലെ അറിയപ്പെടുന്ന തീവ്രവാദി സംഘടനകള്‍ പോലും ഇത്രയും ക്രൂരവും ആസൂത്രിതവുമായ കൊലപാതകങ്ങള്‍ നടത്താറില്ല. ശുഐബിനെ കൊലപ്പെടുത്തിയ രീതി അറിഞ്ഞാല്‍ ഐഎസ്‌ ഭീകരര്‍ പോലും സിപിഎമ്മിനു മുന്നില്‍ ആയുധം വച്ചു കീഴടങ്ങുമെന്നും സതീശന്‍ പറഞ്ഞു. സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കുക, ശുഐബിന്റെ കൊലയാളികളെ പിടികൂടുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സതീശന്‍ പാച്ചേനി നടത്തുന്ന ഉപവാസ സമരം ഉച്ചക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.

Latest