Connect with us

Articles

മോദിയുടെ ഗള്‍ഫ് സന്ദര്‍ശനം: വികസന കുതിപ്പും ആശങ്കകളും

Published

|

Last Updated

അബൂദബിയില്‍ നിര്‍മിക്കുന്ന ക്ഷേത്രത്തിന്റെ മാതൃക അനാവരണം ചെയ്ത് പ്രധാനമന്ത്രി
നരേന്ദ്ര മോദി ദുബൈ ഒപേറയില്‍ ഇന്ത്യന്‍ സമൂഹത്തോട് സംസാരിക്കുന്നു

“രാജ്യത്തിന്റെ അതിഥിയും മൂല്യമുള്ള സുഹൃത്തുമായ ഇന്ത്യന്‍ പ്രധാനമന്തിയെ സസ്‌നേഹം സ്വാഗതം ചെയ്യുന്നു, മോദിയുടെ സന്ദര്‍ശനം ചരിത്രാതീത കാലം മുതലുള്ള ബന്ധത്തെയും സൗഹൃദ ബന്ധങ്ങളെയും കൂടുതല്‍ ശാക്തീകരിക്കും” നരേന്ദ്ര മോദിയുടെ ചതുര്‍ രാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി അദ്ദേഹത്തെ അബൂദബിയില്‍ സ്വീകരിച്ച ശേഷം അബൂദബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ട്വിറ്ററിലൂടെ ലോകത്തോട് പങ്കുവെച്ച വാക്കുകളാണിത്.

ലോകത്ത് ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ പ്രവാസികള്‍ അധിവസിക്കുന്ന രാജ്യമെന്ന നിലക്ക് യു എ ഇയിലേക്കുള്ള പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് ഏറെ പ്രാധാന്യമുണ്ടായിരുന്നു. വളരെ വര്‍ഷങ്ങള്‍ക്ക് ശേഷം യു എ ഇയിലേക്ക് മൂന്ന് വര്‍ഷത്തിനിടെ രണ്ടാമതെത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി എന്ന ഖ്യാതിയും സന്ദര്‍ശനത്തോടെ മോദിക്ക് നേടാനായി. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ സുപ്രധാന ഭാഗങ്ങളിലൊന്ന് യു എ ഇ-ഇന്ത്യ ഉഭയകക്ഷി കരാറുകള്‍ ആയിരുന്നു. ദുബൈയില്‍ ആരംഭിച്ച ആഗോള ഭരണകൂട ഉച്ചകോടിയില്‍ പ്രധാന അതിഥി രാജ്യതലവനെന്ന നിലയില്‍ പ്രധാനമന്ത്രിയുടെ പ്രഭാഷണമായിരുന്നു മറ്റൊന്ന്. 2015 ആഗസ്റ്റിലെ നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് 2017 വരെ 15 ബില്യണ്‍ യു എസ് ഡോളറോളമാണ് ഇന്ത്യയിലേക്ക് യു എ ഇ നിക്ഷേപമായി എത്തിയത് എന്നത് കൊണ്ട് കഴിഞ്ഞ ദിവസങ്ങളിലെ സന്ദര്‍ശന വേളയിലെ കരാറുകളെ തുടര്‍ന്ന് ഉണ്ടാകാന്‍ പോകുന്ന ഇന്ത്യന്‍ വികസന സ്വപ്‌നങ്ങളുടെ പ്രയോഗ വത്കരണമാണ് ഇന്ത്യന്‍ സമൂഹം ഉറ്റു നോക്കുന്നത്.

മോദിയുടെ ഇത്തവണത്തെ സന്ദര്‍ശന വേളയില്‍ ഇരു രാജ്യങ്ങളും 14 കരാറുകളില്‍ ധാരണയായെങ്കിലും സുപ്രധാനമായത് യു എ ഇയുടെ എണ്ണ പര്യവേക്ഷണ പദ്ധതിയില്‍ ഇന്ത്യന്‍ എണ്ണ കമ്പനികളുടെ കണ്‍സോര്‍ഷ്യത്തിന് പങ്കാളിത്തം നല്‍കുക എന്നതായിരുന്നു. ഓയില്‍ ആന്‍ഡ് നാച്വറല്‍ ഗ്യാസ് കോര്‍പറേഷന്‍ വിദേശ്, ഭാരത് പെട്രോളിയം റിസോഴ്സ്, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ എന്നിവയുടെ കൂട്ട് പങ്കാളിത്തത്തിന് യു എ ഇയുടെ ദേശീയ എണ്ണ കമ്പനിയായ അബൂദബി നാഷനല്‍ ഓയില്‍ കമ്പനി (അഡ്നോക്)യുടെ കീഴിലുള്ള രാജ്യത്തിന്റെ ആഴക്കടലിലെ എണ്ണ ഉത്പാദന കേന്ദ്രത്തില്‍ 10 ശതമാനം വിഹിതം നല്‍കുന്നതായിരുന്നു സുപ്രധാനമായത്. 2057 വരെ 40 വര്‍ഷം നീളുന്നതാണ് നിക്ഷേപ വിഹിത കരാര്‍. ഇതിലൂടെ പ്രതി വര്‍ഷം ഇന്ത്യക്ക് 22 ലക്ഷം ടണ്‍ ക്രൂഡ് ഓയില്‍ ലഭ്യമാക്കുമെന്നും ധാരണയായിട്ടുണ്ട്. നിക്ഷേപ രാജ്യമെന്ന പതിവ് പല്ലവിയില്‍ നിന്ന് വിദേശ പദ്ധതികളില്‍ പങ്കാളിത്തമുള്ള രാജ്യമെന്ന നിലയിലേക്ക് ഇന്ത്യക്കുയരാന്‍ ഈ കരാറുകൊണ്ടാവും. 60 ശതമാനം യു എ ഇക്കും ബാക്കിയുള്ളതിലെ 30 ശതമാനമാണ് വിദേശ രാജ്യങ്ങള്‍ക്ക് മൊത്തമുള്ള നിക്ഷേപ വിഹിതമെന്നതിനാല്‍ ശേഷിക്കുന്ന 10 ശതമാനം ഇന്ത്യന്‍ നിക്ഷേപ വിഹിതമെന്നത് ശ്രദ്ധേയമാണ്. അതേസമയം, പദ്ധതി വിഹിതത്തിലൂടെ ഇന്ത്യയിലേക്കെത്തുന്ന ക്രൂഡോയില്‍ ഇന്ത്യന്‍ വിപണിയില്‍ പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് വില കുറക്കുന്നതാകുമോ എന്നതാണ് ഇന്ത്യന്‍ സമൂഹത്തിന്റെ പ്രതീക്ഷ. മറിച്ചു ഇന്ത്യന്‍ എണ്ണ കമ്പനികള്‍ക്ക് വന്‍ കൊള്ള ലാഭം ഉണ്ടാക്കുന്ന വിധത്തില്‍ വ്യാപാരം നടത്തുന്നതിന് സുഗമമായ പാത ഒരുക്കി കൊടുക്കുന്നതാണോയെന്നും ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
സാമ്പത്തിക പ്രതി സന്ധിയെ തുടര്‍ന്ന് 2016 ജനുവരിയില്‍ ക്രൂഡോയിലിന്ആഗോള വിപണിയില്‍ 28.79 ഡോളര്‍ എന്ന അവസ്ഥ നില നില്‍ക്കുന്ന ഘട്ടത്തിലും ഇന്ത്യയില്‍ പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് വിലകുറക്കാന്‍ കഴിഞ്ഞില്ല എന്നത് മോദി ഭരണകൂടത്തിനെതിരെ ഇന്ത്യ ഒട്ടാകെ രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. അക്കാലത്ത് ഇന്ത്യയുടെ വ്യവസായ വാണിജ്യ നഗരമെന്നറിയപെടുന്ന മുംബൈയില്‍ 67 രൂപയായിരുന്നു പെട്രോളിന്റെ മാത്രം വില!. അതേസ്ഥാനത്ത്, 2013 ജനുവരിയില്‍ ക്രൂഡോയിലിന് ആഗോള വിപണിയില്‍ 118.90 ഡോളര്‍ ആയിരുന്ന ഘട്ടത്തില്‍ മുംബൈയില്‍ പെട്രോളിന് 74 രൂപ മാത്രമായിരുന്നുവെന്നത് (ഏഴു രൂപയുടെ വ്യത്യാസം) അന്നത്തെ മന്‍മോഹന്‍ സിംഗിന്റെ ഭരണ നേതൃ പാടവത്തിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. ഇത്തരം യാഥാര്‍ഥ്യങ്ങള്‍ മുന്നില്‍ നില നില്‍ക്കുന്നതിനാലാണ് യു എ ഇ എണ്ണ കമ്പനിയിലെ വിഹിതം മൂലം ഇന്ത്യയിലേക്കെത്തുന്ന ക്രൂഡോയില്‍ കൊണ്ട് മോദി ഭരണകൂടം പെട്രോളിയം ഉത്പന്നങ്ങളുടെ വില എത്ര കണ്ട് കുറവ് വരുത്തുമെന്ന് ഇന്ത്യ ഉറ്റു നോക്കുന്നത്.
മനുഷ്യക്കടത്തും തൊഴില്‍ തട്ടിപ്പും തടയിടുന്നതിന് സംയുക്തമായി ഓണ്‍ലൈന്‍ സംവിധാനം കൊണ്ട് വരുമെന്നാണ് മറ്റൊരു ധാരണ. ഇതോടൊപ്പം തൊഴില്‍ കരാറുകള്‍ സുതാര്യമാക്കാനും ധാരണയായിട്ടുണ്ട്. ഇതിലൂടെ ഇന്ത്യന്‍ തൊഴിലാളികളുടെ തൊഴില്‍ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ കരുത്തു നല്‍കുമെന്ന് പ്രത്യാശിക്കാം. റോഡ്, ജല ഗതാഗതം, റെയില്‍ എന്നിവയില്‍ യു എ ഇ നിക്ഷേപം ആകര്‍ഷിച്ചു ഗതാഗത മേഖലയില്‍ ഇന്ത്യയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും സംവിധാനങ്ങള്‍ ആധുനിക വത്കരിക്കുന്നതിനും ധാരണയായിട്ടുണ്ട്. സാമ്പത്തിക മേഖലയിലെ സഹകരണമാണ് മറ്റൊന്ന്.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പ്രധാന ഭാഗമായ ദുബൈ ഓപെറയിലെ പ്രഭാഷണമായിരുന്നു പ്രവാസി സമൂഹം കാതോര്‍ത്തിരുന്നത്. നോട്ടു നിരോധനം, ജി എസ് ടി എന്നിവയുടെ പരിസരത്തു തന്നെ ചുറ്റി തിരിയുന്നതായിരുന്നു പ്രധാനമന്ത്രിയുടെ ഈ പ്രസംഗം. നോട്ട് നിരോധനം കൊണ്ടും ജി എസ് ടി നടപടികളിലൂടെയും ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥക്ക് ദോഷമുണ്ടായില്ല എന്ന് സ്ഥാപിക്കാനായിരുന്നു പ്രധാനമായും മോദി പ്രഭാഷണ വേദി ഉപയോഗിച്ചത്. പ്രവാസികള്‍ക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളോ ഈയടുത്തു പ്രഖ്യാപിച്ച കേന്ദ്ര ബജറ്റില്‍ വിദേശ കാര്യ മന്ത്രാലയത്തിന് അനുവദിച്ച ഫണ്ടിന്റെ വിനിയോഗത്തെ കുറിച്ചോ അദ്ദേഹം പരാമര്‍ശിച്ചില്ല. അതേസമയം, നോട്ട് നിരോധനത്തെ തുടര്‍ന്ന് വലിയ തോതിലുള്ള കള്ള പണവും കള്ള നോട്ടുകളും തിരിച്ചെത്തിയിട്ടുണ്ട്. ഇവ വേര്‍തിരിക്കുന്ന പ്രവര്‍ത്തികളും നോട്ടുകളുടെ എണ്ണം എണ്ണി തിട്ടപ്പെടുത്തുന്ന പ്രവര്‍ത്തിയും പൂര്‍ത്തീകരിച്ചിട്ടില്ല എന്ന എന്ന റിസര്‍വ് ബാങ്കിന്റെ പുതിയ വെളിപ്പെടുത്തലുകള്‍ വന്ന ഘട്ടത്തില്‍ നോട്ട് നിരോധനം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥക്ക് എങ്ങിനെ ഗുണ കരമായി എന്ന ചോദ്യം നില നില്‍ക്കുന്നുണ്ട്. 2016-2017 സാമ്പത്തിക വര്‍ഷത്തിലെ റിസര്‍വ് ബേങ്ക് റിപ്പോര്‍ട് പ്രകാരം 15.28 ലക്ഷം കോടി രൂപ നിരോധനമേര്‍പ്പെടുത്തിയവയില്‍ നിന്ന് തിരിച്ചു വന്നുവെന്നാണ് കണക്ക്. അതായത് ഇന്ത്യയില്‍ നിരോധിച്ച നോട്ടിന്റെ 99 ശതമാനം തിരിച്ചെത്തിയെന്നാണ് കണക്ക്. ഈ കണക്ക് നിലനില്‍ക്കേ വിവരാവകാശ നിയമ പ്രകാരം ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലമുള്ള മറുപടിയായാണ് നോട്ടുകള്‍, നിരോധന മേര്‍പ്പെടുത്തി 15 മാസമായിട്ടും എണ്ണി തീര്‍ന്നിട്ടില്ലെന്ന് റിസര്‍വ് ബേങ്ക് കഴിഞ്ഞ ദിവസം വെളിപ്പെടുത്തുന്നത്. ഇവിടെയാണ് നോട്ടു നിരോധനം സമ്പദ് വ്യവസ്ഥക്ക് ഗുണകരമായി എന്ന അവകാശ വാദം ഏതു അളവ് കോളിലുള്ളതാണെന്ന വാദം ഉയരുന്നത്. അതോടൊപ്പം ദുബൈ ഒപെറയിലെ മോദിയുടെ അവകാശവാദവും ഈ വെളിപ്പെടുത്തല്‍ ചോദ്യം ചെയ്യുന്നുണ്ട്.

ജി എസ് ടി വിഷയത്തില്‍ സുഗമമായ ചരക്ക് ഗതാഗതത്തിന് വഴിയൊരുങ്ങുന്നില്ല എന്ന് കാണിച്ചു മുംബൈയിലെ ഒരു സ്വകാര്യ കമ്പനി നല്‍കിയ ഹരജിയില്‍ ഉപയോക്താവിന് ഗുണമില്ലെങ്കില്‍ ജി എസ് ടി ആവശ്യമില്ലെന്ന് മുംബൈ ഹൈക്കോടതി കേന്ദ്ര സര്‍ക്കാറിനുള്ള രൂക്ഷ വിമര്‍ശനമായി പ്രസ്താവിച്ച ഘട്ടത്തിലാണ് നരേന്ദ്രമോദിയുടെ ജി എസ് ടി അവകാശ വാദം എന്നത് പ്രവാസി സമൂഹത്തിനിടയില്‍ അപഹാസ്യമായിട്ടുണ്ട്. മുംബൈ ഹൈക്കോടതിയിലെ ഹരജിക്കാരന്‍ ഉന്നയിച്ച ആക്ഷേപങ്ങളില്‍ വിശദീകരണം തേടിയ കോടതിയോട് കൂടുതല്‍ സമയം വേണമെന്നായിരുന്നു കേന്ദ്ര സര്‍ക്കാറിന് വേണ്ടി ഹാജരായ അഭിഭാഷകന്റെ മറുപടി. ഇതില്‍ അസംതൃപ്തി പ്രകടിപ്പിച്ച കോടതി തുടര്‍ന്ന് രൂക്ഷ വിമര്‍ശനമാണ് അഴിച്ചുവിട്ടത്. “ഇതൊന്നും ശരിയായ രീതിയല്ല. ഇത്രയും കൊട്ടിഘോഷിച്ച ഒരു നികുതി വ്യവസ്ഥ മുന്‍പെങ്ങും കണ്ടിട്ടില്ല. ഈ ആഘോഷങ്ങളിലൊന്നും അര്‍ഥമില്ല. ജി എസ് ടി വെബ് പോര്‍ട്ടലും വെബ്സൈറ്റും ഉപയോക്താവിന് ഉപയോഗിക്കാനാവുന്നില്ലെങ്കില്‍ പാര്‍ലിമെന്റിന്റെയും ജി എസ് ടി കൗണ്‍സിലിന്റെയും സമ്മേളനങ്ങള്‍ അനാവശ്യമാണ് എന്നാണ് മുംബൈ ഹൈക്കോടതി പ്രസ്താവിച്ചത്. ചരക്ക് ഗതാഗതത്തിന് ആവശ്യമായ ഇ-ഗേറ്റ്വേ ബില്‍ വെബ്സൈറ്റില്‍ നിന്നും എടുക്കാനാവുന്നില്ല എന്നായിരുന്നു ഹരജിക്കാരുടെ പരാതി. ഇക്കഴിഞ്ഞ ദിവസമാണ് മുംബൈ ഹൈക്കോടതി ഇത്തരത്തില്‍ പരാമര്‍ശം നടത്തിയത് എന്നതിനാല്‍ ഒപേറയിലെ മോദിയുടെ ജി എസ് ടി അവകാശവാദവും ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. നോട്ട് നിരോധനം, ജി എസ് ടി പരാമര്‍ശങ്ങള്‍ അല്ലാതെ മറ്റൊന്നും ഇന്ത്യയുടെ സുപ്രധാന വിഷയങ്ങള്‍ ഒപെറയില്‍ ഇന്ത്യന്‍ സമൂഹത്തോട് പങ്കുവെച്ചില്ല എന്നത് പ്രവാസികളില്‍ നിരാശ പടര്‍ത്തിയിട്ടുണ്ട്.
എന്നാല്‍, സന്ദര്‍ശനത്തിലെ കരാറുകളുടെ ഭാഗമായി യു എ ഇയുടെ ബഹിരാകാശ പദ്ധതികളില്‍ ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ ഭാഗമാകുമെന്നത് ഇന്ത്യക്കാര്‍ക്ക് അഭിമാനിക്കാനുള്ള വക നല്‍കുന്നുണ്ട്. മുന്‍ ഐ എസ് ആര്‍ ഒ മേധാവിയും മലയാളിയുമായ കെ രാധാകൃഷ്ണനാണ് യു എ ഇയുടെ ചൊവ്വാ ദൗത്യത്തില്‍ ഭാഗമാകുന്നത്. ഓരോ ഇന്ത്യക്കാരനും വിശേഷിച്ച് മലയാളികള്‍ക്ക് ഏറെ അഭിമാനിക്കാന്‍ ഈ വാര്‍ത്ത വക നല്‍കുന്നുണ്ട്. അതേസമയം, 2007ല്‍ മന്‍മോഹന്‍ സിംഗ് ഭരണകൂടമാണ് ചന്ദ്രയാന്‍ ദൗത്യത്തിന് പച്ചക്കൊടി കാട്ടിയത് എന്നതിനാല്‍ പദ്ധതിയുടെ തുടര്‍പ്രവൃത്തികളിലും ചന്ദ്രയാന്‍ 2 ന്റെയും ഭാഗമായ കെ രാധാകൃഷ്ണനെ മോദി ഭരണകൂടത്തിന്റെ വികസന പ്രതീകമായി ഉയര്‍ത്തിക്കാട്ടുവാന്‍ കഴിയുകയില്ല എന്നത് ശ്രദ്ധേയമാണ്. 2009-2014 കാലഘട്ടത്തില്‍ ഇന്ത്യയുടെ ചന്ദ്രയാന്‍ ദൗത്യത്തില്‍ വഹിച്ച പങ്കിന്റെ പാശ്ചാത്തലത്തിലാണ് യു എ ഇ ബഹിരാകാശ ഏജന്‍സിയില്‍ ഇദ്ദേഹം ഉന്നത സ്ഥാനത്തേക്ക് എത്തിപ്പെട്ടത്.

എന്നാല്‍ ഒമാന്‍ സന്ദര്‍ശനത്തിലും പതിവ് അവകാശ വാദങ്ങളാണ് മോദി പിന്തുടര്‍ന്നത്. മുന്‍ സര്‍ക്കാറിനെ കുറ്റപ്പെടുത്താന്‍ സമയം കണ്ടെത്തിയതിനൊപ്പം കൊച്ചി മെട്രോ റെയില്‍ പദ്ധതി വരെ തന്റെ ഭരണ നേട്ടമായി മോദി പ്രഭാഷണത്തില്‍ വിശദീകരിച്ചു. സന്ദര്‍ശന ഘട്ടത്തില്‍ ടൂറിസം, സൈനിക സഹകരണം, ഡിപ്ലോമാറ്റിക്, ഒഫീഷ്യല്‍, സര്‍വീസ്, സ്‌പെഷ്യല്‍ ഗണത്തില്‍ പെടുന്ന പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്ക് വിസ ഒഴിവാക്കുന്നതിനുള്ള കരാര്‍, വിദ്യാഭ്യാസ സഹകരണം എന്നിവയിലാണ് ധാരണയിലെത്തിയത്. നിലവില്‍ ഇന്ത്യയുമായി നിലനില്‍ക്കുന്ന ബന്ധങ്ങളില്‍ കൂടുതല്‍ ദൃഢത കൈവരിക്കാന്‍ ആയി എന്നല്ലാതെ സുപ്രധാന ചുവടുവെപ്പുകളോ ഒമാനിലെ ഇന്ത്യക്കാര്‍ക്കുള്ള സവിശേഷ നടപടികളോ ഉണ്ടായില്ല എന്നതും ഒമാന്‍ സന്ദര്‍ശനവും നിരാശ പടര്‍ത്തുന്നുണ്ട്.

 

 

Latest