ഉദ്യോഗാര്‍ഥികളെ നിയമിക്കാന്‍ ടോസിട്ട് മന്ത്രി

Posted on: February 14, 2018 8:16 am | Last updated: February 14, 2018 at 12:18 am

ചാണ്ഡിഗഢ്: ലക്ചറര്‍ നിയമനത്തിന് ഉദ്യോഗാര്‍ഥിയെ തീരുമാനിക്കാന്‍ ടോസിട്ട് പഞ്ചാബ് മന്ത്രി. രണ്ട് ഉദ്യോഗാര്‍ഥികളിലൊരാളെ നിയമിക്കുന്നതിനാണ് ടോസിട്ട് സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ മന്ത്രി ചരണ്‍ജിത് സിംഗ് ചാന്നി പുലിവാല്‍ പിടിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലായി. അതേസമയം, മന്ത്രിയുടെ പ്രവൃത്തിയെ ന്യായീകരിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. സുതാര്യ രീതിയില്‍ തീരുമാനം കൈക്കൊള്ളുക മാത്രമാണ് മന്ത്രി ഉദ്ദേശിച്ചതെന്നാണ് കോണ്‍ഗ്രസിന്റെ അവകാശവാദം.

പഞ്ചാബ് പബ്ലിക് സര്‍വീസ് കമ്മീഷന്‍ തിരഞ്ഞെടുത്ത 27 പേരുടെ നിയമനത്തിനിടെയാണ് സംഭവം. പട്യാലയിലെ പോളിടെക്‌നിക് കോളജില്‍ ഒരേ പോസ്റ്റിംഗിന് രണ്ട് ലക്ചറര്‍മാര്‍ ആവശ്യപ്പെട്ടപ്പോഴാണ് മന്ത്രി ടോസിട്ടത്. മെറിറ്റ് അടിസ്ഥാനത്തില്‍ തീരുമാനം കൈക്കൊള്ളണമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ അഭിപ്രായം. നിരവധി ഉദ്യോഗാര്‍ഥികളുടെ മുമ്പില്‍ വെച്ചായിരുന്നു മന്ത്രിയുടെ ടോസിംഗ്.

ലോകകപ്പില്‍ പോലും ടോസ് അടിസ്ഥാനത്തിലാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും മന്ത്രി കുറ്റമൊന്നും ചെയ്തിട്ടില്ലെന്നുമാണ് ഇതുസംബന്ധിച്ച കോണ്‍ഗ്രസ് നേതാവ് ചരണ്‍ സിംഗ് സപ്രയുടെ ന്യായീകരണം.