ഖത്വറില്‍ 5,000 വിദ്യാര്‍ഥികള്‍ക്ക് സൈബര്‍ സുരക്ഷാ പരിശീലനം

Posted on: February 11, 2018 7:34 pm | Last updated: February 11, 2018 at 7:37 pm

ദോഹ: രാജ്യത്ത് ഈ വര്‍ഷം 5000 വിദ്യാര്‍ഥികള്‍ക്ക് സൈബര്‍ സുക്ഷയുമായി ബന്ധപ്പെട്ട് വിദഗ്ധ പരിശീലനം നല്‍കും. ഡിജിറ്റല്‍ ലിറ്ററസി കരിക്കുലത്തിന്റെ നേതൃത്വത്തില്‍ ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെയും വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും സഹകരണത്തോടെയാണ് സൈബര്‍ സുരക്ഷാപരിശീലനം നല്‍കുന്നത്.

സൈബര്‍ സുരക്ഷ സംബന്ധിച്ച ട്രാന്‍പോര്‍ട്ട് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡിജിറ്റല്‍ ലിറ്ററസി കരിക്കുലം സൈബര്‍ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കാന്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. വെബ് ബ്രൗസറിലൂടെ പ്രഭാഷണം, ഏതു സമയത്തും സൗകര്യപ്രദമായി ആക്‌സസ് ചെയ്യാന്‍ ക്രോസ്സിംഗുകള്‍, ക്വിസ് തുടങ്ങിയവയുള്‍പ്പെടെ 16 കോഴ്‌സുകള്‍ ഉള്‍പ്പെടുത്തിയുള്ള പരിശീല പരിപാടിയാണ് സംഘടിപ്പിക്കുന്നത്. ഇതിന്റെ ആദ്യഘട്ടത്തില്‍ 12 അധ്യാപകര്‍ക്കും ഐ സി ടി അധ്യാപകര്‍ക്കും കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കും പ്രത്യേക പരിശീലനം നല്‍കും.
തുടര്‍ന്ന് ഇവര്‍ മറ്റു അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സൈബര്‍ സുരക്ഷാ വര്‍ക്ക്‌ഷോപ്പുകള്‍ നടത്തി വിശദമായ പരിശീലം നല്‍കുന്നതാണ് പദ്ധതി. ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതി പിന്നീട് വിപുലപ്പെടുത്തി മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പരിശീലനം ഉറപ്പുവരുത്തും. ഗ്രേഡ് 1 മുതല്‍ ഗ്രേഡ് 12 വിദ്യാര്‍ഥികള്‍ക്ക് ഇംഗ്ലീഷ്, അറബിക് പഠനങ്ങളില്‍ സൈബര്‍ സുരക്ഷാ ബോധവത്കരണം നല്‍കുക. ഈ വര്‍ഷം മുതല്‍ മുഴുവന്‍ അധ്യാപകരെയും ഉള്‍പ്പെടുത്തി പരിശീലന പരിപാടി വിപുലമാക്കും.

ഇതോടൊപ്പം അധ്യാപകര്‍ക്ക് പ്രത്യേകമായ സൈബര്‍ സുരക്ഷ പരിശീലനം നല്‍കുന്നതിന് വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ‘ഹസീന്‍’ എന്ന പേരില്‍ മറ്റൊരു പരിപാടിയും നടപ്പിലാക്കി വരുന്നുണ്ട്. ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയം നേരിട്ട് നടത്തുന്ന ‘ഹസീന്‍’ പരിശീലന പരിപാടിയില്‍ www.safespac-e.qa വഴി അധ്യാപകര്‍ക്ക് പങ്കെടുക്കാനാകും.

വിദ്യാര്‍ഥികള്‍ക്ക് പഠനത്തോടൊപ്പം ആരോഗ്യകരമായ സൈബര്‍ സംസ്‌കാരവും പകര്‍ന്ന് നല്‍കുന്നതിനായി നടപ്പിലാക്കിയ ‘ഹസീന്‍’ പരീശീല പരിപാടിയില്‍ നിലവില്‍ 1909 അധ്യാപകര്‍ സജീവമായി പങ്കെടുക്കുന്നുണ്ട്. സ്‌കൂള്‍ കരിക്കുലവുമായി ബന്ധപ്പെട്ട് വീഡിയോകള്‍, ക്വിസുകള്‍, ആനിമേഷനുകള്‍ തുടങ്ങി ഇംഗ്ലീഷിലും അറബിയിലുമായി 300 ലധികം പഠനപദ്ധതികളാണ് പരിപാടിയിലുള്ളത്.
ഇംഗ്ലീഷ്, അറബിക് ഭാഷ പാഠ്യപദ്ധതിക്ക് സഹായകരമായ പ്രവര്‍ത്തനങ്ങളും സൈബര്‍ സുരക്ഷാ ഉള്ളടക്കം നല്‍കുന്ന വിദ്യാഭ്യാസ വിഭവങ്ങളുമാണ് അധ്യാപകര്‍ക്കുന്ന പരിശീലന പരിപാടിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഒപ്പം അനിമേഷന്‍, വീഡിയോ, വര്‍ക്ക്ഷീറ്റുകള്‍, ഓഡിയോ ക്ലിപ്പുകള്‍, ആനിമേറ്റഡ് ക്വിസ്, ഇന്ററാക്ടീവ് വെബ് പരിപാടികളും തിരഞ്ഞെടുക്കാനാകും.
നിലവില്‍ സൈബര്‍ സുരക്ഷാ പരിശീലന പരിപാടിയുടെ അംബാസിഡര്‍മാരാരായി പ്രവര്‍ത്തിച്ചു വരുന്ന പരിപാടിയിലൂടെ വിദഗ്ധ പരിശീലനം ലഭിച്ച അധ്യാപകര്‍ സ്‌കൂളിലെ മറ്റു ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും മികച്ച പരിശീലനം നല്‍കി വരുന്നുണ്ട്.