ജൊഹന്നാസ്ബര്‍ഗ് ഏകദിനം: കിടിലന്‍ സെഞ്ച്വറിയുമായി ധവാന്‍, ദക്ഷിണാഫ്രിക്കക്ക് ജയിക്കാന്‍ 290

Posted on: February 10, 2018 7:14 pm | Last updated: February 10, 2018 at 10:04 pm

ജൊഹന്നാസ്ബര്‍ഗ്: ജൊഹന്നാസ്ബര്‍ഗ് ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കക്ക് 290 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യംബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത അന്‍പത് ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 289 റണ്‍സെടുത്തു.

ഓപണിംഗ് ബാറ്റ്‌സ്മാന്‍ ശിഖര്‍ ധവാന്റെ മിന്നുന്ന സെഞ്ച്വറിയുടെ കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 105 പന്തുകളില്‍ 11 ബൗണ്ടറിയും രണ്ട് സിക്‌സറുകളുമുള്‍പ്പെടെ ധവാന്‍ 109 റണ്‍സ് നേടി. നൂറാം ഏകദിനം കളിക്കുന്ന ധവാന്റെ പതിമൂന്നാം സെഞ്ച്വറിയാണിത്. 83 പന്തില്‍ 75 റണ്‍സെടുത്ത നായകന്‍ വിരാട് കോഹ്‌ലി ധവാന് ഉറച്ച പിന്തുണ നല്‍കി. കോഹ്‌ലിയും ധവാനും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 158 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. കോഹ്‌ലിയെ പുറത്താക്കിയ ക്രിസ് മോറിസാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. ധോണി 43 പന്തില്‍ 42 റണ്‍സെടുത്തു.

രോഹിത് ശര്‍മ (അഞ്ച്), രഹാനെ (എട്ട്), ശ്രേയസ് അയ്യര്‍ (18), പാണ്ഡ്യ (ഒമ്പത്), ഭുവനേശ്വര്‍ കുമാര്‍ (അഞ്ച്) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റ്‌സ്മാന്മാര്‍. അവസാന ഓവറുകളില്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞതോടെ റണ്ണൊഴുക്ക് കുറഞ്ഞത് ഇന്ത്യക്ക് തിരിച്ചടിയായി. ആറ് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളും ഇന്ത്യ ജയിച്ചിരുന്നു.