ലുലു എക്‌സ്‌ചേഞ്ച് ആര്‍ക്കിന്‍ ടെക്നോളജിയില്‍ 25 കോടി രൂപയുടെ നിക്ഷേപം നടത്തും

Posted on: February 8, 2018 8:59 pm | Last updated: February 8, 2018 at 8:59 pm
ലുലു എക്‌സ്‌ചേഞ്ച് ഹോള്‍ഡിംഗ്‌സ് എം ഡി അദീബ് അഹ്മദും ആര്‍കിന്‍ സി ഇ ഒ റാല്‍ഫ് സാന്റോസും

അബുദാബി: ലുലു എക്‌സ്‌ചേഞ്ച് ഹോള്‍ഡിംഗ്‌സ് ടെക് സ്റ്റാര്‍ട്ടപ്പായ ആര്‍ക്കിന്‍ ടെക്നോളജീസ് ലിമിറ്റഡില്‍ 25 കോടി രൂപയുടെ നിക്ഷേപം നടത്തും. ലുലു എക്‌സ്‌ചേഞ്ചിന്റെ ക്ലൗഡ് ബേങ്കിംഗ് അടക്കമുള്ള സാമ്പത്തിക രംഗങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മികച്ചതാക്കി ഡിജിറ്റല്‍ വിപ്ലവമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ക്ലൗഡ് ബേങ്കിംഗ് സംവിധാനം, റിയല്‍ ടൈം റെമിറ്റന്‍സ്, ബില്‍ പേയ്മെന്റ,് പ്രീപെയ്ഡ് വിസ, മാസ്റ്റര്‍ കാര്‍ഡുകള്‍ തുടങ്ങി എല്ലാ സേവനങ്ങളും സുശക്തമാക്കാന്‍ അബുദാബിയിലെ എ ഡി ജി എം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആര്‍ക്കിന്‍ ടെക്നോളജിയുമായുള്ള യോജിച്ച പ്രവര്‍ത്തനം സഹായിക്കും.

സാങ്കേതിക രംഗത്ത് നിക്ഷേപം നടത്തുക എന്നതിലുപരി ആര്‍ക്കിനുമായി യോജിച്ചുള്ള പ്രവര്‍ത്തനമാണ് ലക്ഷ്യമിടുന്നതെന്നും ഇത് തങ്ങളുടെ സേവനങ്ങള്‍ ശക്തവും കാര്യക്ഷമവും ആക്കാന്‍ സഹായിക്കുമെന്നും ലുലു എക്‌സ്‌ചേഞ്ച് ഹോള്‍ഡിംഗ്‌സ് എം ഡി അദീബ് അഹ്മദ് പറഞ്ഞു.