അഴിമതിക്കേസില്‍ ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഖാലിദ സിയക്ക് അഞ്ച് വര്‍ഷം തടവ്

Posted on: February 8, 2018 3:27 pm | Last updated: February 9, 2018 at 9:43 am

ധാക്ക: അഴിമതിക്കേസില്‍ ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവുമായ ഖാലിദ സിയക്ക് തടവ് ശിക്ഷ. അഞ്ച് വര്‍ഷത്തേക്കാണ് ശിക്ഷ. അനാഥാലയത്തിന്റെ പ്രവര്‍ത്തനത്തിനായി വകയിരുത്തിയ തുക മുക്കിയ കേസില്‍ ധാക്കയിലെ കോടതിയാണ് ശിക്ഷ വിധിച്ചത്. സിയയുടെ ട്രസ്റ്റ് 252,000 ഡോളറിന്റെ അഴിമതി നടത്തിയെന്നാണ് കേസ്.

സിയയുടെ മകന്‍ താരിഖ് റഹ്മാനും കേസിലെ പ്രതിയാണ്. മകനടക്കം മറ്റ് അഞ്ച് പ്രതികള്‍ക്ക് കോടതി പത്ത് വര്‍ഷത്തെ തടവും വിധിച്ചിട്ടുണ്ട്. ആരോപണങ്ങള്‍ നിഷേധിച്ച സിയ കേസ് രാഷ്ട്രീയപ്രേരിതമാണെന്നും ശക്തയായി തിരിച്ചുവരുമെന്നും പറഞ്ഞു.

വിധി പറയുമ്പോള്‍ സിയ അനുകൂലികള്‍ പ്രതിഷേധിച്ചു. ഇവരെ പിരിച്ചുവിടാന്‍ പോലീസ് ടിയര്‍ഗ്യാസ് പ്രയോഗിച്ചു.