Connect with us

International

രാഷ്ട്രീയ പ്രതിസന്ധി: ഇന്ത്യ ഒഴികെയുള്ള സുഹൃദ് രാജ്യങ്ങളുടെ സഹായം തേടി മാലദ്വീപ്

Published

|

Last Updated

മാലെ: രാജ്യത്ത് ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാന്‍ ഇന്ത്യ ഒഴികെയുള്ള സുഹൃദ് രാജ്യങ്ങളുടെ സഹായം തേടി മാലദ്വീപ് പ്രസിഡന്റ് അബ്ദുല്ല യമീന്‍. ചൈന, പാക്കിസ്ഥാന്‍, സഈദി അറേബ്യ എന്നീ രാജ്യങ്ങളോടാണ് അദ്ദേഹം സഹായം അഭ്യര്‍ഥിച്ചത്. രാജ്യത്തെ നിലവിലെ സ്ഥിതിഗതികള്‍ വിവരിക്കാനും സഹായമഭ്യര്‍ഥിക്കാനും ഈ രാജ്യങ്ങളിലേക്ക് നയതന്ത്ര പ്രതിനിധികളെ അയക്കാനാണ് പ്രസിഡന്റിന്റെ തീരുമാനം.

മാലദ്വീപിലെ രാഷ്ട്രീയ പ്രതിസന്ധി ഇന്ത്യ സൈനിക ഇടപെടലിലൂടെ പരിഹരിക്കണമെന്ന് മുന്‍ പ്രസിഡന്റ് മുഹമ്മദ് നശീദിന്റെ ആവശ്യത്തെ ചൈന എതിര്‍ത്തിരുന്നു.
രാഷ്ട്രീയ അരക്ഷിതാവസ്ഥ നേരിടുന്ന മാലദ്വീപില്‍ ഇന്ത്യ ഇടപെട്ടാല്‍ അത് പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുമെന്നായിരുന്നു ചൈനയുടെ വാദം. മാലദ്വീപിലെ പ്രതിസന്ധിയെ കൂടുതല്‍ സങ്കീര്‍ണമാക്കാതെ രാഷ്ട്രത്തിന്റെ പരമാധികാരത്തെ ബഹുമാനിച്ചുകൊണ്ടുള്ള സൃഷ്ടിപരമായ നിലപാടാണ് അന്തരാഷ്ട്ര സമൂഹം കൈകൊള്ളേണ്ടതെന്നും നിലവിലെ രാഷ്ട്രീയ പ്രതിസന്ധി രാഷ്ട്രീയപ്രേരിതമാണെന്നും ചൈനീസ് വക്താവ് അറിയിച്ചു. ഇന്ത്യയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന മുന്‍ പ്രസിഡന്റ് മുഹമ്മദ് നശീദിന്റെ അഭ്യര്‍ഥന സ്വീകരിക്കുന്ന കാര്യത്തില്‍ ഇന്ത്യ ചര്‍ച്ച നടത്തുന്നതിനിടെയാണ് ചൈനയുടെ ഭീഷണി. നിലവിലെ പ്രസിഡന്റ് അബ്ദുല്ല യമീനെ പിന്തുണക്കുന്ന ചൈന ഇന്ത്യയുടെ ഇടപെടലുണ്ടാകുമോയെന്ന് സസൂക്ഷമം വീക്ഷിക്കുകയാണ്.

അതിനിടെ, നശീദടക്കുള്ള രാഷ്ട്രീയ തടവുകാരെ വിട്ടയക്കുന്നതുമായി ബന്ധപ്പെട്ട കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസടക്കമുള്ള രണ്ട് ജഡ്ജിമാരെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് മൂന്ന് ജഡ്ജിമാരടങ്ങുന്ന ബഞ്ച് വിധിപുറപ്പെടുവിച്ചത്. പ്രതിപക്ഷ പാര്‍ട്ടിക്ക് അനുകൂലമായ കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാതിരുന്നതോടെയാണ് കഴിഞ്ഞയാഴ്ച മാലദ്വീപില്‍ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്.

Latest