ബാബരി കേസ്: വാദം കേള്‍ക്കുന്നത് മാര്‍ച്ച് 14ലേക്ക് മാറ്റി

Posted on: February 8, 2018 3:10 pm | Last updated: February 9, 2018 at 9:43 am
SHARE

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് നിലനിന്ന സ്ഥലയുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ വാദം കേള്‍ക്കുന്നത് സുപ്രീം കോടതി മാര്‍ച്ച് 14ലേക്ക് മാറ്റി. കേസുമായി ബന്ധപ്പെട്ട രേഖകളും പരിഭാഷകളും പൂര്‍ണമായും കോടതിയില്‍ എത്താത്ത സാഹചര്യത്തിലാണ് കേസ് പരിഗണിക്കുന്നത് നീട്ടിയത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, അബ്ദുല്‍ നസീര്‍ എന്നിവരടങ്ങിയ ബഞ്ചാണ് കേസ് പരിഗണിച്ചത്.

കേസില്‍ പരാതിക്കാരുടെ വാദം പൂര്‍ത്തിയായ ശേഷം മാത്രമേ കക്ഷി ചേര്‍ന്ന സുബ്രഹമണ്യം സ്വാമി, ശ്യാം ബെനഗര്‍ എന്നിവരുടെ വാദം കേള്‍ക്കൂവെന്ന് കോടതി വ്യക്തമാക്കി. പൂര്‍ണമായും ഭൂമിതര്‍ക്കമായി മാത്രമേ കേസ് പരിഗണിക്കുകയുള്ളൂവെന്നും കോടതി വ്യക്തമാക്കി.

ബാബറി മസ്ജിദ് നിന്ന അയോധ്യയിലെ രണ്ടേക്കര്‍ എഴുപത്തിയേഴ് സെന്റ് ഭൂമി സുന്നി വഖഫ് ബോര്‍ഡിനും രാമക്ഷേത്രത്തിന് വേണ്ടി കേസ് നടത്തിയ നിര്‍മോഹി അഖാഡക്കും രാംലല്ല വിരാജ്മനിനുമായി വിഭജിച്ച് നല്‍കിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെയുള്ള അപ്പീലുകളാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. അപ്രായോഗികമായ ഈ വിധിക്കെതിരെ മൂന്ന് കക്ഷികളും അപ്പീല്‍ നല്‍കിയിരുന്നു. വിഷയം ഭരണഘടനാ ബഞ്ചിന് വിടണമെന്ന് സുന്നി വഖഫ് ബോര്‍ഡ് ആവശ്യപ്പെടും.

ഉടന്‍ വാദം കേള്‍ക്കല്‍ ആരംഭിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെയും ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെയും നിലപാട്. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍, തര്‍ക്കഭൂമിയുമായി ബന്ധപ്പെട്ട ചരിത്രരേഖകള്‍ കോടതിക്ക് കൈമാറിയിരുന്നു. സംഘപരിവാര്‍ സംഘടനകള്‍ ഈമാസം പതിമൂന്ന് മുതല്‍ രഥയാത്ര നടത്താനിരിക്കെയാണ് കേസ് കോടതിയുടെ മുന്നിലെത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here