ആധാര്‍ സ്മാര്‍ട്ട് കാര്‍ഡ് രൂപത്തിലാക്കുന്നത് സുരക്ഷിതമല്ലെന്ന് യു ഐ ഡി എ ഐ

Posted on: February 7, 2018 9:24 am | Last updated: February 7, 2018 at 10:13 am

ന്യൂഡല്‍ഹി: സ്മാര്‍ട്ട് കാര്‍ഡ് രൂപത്തിലാക്കുന്ന ആധാര്‍ കാര്‍ഡ് ഉപയോഗയോഗ്യമല്ലെന്ന് യുനീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യു ഐ ഡി എ ഐ). പ്ലാസ്റ്റിക് ആധാര്‍ കാര്‍ഡുകള്‍ വിവരം ചോരുന്നതിന് വലിയ സാധ്യതയുള്ളതാണ്. ഉടമയറിയാതെ ആധാര്‍ വിശദാംശങ്ങള്‍ പങ്കുവെക്കപ്പെടാന്‍ ഇത്തരം കാര്‍ഡുകള്‍ കാരണമാകുന്നെന്നും യു ഐ ഡി എ ഐ പ്രസ്താവനയില്‍ അറിയിച്ചു.

കത്ത് രൂപത്തിലുള്ള ആധാര്‍, അതില്‍ നിന്ന് മുറിച്ചെടുക്കുന്ന പ്രത്യേക ഭാഗം, ഡൗണ്‍ലോഡ് ചെയ്തവ, സാധാരണ പേപ്പറിലുള്ളത്, എം ആധാര്‍ തുടങ്ങിയവ സാധുതയുള്ളതാണ്. അതേസമയം പ്ലാസ്റ്റികില്‍ പ്രിന്റ് ചെയ്ത ആധാര്‍ കാര്‍ഡുകള്‍ക്കെതിരെയാണ് മുന്നറിയിപ്പ്. ആധാര്‍ കാര്‍ഡുകള്‍ സ്മാര്‍ട്ട് രൂപത്തിലാക്കുന്നതിന് അമ്പത് മുതല്‍ 300 വരെ രൂപയാണ് പല ഷോപ്പുകളും ഈടാക്കുന്നത്. സ്മാര്‍ട്ട് കാര്‍ഡ് രൂപത്തിലാക്കുന്നത് അനാവശ്യമാണെന്നും ഇത്തരത്തില്‍ പ്രിന്റ് ചെയ്യുമ്പോള്‍ ക്യു ആര്‍ കോഡ് പ്രവര്‍ത്തനരഹിതമാകാന്‍ വരെ കാരണമാകുമെന്നും യു ഐ ഡി എ ഐ. സി ഇ ഒ അജയ് ഭൂഷണ്‍ പാണ്ഡെ പറഞ്ഞു. നിലവിലെ ആധാര്‍ കാര്‍ഡ് നഷ്ടപ്പെട്ടാലും https://eaadhaar.uidai.gov.in. എന്ന വെബ്‌സൈറ്റില്‍ കയറിയാല്‍ എപ്പോള്‍ വേണമെങ്കിലും ആധാര്‍ ഡൗണ്‍ലോഡ് ചെയ്യാം.

കളര്‍ പേജില്‍ അല്ലാതെ പ്രിന്റെടുക്കുന്നവയും സാധുതയുള്ളതാണ്. അതിനാല്‍ ആധാര്‍ സ്മാര്‍ട്ട് രൂപത്തിലാക്കുകയോ ലാമിനേറ്റോ ചെയ്യേണ്ടതില്ല. പൊതുജനങ്ങളില്‍ നിന്ന് അനധികൃത ഏജന്‍സികള്‍ ആധാര്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനെതിരെ യു ഐ ഡി എ ഐ മുന്നറിയിപ്പ് നല്‍കി. ആധാര്‍ വിവരങ്ങള്‍ ശേഖരിക്കുന്നതും അനധികൃത പ്രിന്റിംഗും ഏതെങ്കിലും തരത്തില്‍ അത്തരം ആളുകളെ സഹായിക്കുന്നതും കുറ്റകൃത്യമാണെന്നും യു ഐ ഡി എ ഐ ചൂണ്ടിക്കാട്ടി.