സിറിയയില്‍ വ്യോമാക്രമണം; മരണം നൂറ് കവിഞ്ഞു

Posted on: February 7, 2018 12:07 am | Last updated: February 7, 2018 at 12:07 am

ദമസ്‌കസ്: സിറിയയിലെ വിമത കേന്ദ്രങ്ങളില്‍ വ്യോമാക്രമണങ്ങള്‍ തുടരുന്നു. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം നൂറ് കവിഞ്ഞു. ഇന്നലെ ദമസ്‌കസിന് സമീപത്തെ ഗൗതയിലുണ്ടായ വ്യോമാക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ കൂടുതലും സാധാരണക്കാരാണ്. ദമസ്‌കസിന് സമീപത്തെ വിമത ശക്തിപ്രദേശമായ ഇദ്‌ലിബിലും ദൗമയിലുമാണ് ആക്രമണം ശക്തമായത്. വിഷവാതകങ്ങളടങ്ങിയ ബോംബുകള്‍ വര്‍ഷിച്ചത് ജീവഹാനിക്ക് കാരണമായതായി സന്നദ്ധ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. റഷ്യന്‍ യുദ്ധവിമാനം വിമതര്‍ വെടിവെച്ച് വീഴ്ത്തിയതോടെ രാജ്യത്തെ പ്രധാനവിമത കേന്ദ്രങ്ങള്‍ ലക്ഷ്യംവെച്ച് ആക്രമണം ശക്തമായിട്ടുണ്ട്. സിറിയന്‍ സൈന്യവും റഷ്യയുടെ വ്യോമസേനയുമാണ് ആക്രമണത്തിന് പിന്നിലെന്ന് വിമതര്‍ ആരോപിച്ചു. എന്നാല്‍, വിമത കേന്ദ്രങ്ങളില്‍ മാത്രമാണ് ആക്രമണം നടത്തുന്നതെന്നും അവിടെ രാസായുധങ്ങള്‍ ഉപയോഗിക്കുന്നില്ലെന്നും സിറിയന്‍ സര്‍ക്കാര്‍ വ്യക്തമാക്കി.
ഗൗതയുടെ കിഴക്കന്‍ മേഖലയില്‍ മാത്രം ഇന്നലെ 35 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇവിടെ തിങ്കളാഴ്ച 30 പേര്‍ മരിച്ചിരുന്നു. ഏറ്റുമുട്ടല്‍ രൂക്ഷമായതോടെ രക്ഷാപ്രവര്‍ത്തനം ദുസ്സഹമായതായി സിവില്‍ ഡിഫന്‍സ് വൃത്തങ്ങള്‍ അറിയിച്ചു. ജനവാസ കേന്ദ്രങ്ങളിലാണ് വ്യോമാക്രമണം നടക്കുന്നതെന്ന് വിമതര്‍ ആരോപിക്കുമ്പോള്‍ സര്‍ക്കാര്‍വിരുദ്ധ ആക്രമണങ്ങള്‍ നടത്തുന്ന വിമത സൈനിക കേന്ദ്രങ്ങളിലാണ് വ്യോമാക്രമണമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളും വ്യക്തമാക്കി.
അതിനിടെ, ദമസ്‌കസിലെ സര്‍ക്കാര്‍ സ്വാധീന മേഖലയിലുണ്ടായ ഷെല്ലാക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിന് പിന്നില്‍ വിമത തീവ്രവാദികളാണെന്ന് പോലീസ് വക്താക്കള്‍ അറിയിച്ചു. വിമത സേനക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് സര്‍ക്കാര്‍. അതേസമയം, മനുഷ്യാവകാശ പ്രവര്‍ത്തനത്തിനും രക്ഷാപ്രവര്‍ത്തനത്തിനുമായി അടിയന്തര വെടിനിര്‍ത്തല്‍ പ്രഖ്യാപനവുമായി ഐക്യരാഷ്ട്ര സഭ രംഗത്തെത്തി. വിമത കേന്ദ്രമായ സറാഖെബില്‍ ക്ലോറിന്‍ വാതക ബോംബ് വര്‍ഷിച്ചതുമായി ബന്ധപ്പെട്ട വിഷയത്തില്‍ അന്വേഷണം ആരംഭിച്ചതായി യു എന്‍ യുദ്ധക്കുറ്റ വിഭാഗം മേധാവികള്‍ വ്യക്തമാക്കി.