ഇടപാട് വിവാദം

Posted on: February 7, 2018 7:38 am | Last updated: February 6, 2018 at 11:43 pm

ബിനോയ് കോടിയേരിയുടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട വിവാദം മാധ്യമങ്ങളില്‍ നിറയുകയാണ്. അദ്ദേഹത്തിന്് ദുബൈയില്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയെന്ന വാര്‍ത്ത വന്നതോടെ വിശേഷിച്ചും. ജാസ് ടൂറിസം കമ്പനി നല്‍കിയ സിവില്‍ ഹരജിയില്‍ ദുബൈ കോടതിയാണ് ബിനോയിക്ക് ദുബൈയില്‍ നിന്ന് പുറത്തേക്കുള്ള യാത്രക്ക് നിരോധം ഏര്‍പ്പെടുത്തിയത്. കമ്പനിക്ക് നല്‍കാനുള്ള പത്ത് ലക്ഷം ദിര്‍ഹം (1.47 കോടി രൂപ) കൊടുത്തു തീര്‍ക്കുകയോ കേസ് ഒത്തുതീര്‍പ്പാക്കുകയോ ചെയ്യുന്നത് വരെ ദുബൈ വിട്ടു പോകരുതെന്നാണ് ഉത്തരവ്. ഇത് സാമ്പത്തിക തട്ടിപ്പിന് സ്ഥിരീകരണമാണെന്നാണ് രാഷ്ട്രീയ എതിരാളികള്‍ ആരോപിക്കുന്നത്. വിഷയം ഇന്നലെ നിയമസഭയില്‍ ബഹളത്തിനും പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്കിനും ഇടയാക്കി.

വര്‍ഷങ്ങളായി യു എ ഇയില്‍ ബിസിനസ് നടത്തുന്ന ബിനോയിക്ക് ബിസിനസിലുണ്ടായ ഇടിവിന്റെ ഫലമായി സംഭവിച്ചതാണ് വിവാദമായ സാമ്പത്തിക ബാധ്യത. ഇതൊരു തട്ടിപ്പോ വെട്ടിപ്പോ അല്ലെന്നാണ് ബിനോയിയും കുടുംബവും പറയുന്നത്. ബിസിനസില്‍ ഉയര്‍ച്ചയും താഴ്ചയും ഇതേ തുടര്‍ന്നുള്ള സാമ്പത്തിക ഇടപാടുകളും ബേങ്കില്‍ കാശില്ലാത്തതിനാല്‍ ചെക്കു മടങ്ങലുമെല്ലാം സാധാരണമാണ്. നാട്ടിലെ ബിസിനസ് സംരംഭങ്ങളിലും പ്രാവാസി മലയാളികളുമായി ബന്ധപ്പെട്ടും ഇത്തരം സംഭവങ്ങള്‍ ധാരളം നടക്കുന്നുമുണ്ട്. അതിനൊന്നുമില്ലാത്ത പ്രാധാന്യം ബിനോയി സംഭവത്തിന് കൈവന്നതും ചില പത്രങ്ങള്‍ അതൊരു ആഘോഷമാക്കിയതും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനാണ് ബിനോയ് എന്നതു കൊണ്ടാണ്. സി പി എം സമ്മേളനങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നുവെന്നതും നിമിത്തമായിരിക്കണം.

ഇന്ത്യക്ക് വെളിയില്‍ നടന്ന ഇടപാടാണിത്. സഭയിലെ ഒരു അംഗത്തിനും ഇതുമായി ബന്ധവുമില്ല. ദുബൈയിലെ വ്യാപാരവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ക്ക് ഇന്ത്യയിലോ കേരളത്തിലോ പരിഹാരം കാണാന്‍ വകുപ്പും ഇല്ല. ഭരണത്തിന്റെ തണലിലാണ് രാഷ്ട്രീയ നേതാക്കളുടെ മക്കള്‍ സാമ്പത്തിക തട്ടിപ്പ് നടത്തുന്നതെന്ന് സഭയില്‍ പ്രതിപക്ഷം കുറ്റപ്പെടുത്തിയെങ്കിലും മകന്റെ ദുബൈ ബിസിനസില്‍ കോടിയേരി രാഷ്ട്രീയ സ്വാധീനമുപയോഗപ്പെടുത്താനുള്ള സാധ്യത വിദൂരമാണ്. ഇത്തരമൊരു വിഷയത്തില്‍ നിയമസഭയില്‍ അടിയന്തരപ്രമേയം ഉന്നയിക്കാന്‍ ചട്ടം അനുവദിക്കുന്നുമില്ല. വ്യക്തിപരവും പാര്‍ട്ടിയെ ബാധിക്കാത്തതുമായ ആരോപണമായതിനാല്‍ പാര്‍ട്ടിയെയോ നേതാക്കളെയോ അതിലേക്ക് വലിച്ചിഴച്ച പ്രതിപക്ഷ നിലപാട് നീതീകരിക്കാവതല്ല.

പ്രശ്‌നത്തോടുള്ള സമീപനത്തില്‍ സി പി എം നേതൃത്വത്തിനും പിശകുകള്‍ സംഭവിച്ചു. കോടതിച്ചെലവടക്കം 13 ലക്ഷം ദിര്‍ഹം നല്‍കാനുണ്ടെന്ന് കാണിച്ചു ജാസ് ടൂറിസം കമ്പനി ഉടമയും യു എ ഇ പൗരനുമായ ഹസന്‍ ഇസ്മാഈല്‍ അബ്ദുല്ല അല്‍ മര്‍സൂഖി ഇന്ത്യയിലെത്തി സി പി എം നേതാക്കള്‍ക്ക് പരാതി നല്‍കുകയും കേന്ദ്ര നേതൃത്വം അത് കോടിയേരിക്ക് കൈമാറുകയും ചെയ്തപ്പോള്‍, മകന്‍ ദൈബൈയിലുണ്ടല്ലോ, അറബി എന്തിന് ഇന്ത്യയില്‍ വന്നു കറങ്ങുന്നുവെന്നായിരുന്നു കോടിയേരിയുടെ മറുപടി. ബിനോയിക്കെതിരെ ദുബൈയില്‍ ഒരു കേസുമില്ല. ഉണ്ടെങ്കില്‍ അവിടുത്തെ നിയമമനുസരിച്ചു കേസെടുക്കട്ടെ എന്നും അദ്ദേഹം പറയുകയുമുണ്ടായി. ദുബൈയില്‍ ഇതുസംബന്ധിച്ചു കേസിന് സാധ്യത വിരളമാണെന്ന വിശ്വാസത്തിലാണ് വിവാദം ഉയര്‍ന്നു വന്ന ഘട്ടത്തില്‍ ബിനോയ് അവിടേക്ക് യാത്രതിരിച്ചതും കോടിയേരി പ്രസ്താവന നടത്തിയതും. മകനെ ന്യായീകരിച്ചു രംഗത്തു വരാതിരിക്കുകയായിരുന്നു അദ്ദേഹത്തിന് ഉചിതം. ബിനോയിക്കെതിരായ കേസിലോ അദ്ദേഹത്തിന്റെ യാത്രാ വിലക്ക് നീക്കാനോ പാര്‍ട്ടി ഇടപെടില്ലെന്നാണ് പി ബി അംഗം എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞത്.
വിഷയത്തില്‍ ചില മാധ്യമങ്ങള്‍ കൈക്കൊണ്ട നിലപാടും സംശയാസ്പദമാണ്. അടുത്തിടെ ബി ജെ പി അധ്യക്ഷന്‍ അമിത്ഷായുടെ പുത്രന്‍ ജയ്ഷാ, കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്റെ പുത്രന്‍ കാര്‍ത്തി ചിദംബരം തുടങ്ങിയവര്‍ക്കെതിരെ സാമ്പത്തിക ക്രമക്കേടുകള്‍ ആരോപിക്കപ്പെടുകയും അത് കോടതി കയറുകയും ചെയ്തിരുന്നു. കേരളത്തില്‍ തന്നെ പ്രതിപക്ഷത്തെ പ്രമുഖ നേതാവിന് നിരവധി ചെക്കുകേസുകളുണ്ട്. ഇവയൊക്കെ ഭരണത്തിന്റെയും രാഷ്ട്രീയ സ്വാധീനത്തിന്റെയും തണലില്‍ ഇന്ത്യയില്‍ തന്നെ നടന്ന സംഭവങ്ങളായിട്ടും പല മാധ്യമങ്ങളും പ്രാധാന്യം നല്‍കുകയോ, ബന്ധപ്പെട്ട നേതാക്കളെയും പാര്‍ട്ടികളെയും പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ആയുധമാക്കുകയോ ചെയ്തില്ല. കോടിയേരി ബാലകൃഷ്ണന്റെ കാര്യത്തില്‍ പക്ഷേ ഈ ധര്‍മം പാലിച്ചു കണ്ടില്ല. രാഷ്ട്രീയ പ്രവര്‍ത്തകരുടെ ജീവിതവും ജീവിതരീതികളും ചര്‍ച്ചയാക്കുന്നത് വിമര്‍ശിക്കപ്പെടേണ്ടതല്ല. എന്നാല്‍ അത് നിഷ്പക്ഷവും സത്യസന്ധവുമായിരിക്കണം. വ്യക്തിഹത്യക്കോ പാര്‍ട്ടികളെ താറടിക്കാനോ ഉള്ള അവസരമായി അവ ദുരുപയോഗപ്പെടുത്തരുത്.