മലയാളികളുമായി ആഫ്രിക്കന്‍ തീരത്തുനിന്ന് കാണാതായ കപ്പല്‍ നാലു ദിവസങ്ങള്‍ക്കു ശേഷം കണ്ടെത്തി

  • രണ്ടു മലയാളികള്‍ ഉള്‍പ്പെടെ 22 ഇന്ത്യക്കാരാണ് കപ്പലിലുണ്ടായിരുന്നത്.
Posted on: February 6, 2018 2:00 pm | Last updated: February 6, 2018 at 3:09 pm

മുംബൈ: ആഫ്രിക്കന്‍ തീരത്തു കാണാതായ എംടി മറീന എക്‌സ്പ്രസ് എണ്ണകപ്പല്‍ നാലു ദിവസങ്ങള്‍ക്കുശേഷം കണ്ടെത്തി. രണ്ടു മലയാളികള്‍ ഉള്‍പ്പെടെ 22 ഇന്ത്യക്കാരാണ് കപ്പലിലുണ്ടായിരുന്നത്.

ജീവനക്കാരെല്ലാവരും സുരക്ഷിതരാണെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, കടല്‍ കൊള്ളക്കാര്‍ ആവശ്യപ്പെട്ട മോചനദ്രവ്യം കൊടുത്തിട്ടാണോ കപ്പല്‍ വിട്ടുകിട്ടിയതെന്നു വ്യക്തമല്ല. കപ്പല്‍ ഇപ്പോള്‍ ക്യാപ്റ്റന്റെ നിയന്ത്രണത്തിനു കീഴിലാണെന്ന് ഷിപ്പിങ് ഡയറക്ടര്‍ ജനറല്‍, മാലിനി ശങ്കര്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോടു പറഞ്ഞു.

കഴിഞ്ഞ മാസം 31നു വൈകിട്ട് ആറരയോടെയാണു കപ്പല്‍ കാണാതായത്. ഉദുമ പെരിലാവളപ്പ് അശോകന്റെ മകന്‍ ശ്രീഉണ്ണിയും മുംബൈ മലയാളിയുമടക്കം 22 യാത്രക്കാരാണു കപ്പലിലുണ്ടായിരുന്നത്.

അതേസമയം, ശ്രീഉണ്ണി അടക്കം 22 പേരെ വിട്ടയച്ചെന്ന വിവരം ബന്ധുക്കള്‍ക്കു ലഭിച്ചിട്ടുണ്ട്.

മേഖലയില്‍ ഒരു മാസത്തിനിടെ രണ്ടാം തവണയാണു കപ്പല്‍ കാണാതാകുന്നത്. പാനമയിലെ ആംഗ്ലോ ഈസ്‌റ്റേണ്‍ ഷിപ്പിങ് മാനേജ്‌മെന്റിന്റെ കീഴിലുള്ളതാണു കപ്പല്‍.