Connect with us

Editorial

ആശുപത്രികള്‍ക്ക് മൂക്കുകയര്‍

Published

|

Last Updated

ഏറെക്കാലമായി ചര്‍ച്ച ചെയ്യുന്നതും സാധാരണക്കാര്‍ ഏറെ ആഗ്രഹിക്കുന്നതുമാണ് കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ്ബില്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് തയാറാക്കിയതും വന്‍ സമ്മര്‍ദത്തെ തുടര്‍ന്ന് പല തവണ മാറ്റിവെച്ചതുമായ ബില്‍ കഴിഞ്ഞ വാരത്തിലാണ് നിയമസഭ അംഗീകരിച്ചത്. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളെയും ലബോറട്ടറികളെയും നിയന്ത്രിക്കാനും ഉടച്ചുവാര്‍ക്കാനും ലക്ഷ്യമിടുന്ന ബില്ലിന്റെ പരിധിയില്‍ അലോപ്പതി, ആയുര്‍വേദം, ഹോമിയോ തുടങ്ങി എല്ലാ തരം ചികിത്സാ വിഭാഗങ്ങളും ഉള്‍പ്പെടും. കേന്ദ്ര സര്‍ക്കാര്‍ 2010ല്‍ അംഗീകരിച്ച ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിന്റെ മാതൃകയില്‍ സംസ്ഥാനത്തിന്റെ പ്രത്യേക സാഹചര്യങ്ങള്‍ കൂടി കണക്കിലെടുത്താണ് ബില്‍ തയാറാക്കിയത്.

സര്‍ക്കാര്‍ ആശുപത്രികളുടെ നിലവാരക്കുറവും സൗകര്യങ്ങളുടെ അപര്യാപ്തതയും ആവശ്യത്തിന് മരുന്നില്ലാത്തതും മൂലം കേരളിയരില്‍ 70 ശതമാനത്തോളം ചികിത്സക്ക് സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. എന്നാല്‍, ആവശ്യമില്ലാത്ത ടെസ്റ്റുകള്‍ നടത്തിയും അത്ര ഗുരുതരമല്ലാത്ത രോഗങ്ങള്‍ക്ക് പോലും ഐ സി യുവില്‍ കിടത്തിയും ശസ്ത്രക്രിയകള്‍ക്ക് വന്‍ ഫീസ് ഈടാക്കിയും സ്വകാര്യ ആശുപത്രികള്‍ രോഗികളെ പരമാവധി പിഴിയുന്നു. ഇത് നിയന്ത്രിക്കാനായി സ്വകാര്യ ആശുപത്രികളിലെ ഫീസ് ഏകീകരണം ലക്ഷ്യമിടുന്ന ബില്‍ ആശുപത്രികളില്‍ ഫീസ് നിരക്ക് പ്രദര്‍ശിപ്പിക്കണമെന്നും വ്യവസ്ഥ ചെയ്യുന്നുണ്ട്. രോഗികളില്‍ നിന്നും വാങ്ങുന്ന ഫീസും മറ്റു സേവനത്തിനുള്ള ചാര്‍ജും അപ്പപ്പോള്‍ വെബ് സൈറ്റില്‍ പ്രദര്‍ശിപ്പിക്കുകയും വേണം. തത്സമയം തന്നെ ഇത് ക്ലിനിക്കല്‍എസ്റ്റാബ്ലിഷ്‌മെന്റ് കൗണ്‍സിലിന്റെ പോര്‍ട്ടിലെത്തിച്ചേരുന്നതിനാല്‍ ആശുപത്രി മാനേജുമെന്റുകള്‍ക്ക് വെട്ടിപ്പിനുള്ള സാധ്യതയും മങ്ങുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അതേസമയം ഓരോ ചികിത്സക്കും ടെസ്റ്റുകള്‍ക്കും പരമാവധി ഈടാക്കാകുന്ന സംഖ്യ നിശ്ചയിച്ചു അതില്‍ കൂടുതല്‍ വാങ്ങുന്നത് തടയാതെ ഫീസ് നിരക്ക് പ്രദര്‍ശിപ്പിക്കണമെന്ന വ്യവസ്ഥ കൊണ്ട് കൊള്ള തടയാനാകില്ലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. കേന്ദ്ര ഡയറക്ടര്‍ ജനറല്‍ ഇത്തരത്തില്‍ ചികിത്സാനിരക്ക് നിശ്ചയിച്ച കാര്യം അവര്‍ ചൂണ്ടിക്കാട്ടുന്നു. ഈ നിര്‍ദേശം പരിഗണിക്കപ്പെടേണ്ടതാണ്.

ആശുപത്രികളിലും ലാബുകളിലും ലഭ്യമാകേണ്ട സൗകര്യങ്ങളുടെയും സേവനങ്ങളുടെയും ഏറ്റവും കുറഞ്ഞ നിലവാരം നിര്‍ണയിച്ച് ആതുര സേവനരംഗത്ത് ഐക്യരൂപം കൊണ്ടുവരികയെന്നതും ബല്ലിന്റെ ലക്ഷ്യമാണ്. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്യാത്തതും ഔദ്യോഗികമായി നിശ്ചയിക്കപ്പെടുന്ന മാനദണ്ഡമില്ലാത്തതുമായ ഒരു ആതുരാലയത്തിനും ലബോറട്ടറിക്കും പ്രവര്‍ത്തിക്കാനാവില്ല. രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ നിശ്ചിത മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് അറിയാന്‍ നിരന്തര പരിശോധന നടത്താനും ബില്‍ നിര്‍ദേശിക്കുന്നു. മാനദണ്ഡങ്ങളില്‍ നിന്ന് ആശുപത്രികള്‍ വ്യതിചലിക്കുകയോ നിലവാരമുള്ള ചികിത്സ നല്‍കാതിരിക്കുകയോ ചെയ്താല്‍ പരാതി നല്‍കാന്‍ സംവിധാനമുണ്ടാകും. പരാതി ശരിയെന്ന് കണ്ടാല്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ കൗണ്‍സിലിന് കൈക്കൊള്ളാവുന്നതാണ്. സ്ഥാപനങ്ങളുടെ നിലവാരം നിര്‍ണയിക്കേണ്ടത് കൗണ്‍സിലാണ്.

യാതൊരു യോഗ്യതയും പരിശീലനവുമില്ലാതെ അശാസ്ത്രീയ ചികിത്സകള്‍ നല്‍കി രോഗികളെ ചൂഷണം ചെയ്യുന്ന ധാരാളം വ്യാജചികിത്സകര്‍ സംസ്ഥാനത്തുണ്ട്. പ്രാഥമിക ചികിത്സയും രോഗനിര്‍ണയവും മാത്രം നടത്തുന്ന സ്ഥാപനങ്ങളെ ബില്ലിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയത് ഇത്തരം വ്യാജന്മാര്‍ക്ക് ഗുണം ചെയ്യുമെന്ന ആശങ്കയുണ്ട്. കേന്ദ്ര നിയമപ്രകാരം സായുധ സേനകളുമായി ബന്ധപ്പെട്ട ക്ലിനിക്കുകളെ മാത്രമായിരുന്നു രജിസ്‌ട്രേഷന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിരുന്നത്. നിയമം ചെറുകിട- ഇടത്തരം ആശുപത്രികളെ പ്രതിസന്ധിയിലാക്കുമെന്നും സന്ദേഹിക്കപ്പെടുന്നു. ബില്ലില്‍ പറയുന്ന ഉയര്‍ന്ന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിവരുമ്പോള്‍ ഇത്തരം സ്ഥാപനങ്ങള്‍ ചികിത്സാ ഫീസും ഉയര്‍ത്തേണ്ടി വരും. ഇത് ഗ്രാമീണ ജനതക്ക് കുറഞ്ഞ ചെലവില്‍ ചികിത്സ ലഭിക്കാനുള്ള അവസരം നഷ്ടപ്പെടുത്തും.

ഗ്രാമ പ്രദേശങ്ങളിലെ ആശുപത്രികളിലെ ഫീസ് വര്‍ധിപ്പിച്ചാല്‍ രോഗികള്‍ വന്‍കിട ആശുപത്രികളിലേക്ക് ചികിത്സ തേടിപ്പോകും. വന്‍കിട ആശുപത്രികളുടെ സൗകര്യങ്ങളില്ലെങ്കിലും സമൂഹത്തിന് ചെലവ് കുറഞ്ഞ ചികിത്സ ലഭ്യമാക്കുന്നവയാണ് ചെറുകിട സ്ഥാപനങ്ങളില്‍ ഏറെയും. കൗണ്‍സില്‍ ആശുപത്രികളുടെ നിലവാരം നിശ്ചയിക്കുമ്പോള്‍ ഇടത്തരം, ചെറുകിട ആശുപത്രികളുടെ കാര്യത്തില്‍ ഉദാരമായ സമീപനം സ്വീകരിക്കുകയാണ് ഇതിനുള്ള മാര്‍ഗം. ആശുപത്രികളിലും ലബോറട്ടറികളിലും ലഭ്യമാക്കേണ്ട മിനിമം സൗകര്യങ്ങളും സേവനങ്ങളും സര്‍ക്കാര്‍ ആശുപത്രികളില്‍ ഉറപ്പാക്കേണ്ടതുമാണ്. സര്‍ക്കാര്‍ ആശുപത്രികള്‍ മിനിമം മാന്യതയെങ്കിലും പുലര്‍ത്തിയാല്‍ സാധാരണക്കാരന്‍ കിടപ്പാടം വിറ്റു സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ദുസ്ഥിതി ഒഴിവാക്കാനാകും.