കുരുന്ന് അതിഥികള്‍ക്കായി പ്രത്യേക കലാവിരുന്നൊരുക്കി ആഗോള ഗ്രാമം

Posted on: February 5, 2018 11:37 pm | Last updated: February 5, 2018 at 11:37 pm

ദുബൈ: ആഗോള സവിശേഷ കാഴ്ചകള്‍ സമ്മാനിക്കുന്ന ഗ്ലോബല്‍ വില്ലേജില്‍ കുരുന്നു അതിഥികള്‍ക്കായി പ്രത്യേക പരിപാടികള്‍. ലോകോത്തര കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളോടൊപ്പം വേദി പങ്കിടാനുള്ള അവസരം ലഭിക്കും. ഈ മാസം മൂന്നിന് ആരംഭിച്ച കിഡ്‌സ് ഫെസ്റ്റിവല്‍ 24 വരെ നീണ്ടു നില്‍ക്കും.
പുതുമയാര്‍ന്ന വിവിധ കലാ പ്രകടനങ്ങള്‍ ഒരുക്കി മേഖലയിലെ പ്രധാന വിനോദ കേന്ദ്രം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി എത്തുന്ന സഞ്ചാരികളെയും കുരുന്നു അഥിതികളെയും ആകര്‍ഷിക്കുകയാണ്.

ഇത് തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ആസ്വാദകര്‍ക്കായി ആഗോള ഗ്രാമത്തില്‍ ഫെസ്റ്റിവല്‍ ഒരുക്കുന്നത്. റോമന്‍ ആംഫി തിയറ്റിലാണ് പ്രത്യേകമായുള്ള പരിപാടികള്‍ അരങ്ങേറുക. കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും കൂടുതല്‍ ആസ്വാദ്യകരമായ പദ്ധതികള്‍ ഒരുക്കുക എന്ന ഗ്ലോബല്‍ വില്ലേജ് അധികൃതരുടെ ലക്ഷ്യങ്ങള്‍ പ്രവര്‍ത്തി പഥത്തിലെത്തിക്കുകയെന്നതിനാണ് പ്രഥമലക്ഷ്യം.
രാജ്യത്തെ 40 വിദ്യാലയങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കായി ഫൂട്‌ബോള്‍ മത്സരമൊരുക്കുന്നതാണ് പരിപാടികളുടെ പ്രധാന ആകര്‍ഷണം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്മാര്‍ കുട്ടികള്‍ക്കായി ശില്‍പശാലകള്‍ നടത്തും. വിവിധങ്ങളായ കലാ പ്രകടനങ്ങളില്‍ പരിശീലനം നേടുന്നതിനും ആഗോള ഗ്രാമത്തിലെ പ്രധാന വേദിയില്‍ കുട്ടികള്‍ക്ക് അവ അവതരിപ്പിക്കുന്നതിനും അധികൃതര്‍ അവസരം ഒരുക്കിയിട്ടുണ്ട്.

ഫെയ്സ് പെയിന്റിംഗ്, ബലൂണ്‍ മോഡലിംഗ്, വിവിധങ്ങളായ തെരുവ് പ്രകടനങ്ങള്‍, പ്രത്യേകമായ പാമ്പും കോണിയും കളി എന്നിവക്ക് പുറമെ മുതിര്‍ന്നവര്‍ക്ക് പരിപാടികളില്‍ പങ്കെടുക്കുന്നതിനും അവസരമുണ്ട്.
കുടുംബമടക്കം ലോകോത്തര വിനോദങ്ങളില്‍ പങ്ക് ചേരുന്നതിനുള്ള മികച്ച അവസരമാണ് ഒരുക്കുന്നത്. വര്‍ധിച്ച ജന പങ്കാളിത്തം കൂടുതല്‍ സവിശേഷമായ പരിപാടികള്‍ ഒരുക്കുന്നതിന് തങ്ങള്‍ക്ക് പ്രചോദനമേകിയിട്ടുണ്ട്. കൂടുതല്‍ മികവുറ്റ പരിപാടികള്‍ ഒരുക്കി ഈ വര്‍ഷവും കുരുന്നുകളെ ആകര്‍ഷിക്കുന്നതിനാണ് പ്രത്യേക പരിപാടികള്‍ ഒരുക്കിയിട്ടുള്ളത്. മികച്ച ആരോഗ്യമുള്ള പുതു തലമുറയെ വാര്‍ത്തെടുക്കുകയെന്ന യു എ ഇയുടെ വീക്ഷണങ്ങള്‍ക്കനുസരിച്ചാണ് പ്രത്യേക കലാ പ്രകടനങ്ങളോടൊപ്പം കായിക പ്രാധാന്യമുള്ള മത്സരങ്ങളും സംഘടിപ്പിക്കുന്നതെന്ന് ഗ്ലോബല്‍ വില്ലേജ് സി ഇ ഒ ബദര്‍ അന്‍വാഹി പറഞ്ഞു.

ലോകോത്തര കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായ ആംഗ്രി ബേര്‍ഡ്, ചോട്ടാ ഭീം എന്നിവര്‍ക്കൊപ്പം പ്രകടങ്ങളില്‍ പങ്കുചേരുന്നതിനും ഗ്ലോബല്‍ വില്ലേജിന്റെ സവിശേഷ അംബാസഡറായ ഗ്ലോബോയുടെയും സംഘത്തിന്റെയും ഒപ്പം വിനോദങ്ങളില്‍ ഏര്‍പെടുന്നതിനും പ്രത്യേക സൗകര്യമുണ്ട്.
15 ദിര്‍ഹത്തിന് ആഗോള ഗ്രാമത്തിലേക്കുള്ള പ്രവേശന ടിക്കറ്റ് കരസ്ഥമാക്കുന്നതോടെ കുരുന്ന് അഥിതികള്‍ക്കായി ഒരുക്കിയിട്ടുള്ള കലാ പ്രകടങ്ങളിലേക്കും പ്രവേശനം ലഭിക്കും. കഴിഞ്ഞ നവംബറില്‍ ആരംഭിച്ച 2-ാമത് ഗ്ലോബല്‍ വില്ലേജ് സീസണ്‍ പരിപാടികള്‍ ഏപ്രില്‍ ഏഴിന് സമാപിക്കും.