റോഡപകടങ്ങളില്‍ പെടുന്നവര്‍ക്ക് ആദ്യ 48 മണിക്കൂര്‍ സൗജന്യ ചികിത്സ ഉറപ്പാക്കിയതായി മുഖ്യമന്ത്രി

Posted on: February 5, 2018 3:05 pm | Last updated: February 5, 2018 at 3:06 pm

തിരുവനന്തപുരം: റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് ആദ്യ 48 മണിക്കൂര്‍ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളില്‍ സൗജന്യചികിത്സ ഉറപ്പാക്കുന്ന തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരുക്കേല്‍ക്കുന്നവരെ വിദഗ്ദ്ധ ചികിത്സ ലഭിക്കുന്ന ട്രോമ കെയര്‍ സംവിധാനമുള്ള ആശുപത്രിയില്‍ വേഗത്തില്‍ എത്തിക്കുന്നതിനുള്ള ആംബുലന്‍സ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ട്. അതിനായി, സംസ്ഥാന വ്യാപകമായി ആംബുലന്‍സ് സര്‍വീസ് ലഭ്യമാക്കാന്‍ ഇ നെറ്റ്‌വര്‍ക്ക് ശൃംഖ്ക്ക് രൂപം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

റോഡപകടങ്ങളില്‍ പരുക്കേല്‍ക്കുന്നവര്‍ക്ക് മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങള്‍ സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ഇന്ന് പൊതുവില്‍ ലഭ്യമാണ്. എന്നാല്‍, യഥാസമയം ആശുപത്രിയില്‍ എത്തിക്കാന്‍ കഴിയാത്തതിനാലും, പല കാരണങ്ങളാല്‍ ശരിയായ ചികിത്സ ലഭിക്കാത്തതിനാലും വിലപ്പെട്ട ജീവനുകള്‍ നഷ്ടപ്പെടുന്ന സംഭവങ്ങള്‍ പലപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. പരുക്കേല്‍ക്കുന്നവരെ ആശുപത്രിയിലെത്തിക്കാന്‍ ദൃക്‌സാക്ഷികള്‍ വിമുഖത കാട്ടുന്നത് അപകടവുമായി ബന്ധപ്പെട്ട കേസുകളില്‍ സാക്ഷി പറയേണ്ടിവരുമെന്ന ഭയം മൂലമാണ് എന്ന പ്രശ്‌നവും ഉയര്‍ന്നുവന്നിട്ടുണ്ട്. അപകടത്തില്‍പ്പെടുന്നവരെ ആശുപത്രിയില്‍ എത്തിക്കുന്നവരെ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള നിര്‍ദ്ദേശങ്ങള്‍ സുപ്രീം കോടതി 2016ല്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതുപ്രകാരവും പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക് യാതൊരുവിധ നിയമ നടപടികളും നേരിടേണ്ടിവരില്ല.

ജീവന്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പോലീസില്‍ നിന്നും യാതൊരു ബുദ്ധിമുട്ടും ഉണ്ടാകരുതെന്ന നിര്‍ദ്ദേശം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.