ക്ഷേമ പെന്‍ഷനുകളിലെ അനര്‍ഹര്‍

Posted on: February 5, 2018 9:31 am | Last updated: February 5, 2018 at 9:31 am

രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ക്ഷേമ പെന്‍ഷന്‍ വിതരണത്തിലെ ക്രമക്കേടുകള്‍ ഒഴിവാക്കാനുള്ള തീരുമാനത്തിലാണ് സര്‍ക്കാര്‍. പെന്‍ഷന്‍ പട്ടികയിലെ അനര്‍ഹരെ കണ്ടെത്തുന്നതിന് സമിതിയെ നിയോഗിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് കഴിഞ്ഞ സെപ്തംബറില്‍ വ്യക്തമാക്കിയിരുന്നു. ബജറ്റിലും ഇക്കാര്യം ഊന്നിപ്പറഞ്ഞിട്ടുണ്ട്. ദുര്‍ബല വിഭാഗങ്ങള്‍ക്കുളള സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ ഒട്ടനവധി അനര്‍ഹര്‍ കൈപ്പറ്റിവരുന്നതായി വ്യാപകമായ ആക്ഷേപമുണ്ട്്. ഒന്നിലധികം പെന്‍ഷനുകള്‍ കൈപ്പറ്റുന്നവരും സാമൂഹികമായും സാമ്പത്തികമായും മുന്‍പന്തിയില്‍ നില്‍ക്കുന്നവരുമായ നിരവധി പേരുണ്ട് പെന്‍ഷന്‍ വാങ്ങുന്നവരില്‍.

സംസ്ഥാനത്ത് കര്‍ഷക തൊഴിലാളി പെന്‍ഷന്‍ പട്ടികയിലാണ് ഏറ്റവും വലിയ ക്രമക്കേട്. വരുമാന പരിധി കടന്നവരും നിശ്ചിത പ്രായപരിധി എത്തിയിട്ടില്ലാത്തവരുമായ ആയിരക്കണക്കിനാളുകള്‍ പല വിധ സ്വാധീനത്തിലൂടെ കര്‍ഷക പെന്‍ഷന്‍ വാങ്ങിക്കുന്നതായി ലോക്കല്‍ ഫണ്ട് ഓഡിറ്റില്‍ കണ്ടെത്തിയിരുന്നു. കാര്‍ഷിക പെന്‍ഷന്‍ ലഭിക്കുന്നതിനുള്ള വാര്‍ഷിക വരുമാന പരിധിയായ ഒരു ലക്ഷം രൂപക്ക് മുകളില്‍ വരുമാനമുള്ളവര്‍ പെന്‍ഷന്‍ പട്ടികയില്‍ കടുന്നു കൂടിയിട്ടുണ്ട്. 60 വയസ്സ് കഴിഞ്ഞവര്‍ക്കാണ് പെന്‍ഷനുള്ള അര്‍ഹത. അതേസമയം ഐഡന്റിറ്റി കാര്‍ഡ് അനുസരിച്ചു 60ല്‍ താഴെയുള്ളവര്‍, കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റില്‍ വയസ്സ് കൂട്ടിക്കാണിച്ചു പെന്‍ഷന്‍ കൈപ്പറ്റുന്നു. വിധവാ പെന്‍ഷന്‍, വാര്‍ധക്യ പെന്‍ഷന്‍, ഭിന്നശേഷിയുളളവര്‍ക്കുളള പെന്‍ഷന്‍, നിത്യരോഗികള്‍ക്കുളള പെന്‍ഷന്‍, കര്‍ഷിക പെന്‍ഷന്‍ എന്നിവക്ക് പുറമെ കശുവണ്ടി, കയര്‍, കൈത്തൊഴില്‍, തയ്യല്‍ തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ക്ഷേമബോര്‍ഡുകള്‍ വഴിയുളള പെന്‍ഷനുകള്‍ എന്നിങ്ങനെ നിരവധി പെന്‍ഷന്‍ നിലവിലുണ്ട്. സര്‍ക്കാ റിന്റെ പുതിയ ഉത്തരവ് പ്രകാരം വികലാംഗര്‍, സ്വന്തം പങ്കാളിത്തത്തോടെ പെന്‍ഷന്‍ ലഭിക്കുന്ന ക്ഷേമനിധി അംഗങ്ങള്‍ എന്നിവരൊഴികെയുളളവര്‍ക്ക് ഒരു പെന്‍ഷനേ അര്‍ഹതയുള്ളൂ. എന്നാല്‍ ഭിന്നശേഷി പെന്‍ഷനും വിധവാ പെന്‍ഷനും വാങ്ങിക്കൊണ്ടിരിക്കെ കര്‍ഷക തൊഴിലാളി പെന്‍ഷനും വാങ്ങുന്നുണ്ട് പല വിരുതന്മാരും. ക്ഷമനിധി ബോര്‍ഡുകളില്‍ നിന്ന് പെന്‍ഷന്‍ വാങ്ങുന്നവര്‍ തന്നെ പഞ്ചായത്തുകളില്‍ നിന്നുളള ക്ഷേമ പെന്‍ഷനുകളും പഞ്ചായത്തിന്റെ ഫാമിലി പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ സംസ്ഥാന സര്‍ക്കാറില്‍ നിന്നുള്ള ക്ഷേമ പെന്‍ഷനുകളും വാങ്ങിക്കുന്നു.

ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുളളവര്‍ക്കാണ് ക്ഷേമ പെന്‍ഷനുകള്‍ക്ക് അര്‍ഹതയെങ്കിലും സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്ന പലരും രേഖകളില്‍ കൃത്രിമം കാണിച്ചു വ്യാജ സര്‍ട്ടിഫിക്കറ്റ് സമ്പാദിക്കുകയാണ്. ഭൂമി മക്കളുടെ പേരില്‍ എഴുതി വെക്കുക, കൂടെ താമസിക്കുന്ന മക്കള്‍ ഉദ്യോഗസ്ഥരും സമ്പന്നരുമാണെങ്കിലും അക്കാര്യം മറച്ചു വെക്കുക, ഈ ലക്ഷ്യത്തില്‍ ഒരേ കുടുംബത്തില്‍ തന്നെ ഒന്നിലധികം റേഷന്‍ കാര്‍ഡുകള്‍ തരപ്പെടുത്തുക എന്നിങ്ങനെ വരുമാനം കുറച്ചു കാണിക്കാന്‍ പല വിധ തന്ത്രങ്ങളും പ്രയോഗിക്കാറുണ്ട്. അര്‍ഹതയില്ലാതെ ലഭിക്കുന്ന പെന്‍ഷന്‍ പലരും ദുരുപയോഗം ചെയ്യുകയാണ്. സെന്‍സസ് പ്രകാരം അറുപത് വയസ്സായവരുടെ അത്രതന്നെ ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളുമുണ്ട് സംസ്ഥാനത്ത്. ഇരുപത്തിയഞ്ച് ലക്ഷത്തില്‍ നിന്ന് പെന്‍ഷന്‍ വാങ്ങുന്നവരുടെ എണ്ണം മൂന്ന് വര്‍ഷം കൊണ്ട് 41 ലക്ഷമായി വര്‍ധിക്കുകയുണ്ടായി. അനര്‍ഹര്‍ പട്ടികയില്‍ കയറിപ്പറ്റിയതു കൊണ്ടാണ് ഇത്രയും ഭീമമായ വര്‍ധനവെന്നാണ് സര്‍ക്കാര്‍ വിശ്വസിക്കുന്നത്.
പഞ്ചായത്തുകളില്‍ നേരിട്ടും ഗ്രാമസഭകളും വാര്‍ഡ് മെമ്പര്‍മാരും വഴിയും ലഭിക്കുന്ന അപേക്ഷകളില്‍ നിന്നാണ് ക്ഷേമപെന്‍ഷനുകള്‍ക്ക് അര്‍ഹതപ്പെട്ടവരെ കണ്ടെത്തുന്നത്. പഞ്ചായത്ത് ജനറല്‍ മീറ്റിംഗില്‍ ഈ പട്ടിക പരിശോധിച്ച് അര്‍ഹരുടെ പട്ടിക തയ്യാറാക്കുന്നു. ഇത് സാമൂഹിക നീതി വകുപ്പിന്റെ സേവന പെന്‍ഷന്‍ വെബ്‌സൈറ്റിലേക്ക് എന്റര്‍ ചെയ്യും. തുടര്‍ന്ന് കലക്ടറേറ്റാണ് സൂക്ഷ്മപരിശോധന നടത്തി ഗുണഭോക്താക്കളുടെ അന്തിമ പട്ടിക അംഗീകരിക്കുന്നത്. കലക്ടറേറ്റില്‍ നിന്ന് പാസ്സാക്കിയ തീയതി മുതല്‍ ഇവര്‍ക്ക് പെന്‍ഷന്‍ ലഭിക്കുന്നു.

അപേക്ഷ കടന്നു പോകുന്ന വഴികളില്‍ പല വിധ സ്വാധീനങ്ങളിലൂടെയുമാണ് അനര്‍ഹര്‍ പട്ടികയില്‍ കയറിപ്പറ്റുന്നത്. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ഇനത്തില്‍ പ്രതിവര്‍ഷം സര്‍ക്കാര്‍ ചെലവിടുന്നത് 6,000 കോടിയാണ്. പെന്‍ഷന്‍ വാങ്ങുന്നവരില്‍ അഞ്ച് ലക്ഷം പേരെങ്കിലും അനര്‍ഹരാണെന്നാണ് വിലയിരുത്തല്‍. വികസന പദ്ധതികള്‍ക്കും സാമൂഹിക ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും കടമെടുക്കേണ്ട ഗതികേടിലെത്തിയ സംസ്ഥാനത്ത് അനര്‍ഹരായ ഇത്രയും പേരെ ഒഴിവാക്കാനായാല്‍ വലിയൊരു ആശ്വാസമാകും. രണ്ടേക്കര്‍ സ്ഥലം, 1200 ചതുരശ്ര അടി വീടുള്ളവര്‍, ആദായ നികുതി കൊടുക്കുന്നവര്‍, അവര്‍ക്കൊപ്പം താമസിക്കുന്ന ആശ്രിതര്‍ എന്നിവരെ ഒഴിവാക്കാനാണ് തീരുമാനം. അനര്‍ഹമായി രണ്ട് പെന്‍ഷന്‍ വാങ്ങുന്നവരെയും പിടികൂടും. എന്നാല്‍ ഏറെ ശ്രമകരമാണ് ഈ ദൗത്യം. അനര്‍ഹനെങ്കില്‍ പോലും കിട്ടിക്കൊണ്ടിരിക്കുന്ന ഒരു ആനുകൂല്യം തടയപ്പെടുന്നത് ആരും ഇഷ്ടപ്പെടില്ലെന്നതിനാല്‍ അതിന് പാരപണിയാനുള്ള നീക്കം സ്വാഭാവികമാണ്. വോട്ടു ബേങ്ക് ലക്ഷ്യമാക്കി ഭരണ പാര്‍ട്ടിക്കാര്‍ തന്നെ അനര്‍ഹര്‍ക്ക് വക്കാലത്തുമായി രംഗത്ത് വരികയും ചെയ്യും. സര്‍ക്കാറിന്റെ ഇച്ഛാശക്തിക്കനുസരിച്ചായിരിക്കും ഇതിന്റെ വിജയം. ഒന്നിലധികം പെന്‍ഷന്‍ വാങ്ങുന്നവരെ പിടികൂടാന്‍ ആധാര്‍ കാര്‍ഡുമായി പെന്‍ഷന്‍ ബന്ധിപ്പിക്കുന്ന നടപടിയും പരിഗണിക്കാവുന്നതാണ്.