യാ… യമന്‍

1990ല്‍ ഏകീകരിക്കപ്പെട്ട യമന്‍ ഒരിക്കല്‍ കൂടി വിഭജിക്കപ്പെടാന്‍ പോകുകയാണ്. തന്ത്രപ്രധാനമായ തുറമുഖ നഗരം വിമത സായുധ സംഘം പിടിച്ചത് യമനിലെ ഹൂതിവിരുദ്ധ സംയുക്ത നീക്കത്തെ ദുര്‍ബലമാക്കും. യു എന്നും സഊദി സഖ്യവും ചേര്‍ന്ന് നിയോഗിച്ച ഹാദി സര്‍ക്കാറിന്റെ നില പരുങ്ങലിലാണ്. സന്‍ആ കേന്ദ്രീകരിച്ച് വടക്കന്‍ യമനില്‍ ഭരണം കൈയാളുന്നത് ഹൂതി തീവ്രവാദികളാണ്. കൂട്ടുകെട്ടുകള്‍ മാറ്റി പരീക്ഷിച്ചത് കൊണ്ട് യമന്‍ രക്ഷപ്പെടാന്‍ പോകുന്നില്ല. യമന്‍ ജനതയുടെ വിശ്വാസമാര്‍ജിക്കാതെ സഊദിയുടെ നേതൃത്വത്തിലുള്ള സംയുക്ത നീക്കം വിജയിക്കുകയുമില്ല. യമന്റെ പുനര്‍നിര്‍മാണത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കുകയാണ് ഇപ്പോള്‍ ജി സി സി ചെയ്യേണ്ടത്.
ലോകവിശേഷം
Posted on: February 5, 2018 6:04 pm | Last updated: February 5, 2018 at 6:07 pm

യമനെ പ്രവാചകന്‍ വിശേഷിപ്പിച്ചത് യഥാര്‍ഥ വിജ്ഞാനത്തിന്റെ കേന്ദ്രമെന്നാണ്. മതപരമായും സാംസ്‌കാരികമായും മഹത്തായ പാരമ്പര്യമുള്ള രാഷ്ട്രം. ഫലഭൂയിഷ്ടമായ മണ്ണ്. അലി(റ)യുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ഇസ്‌ലാമിക പ്രചാരണം നടന്ന നാട്. ലോകത്തെ ഏറ്റവും പഴക്കം ചെന്നതും ഏറ്റവുമാദ്യം സജീവത കൈവരിച്ചതുമായ തുറമുഖം ഈ രാജ്യത്താണുള്ളത്. ആ തുറമുഖം സ്ഥിതി ചെയ്യുന്ന അദ്ന്‍ പട്ടണം ഇന്ന് സംഘര്‍ഷങ്ങളുടെ കേന്ദ്രമായിരിക്കുന്നു. ഹൂതി തീവ്രവാദികള്‍ക്കെതിരെ സഊദിയുടെ നേതൃത്വത്തില്‍ സംയുക്ത സൈനിക നീക്കം മൂന്നാം വര്‍ഷത്തിലേക്ക് പ്രവേശിക്കുമ്പോഴും യമനില്‍ വ്യവസ്ഥാപിത ഭരണം സ്ഥാപിക്കാന്‍ സാധിച്ചിട്ടില്ല. പട്ടിണിയിലും രോഗത്തിലും അകപ്പെട്ട് കുട്ടികള്‍ മരിച്ചു വീഴുകയാണ്. ആക്രമണത്തില്‍ തകര്‍ന്നടിഞ്ഞ ആശുപത്രികള്‍. ഗതാഗത സംവിധാനങ്ങള്‍. വ്യാപാര കേന്ദ്രങ്ങള്‍. അശാന്തിയുടെയും യുദ്ധത്തിന്റെയും ശൈഥില്യത്തിന്റെയും എല്ലാ കെടുതികളും ഈ രാജ്യത്തെ ആത്യന്തികമായി പരാജിതമാക്കിയിരിക്കുന്നു. പൊതുവേയുള്ള അരാജകത്വം മുതലെടുത്ത് നേരത്തേ തന്നെ സജീവമായിരുന്ന വിവിധ സായുധ ഗ്രൂപ്പുകള്‍ കൂടുതല്‍ അപകടകരമായ നില കൈവരിച്ചിട്ടുണ്ട്. ഹൂതികള്‍ക്കെതിരെയാണ് ആക്രമണം തുടങ്ങിയതെങ്കിലും ഇന്നിപ്പോള്‍ അല്‍ ഖാഇദയും ഇസിലും അടക്കമുള്ള വിധ്വംസകര്‍ക്കെതിരെ നടപടി ശക്തമാക്കേണ്ട സ്ഥിതിയാണ് ഉള്ളത്.

യു എന്നും സഊദി സഖ്യവും ചേര്‍ന്ന് നിയോഗിച്ച പ്രസിഡന്റ് മന്‍സൂര്‍ ഹാദി നേതൃത്വം നല്‍കുന്ന സര്‍ക്കാറിന്റെ അധികാരത്തില്‍ നിന്ന് പുറത്താണ് രാജ്യത്തിന്റെ സിംഹഭാഗവും. സന്‍ആ കേന്ദ്രീകരിച്ച് വടക്കന്‍ യമനില്‍ ഭരണം കൈയാളുന്നത് ഹൂതി തീവ്രവാദികളാണ്. തെക്കന്‍ യമനിലായിരുന്നു ഹാദിക്ക് അല്‍പ്പമെങ്കിലും പിടുത്തമുണ്ടായിരുന്നത്. സഊദിയില്‍ അഭയം തേടിയെങ്കിലും അദ്ന്‍ കേന്ദ്രീകരിച്ച് തെക്കന്‍ മേഖലയില്‍ ഭരണകൂടം നിലനിര്‍ത്താന്‍ ഹാദിക്ക് സാധിച്ചിരുന്നു. എന്നാല്‍ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ ഈ പരിമിത വ്യവസ്ഥയെയും അപ്രസക്തമാക്കിയിരിക്കുന്നു. തെക്കന്‍ യമന്‍ പ്രത്യേക രാഷ്ട്രമാകണമെന്ന് വാദിക്കുന്ന സതേണ്‍ ട്രാന്‍സിഷനല്‍ കൗണ്‍സിലിന്റെ സായുധ വിഭാഗമായ തെക്കന്‍ പ്രതിരോധ സേന അദ്‌നിന്റെ നിയന്ത്രണം കൈക്കലാക്കികഴിഞ്ഞു. മന്‍സൂര്‍ ഹാദി സര്‍ക്കാര്‍ കൊട്ടാരത്തില്‍ മാത്രമായി ഒതുങ്ങിയിരിക്കുന്നു.
അദ്ന്‍ പിടിച്ചടക്കിയ മിലീഷ്യ സംഘത്തിന്റെ തലവന്‍ 50കാരനായ ഐദ്രൂസ് അല്‍ സുബൈദിയാണ്. ഹൂതി സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള വടക്കന്‍ യമനില്‍ നിന്ന് തെക്കന്‍ പ്രദേശങ്ങള്‍ സ്വാതന്ത്ര്യം നേടണമെന്നാണ് ഇദ്ദേഹത്തിന്റെ വാദം. 2015ല്‍ ഹൂതി സൈന്യത്തെ തെക്കന്‍ യമന്‍ പ്രദേശങ്ങളില്‍ നിന്ന് തുരത്തിയപ്പോള്‍ സഊദി സഖ്യവും യു എ ഇയും സുബൈദിയോട് മൃദു സമീപനം പുലര്‍ത്തിയിരുന്നു. ഈ ചരിത്രം ഉയര്‍ത്തിക്കാട്ടി, പുതിയ പിടിച്ചടക്കലിന് പിന്നില്‍ യു എ ഇയാണെന്നും തെക്കന്‍ യമന്‍ സ്വതന്ത്ര രാജ്യമാകുന്നതിനെ യു എ ഇ പിന്തുണക്കുന്നുണ്ടെന്നും വാദമുയരുന്നുണ്ട്. ഈ നീക്കത്തെ സഊദി ശക്തമായി എതിര്‍ക്കുകയാണെന്നും ഗള്‍ഫ് സഖ്യത്തില്‍ വിള്ളല്‍ വീഴ്ത്തുന്ന നിലയിലേക്ക് ഭിന്നത വളരുന്നുണ്ടെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തെക്കന്‍ യമനിന്റെ സ്വാതന്ത്ര്യത്തിനായി യു എ ഇയുടെ മുന്‍ കൈയില്‍ ഹിതപരിശോധന നടക്കാന്‍ പോകുന്നുവെന്നും കേള്‍ക്കുന്നുണ്ട്. എന്നാല്‍ യു എ ഇ ഇത്തരമൊരു നീക്കം നടത്തുന്നതിന് ഒരു ഔദ്യേഗിക സ്ഥിരീകരണവുമില്ല. മാത്രമല്ല, ഖത്വറുമായുള്ള ബന്ധ വിച്ഛേദനത്തിന്റെ പശ്ചാത്തലത്തില്‍ ഇങ്ങനെയുള്ള സ്വതന്ത്ര നിലപാടിലേക്ക് യു എ ഇ സഞ്ചരിക്കുമെന്ന് കരുതാന്‍ പൊളിറ്റിക്കല്‍ ലോജിക് അനുവദിക്കുന്നുമില്ല. ഈ നിലയിലുള്ള റിപ്പോര്‍ട്ടുകളെ യു എ ഇ വിദേശകാര്യ മന്ത്രി അന്‍വര്‍ ഗര്‍ഗാഹ് ശക്തമായി നിഷേധിച്ചിരിക്കുന്നു. അദ്ന്‍ പതനത്തിന്റെ പിറകേ യു എ ഇ- സഊദി പ്രതിനിധികള്‍ ഉന്നത തല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയെന്നാണ് എസ് പി എ അടക്കമുള്ള ഔദ്യോഗിക വാര്‍ത്താ ഏജന്‍സികള്‍ പുറത്തു വിട്ട വാര്‍ത്ത. യമന്‍ നയം തികച്ചും സുസ്ഥിരമാണെന്നും സഖ്യ സേനയിലെ എല്ലാ രാജ്യങ്ങള്‍ക്കും പൊതു ലക്ഷ്യമാണ് ഉള്ളതെന്നും സഊദി മേജര്‍ ജനറല്‍ മുഹമ്മദ് ബിന്‍ സഈദ് അല്‍ മുഗൈബി പ്രസ്താവനയിറക്കുകയും ചെയ്തു. ഈ ഘട്ടത്തില്‍ രണ്ട് വസ്തുതകള്‍ അംഗീകരിച്ചേ തീരൂ. ഒന്ന്, 1990ല്‍ ഏകീകരിക്കപ്പെട്ട യമന്‍ ഒരിക്കല്‍ കൂടി വിഭജിക്കപ്പെടാന്‍ പോകുകയാണ്. രണ്ട്, തന്ത്രപ്രധാനമായ തുറമുഖ നഗരം വിമത സായുധ സംഘം പിടിച്ചത് യമനിലെ ഹൂതിവിരുദ്ധ സംയുക്ത നീക്കത്തെ ദുര്‍ബലമാക്കുമെന്നുറപ്പാണ്.

ഒരു കാലത്ത് സാമ്രാജ്യത്വ താത്പര്യങ്ങളുടെ ഇരയായി ശിഥിലീകരിക്കപ്പെട്ട യമന്‍ ഇപ്പോള്‍ ദുര്‍ഗ്രഹമായ ശാക്തിക ബന്ധങ്ങളുടെ പിടിവലിയില്‍ സമ്പൂര്‍ണ നാശത്തിലേക്ക് എടുത്തെറിയിപ്പെട്ടിരിക്കുന്നുവെന്നേ പറയാനാകൂ. നോക്കൂ. ഐക്യ യമന്‍ പടുത്തുയര്‍ത്തിയത് താനാണെന്നും തന്റെ ജീവിതകാലം മുഴുവന്‍ അധികാരം കൈയാളുമെന്നും പ്രഖ്യാപിച്ച വിവിധ മിലീഷ്യകളുടെ പിന്തുണയോടെ അധികാരത്തില്‍ തുടര്‍ന്നിരുന്ന അലി അബ്ദുല്ല സ്വലാഹിന്റെ ഗതിയെന്തായി? മുല്ലപ്പൂ വിപ്ലവമെന്ന് ആഘോഷിക്കപ്പെട്ട ഭരണമാറ്റ പരമ്പരകളുടെ കണക്കിലെഴുതിയ പ്രക്ഷോഭത്തിനൊടുവില്‍ അധികാരം വിട്ടൊഴിഞ്ഞ സ്വലാഹ് വംശീയ കാര്‍ഡ് പുറത്തെടുത്താണ് ഹൂതികളെ ഇളക്കി വിട്ടത്. അന്ന് മന്‍സൂര്‍ ഹാദിയെ താഴെയിറക്കണമെന്ന ലക്ഷ്യമേ അദ്ദേഹത്തിന് ഉണ്ടായിരുന്നുള്ളൂ. പിന്നീട് അദ്ദേഹത്തിന് മനം മാറ്റമുണ്ടായി. കഴിഞ്ഞ ഡിസബറില്‍ അത് അദ്ദേഹം പ്രഖ്യാപിച്ചു. ഹൂതികളുമായി വഴി പിരിഞ്ഞു. സഊദിയുമായി ധാരണയിലെത്തുമെന്ന സൂചന നല്‍കി. വെറും മൂന്ന് ദിവസമേ ആ പ്രഖ്യാപനത്തിനും സ്വാലിഹിനും ആയുസ്സുണ്ടായുള്ളൂ. ഹൂതികള്‍ തന്നെ അദ്ദേഹത്തെ വധിച്ചു. ഇതാണ് യമനിലെ സ്ഥിതി. ആര്, എപ്പോഴൊക്കെ എവിടെ നില്‍ക്കുമെന്നതിന് ഒരു നിശ്ചയവുമില്ല.
ആധുനിക യമന്റെ ചരിത്രം തന്നെ അര്‍ഥമറിയാത്ത സംഘം ചേരലിന്റെതും പിരിയലിന്റേതുമാണ്. ഈ പംക്തി മുമ്പ് ചര്‍ച്ച ചെയ്ത ആ ചരിത്രം ആവര്‍ത്തിക്കുന്നത് പുതിയ സംഭവവികാസങ്ങളെ ഇഴപിരിച്ചെടുക്കാന്‍ ഉപകരിക്കും. യമന്‍ എന്ന ജനപഥമായി ചരിത്രത്തില്‍ അടയാളപ്പെട്ട് കിടക്കുന്ന വടക്കന്‍ യമന്‍ ദീര്‍ഘകാലം ഭരിച്ചിരുന്നത് സെയ്ദി വിഭാഗത്തില്‍ പെട്ട ഇമാമുമാരായിരുന്നു. അവര്‍ പലപ്പോഴും സ്വാധീനം തെക്കന്‍ യമനിലേക്ക് വ്യാപിപ്പിക്കാന്‍ ശ്രമിച്ചു. ചിലപ്പൊഴൊക്കെ ഇത് വിജയം കണ്ടെങ്കിലും തുര്‍ക്കി ഭരണാധികാരികള്‍ അദ്ന്‍ കേന്ദ്രീകരിച്ച് തെക്കന്‍ യമന്റെ നിയന്ത്രണം കൈക്കലാക്കിയതോടെ വലിയ സംഘര്‍ഷങ്ങള്‍ക്ക് ഈ ശ്രമങ്ങള്‍ വഴി വെച്ചു. ഒടുവില്‍ തെക്കന്‍ യമന്‍ തുര്‍ക്കിയുടെയും വടക്കന്‍ യമന്‍ ശിയാ ഭരണാധികാരികളുടെയും നിയന്ത്രണത്തിലെന്ന് നിര്‍ണയിക്കപ്പെട്ടു. പത്തൊന്‍പതാം നൂറ്റാണ്ടോടെ ബ്രിട്ടീഷ് സാമ്രാജ്യത്വം ഈ മേഖലയില്‍ കണ്ണുവെക്കാന്‍ തുടങ്ങി. തെക്കന്‍ യമനിലായിരുന്നു ബ്രിട്ടന്റെ കണ്ണ്. അതിന് പ്രധാന കാരണം അദ്ന്‍ തുറമുഖമായിരുന്നു. ഇന്ത്യയിലേക്ക് ലാക്കു നോക്കിയിരുന്ന സാമ്രാജ്യത്വത്തിന് ഈ തുറമുഖം അനിവാര്യമായിരുന്നു. ഓട്ടമാന്‍ തുര്‍ക്കികളുമായി, പുറത്ത് എവിടെയൊക്കെയോ പ്രദേശങ്ങള്‍ നല്‍കാമെന്ന് കരാറുണ്ടാക്കി തെക്കന്‍ യമന്‍ ബ്രിട്ടീഷുകാര്‍ കൈക്കലാക്കുന്നതാണ് പിന്നീട് കണ്ടത്. ഈ കരാര്‍ അംഗീകരിക്കാന്‍ പക്ഷേ, സെയ്ദി ഭരണാധികാരിയായ യഹിയ ഹമീദുദ്ദീന്‍ ഒരുക്കമായിരുന്നില്ല. ഇത് ബ്രിട്ടീഷ് ശക്തികളുമായി രൂക്ഷമായ യുദ്ധത്തില്‍ കലാശിച്ചു. അപ്പോഴേക്കും 1950കളില്‍ വടക്കന്‍ യമനിലെ സെയ്ദി ഭരണകര്‍ത്താക്കള്‍ക്കെതിരെ വന്‍ ആഭ്യന്തര കലാപമുണ്ടായി. ഈ കലാപത്തില്‍ ഈജിപ്തും കക്ഷി ചേര്‍ന്നു. തെക്കന്‍ യമനിലാകട്ടെ ബ്രിട്ടീഷ് സ്വാധീനം ക്ഷയിച്ച് റഷ്യന്‍ സ്വാധീനം ശക്തമാകാന്‍ തുടങ്ങി. ഒരു ദശകക്കാലം നീണ്ടു നിന്ന ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ യമന്‍ രണ്ട് സ്വതന്ത്ര രാഷ്ട്രങ്ങളായി മാറി- യമന്‍ അറബ് റിപ്പബ്ലിക്കും(വടക്ക്) പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് യമനും(തെക്ക്). ഇതില്‍ തെക്കന്‍ ഭാഗത്തിന്റെ ഭരണം സോവിയറ്റ് നിയന്ത്രണത്തിലായിരുന്നു. വടക്കന്‍ വിഭാഗത്തിന്റെ ഭരണത്തലവനായി അലി അബ്ദുല്ല സ്വലാഹ് അധികാരത്തില്‍ വരുന്നത് 1978ലാണ്. 1990ല്‍ തെക്ക് വടക്ക് യമനെ ഏകീകരിക്കുന്നതില്‍ സ്വലാഹ് വിജയിച്ചു. അത് പക്ഷേ അദ്ദേഹത്തിന്റെ വ്യക്തിപരമായ വിജയമായിരുന്നില്ല. പൊതു താത്പര്യങ്ങളാണ് ഏകീകരണം സാധ്യമാക്കിയത്. വടക്കന്‍ മേഖലയിലെ മാരിബിലും തെക്കുള്ള ഷാഹ്‌വാഹിലുമടക്കമുള്ള എണ്ണ പര്യവേക്ഷണം അനൈക്യത്തില്‍ മുടങ്ങുന്നതില്‍ ഇരുപക്ഷത്തിനും ആധിയുണ്ടായിരുന്നു. അതാണ് യഥാര്‍ഥത്തില്‍ ഏകീകരണ ചിന്തക്ക് ശക്തി പകര്‍ന്നത്. ദക്ഷിണ യമന്റെ അധികാരം കൈയാളിയ അലി സാലിമിനും ഏകീകരണത്തില്‍ നിര്‍ണായക പങ്കുണ്ട്. പക്ഷേ, ഏകീകരണത്തിന്റെ പിതൃത്വം സ്വലാഹ് സ്വയം ഏറ്റെടുത്തു. 33 വര്‍ഷം അദ്ദേഹത്തിന്റെ അധീനതയിലായി യമന്‍. അറബ് വിപ്ലവമെന്നോ മുല്ലപ്പൂ വിപ്ലവമെന്നോ ഒക്കെ വിളിക്കപ്പെട്ട പ്രക്ഷോഭ പരമ്പരകള്‍ക്കിടെ 2011ലാണ് സ്വലാഹ് സ്ഥാന ഭ്രഷ്ടനാകുന്നത്.

ഇന്ന് യമനില്‍ കാണുന്ന പ്രതിസന്ധിയുടെ വേരുകള്‍ ഇവിടെയാണ് ആഴ്ന്നു കിടക്കുന്നത്. സ്വാലിഹ് ശിയാ സെയ്ദി വിഭാഗത്തില്‍ പെട്ടയാളാണ്. ഹൂതികളും അത് തന്നെ. അധികാര തര്‍ക്കത്തിന്റെ നൈരന്തര്യത്തില്‍ വികസനം മുരടിച്ചു പോയ യമനില്‍ രൂപപ്പെട്ടു വന്ന പുതിയ ജനാധിപത്യ അവബോധങ്ങള്‍ ദീര്‍ഘകാലമായി അധികാരത്തിലിരുന്ന സ്വലാഹിനെ ലക്ഷ്യം വെച്ചത് സ്വാഭാവികം. വംശീയ യാഥാര്‍ഥ്യങ്ങള്‍ക്കപ്പുറത്തുള്ള രോഷമായിരുന്നു അത്. വടക്കന്‍ യമനിലെ കൂടുതല്‍ മേഖലകളില്‍ ഹൂതികള്‍ വന്‍ ജനസ്വാധീനമുറപ്പിച്ചത് ഈ ഘട്ടത്തിലായിരുന്നു. ഒടുവില്‍ സാങ്കേതികമായി ഒന്നായിരിക്കുമ്പോഴും യമന്‍ രണ്ടായി പിളര്‍ന്നു. ഹൂതികള്‍ സ്വാധീനമുറപ്പിച്ച വടക്കന്‍ യമന്‍. മന്‍സൂര്‍ ഹാദിയുടെ നേതൃത്വത്തില്‍ തെക്കന്‍ യമന്‍. ഇപ്പോഴിതാ തെക്കന്‍ യമനിലെ വിഘടനവാദികള്‍ കൂടുതല്‍ ശക്തിയാര്‍ജിച്ചിരിക്കുന്നു. ഇനിയാരെയാണ് സഊദി നേരിടുക? ഹൂതികളെയോ പുതിയ അധികാരികളായ വിമത മിലീഷ്യകളെയോ?

ആസിഫത്തുല്‍ ഹാസം എന്ന് പേരിട്ട, 2015ല്‍ തുടങ്ങിയ ഹൂതിവിരുദ്ധ സൈനിക നീക്കം ഒന്നും നേടിയിട്ടില്ലെന്ന് തന്നെ പറയേണ്ടി വരും. ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാഷ്ട്രങ്ങളും (ഇപ്പോള്‍ ഖത്വറും ഒഴിവാണ്), ഈജിപ്ത്, സുഡാന്‍ , മൊറോക്കോ, ജോര്‍ദാന്‍, പാക്കിസ്ഥാന്‍ എന്നീ രാഷ്ട്രങ്ങളും അടങ്ങിയ സഖ്യമാണ് ആക്രമണത്തില്‍ നേരിട്ട് പങ്കാളികളാകുന്നത്. ആയിരത്തിലേറെ പേര്‍ മരിച്ചു വീണിട്ടും രാജ്യം കുട്ടിച്ചോറായിട്ടും പരിഹാരത്തിന്റെ കണിക പോലും സാധ്യമാകാതെ വരുമ്പോള്‍ സഊദി തിരിച്ചറിയുന്നു, യമന്‍ ബഹ്‌റൈനല്ലെന്ന്. പ്രക്ഷോഭം തുടങ്ങിയ മുത്ത് ചത്വരം അപ്പാടെ തകര്‍ത്തെറിഞ്ഞ് വിജയക്കൊടി നാട്ടിയ ബഹ്‌റൈനില്‍ നിന്ന് ആയിരം മടങ്ങ് സങ്കീര്‍ണമാണ് യമനിലെ സ്ഥിതി. തികഞ്ഞ അരാജകത്വം. സ്വലാഹിന്റെ ഗ്രൂപ്പ് ഒരു ഭാഗത്ത്. ഹാദിയുടെ ഗ്രൂപ്പ്, അറബ് ദേശീയവാദികള്‍, ഗോത്രവര്‍ഗ വിഭാഗങ്ങള്‍, സലഫി ഗ്രൂപ്പുകള്‍, അല്‍ ഖാഇദയോട് ചേര്‍ന്ന് നില്‍ക്കുന്ന നിരവധി ഗ്രൂപ്പുകള്‍. ആകെ കുഴഞ്ഞ് മറിഞ്ഞ് കിടക്കുകയാണ് യമന്‍. അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സിവിലിയന്‍മാര്‍ തോക്ക് കൈവശം വെക്കുന്ന നാടായി യമന്‍ മാറിയിരിക്കുന്നു. കോലിട്ടിളക്കാന്‍ ഇറാന്‍ തയ്യാറായി നില്‍പ്പുണ്ടെന്ന് കൂടി ഓര്‍ക്കണം. പോരാത്തതിന് ഇസിലും. യമന് വേണ്ടത് യഥാര്‍ഥ രാഷ്ട്രീയ പരിഹാരമാണ്. രാജ്യത്തിനകത്ത് നിന്ന് തന്നെ ഉയര്‍ന്നു വരുന്ന സുശക്തമായ രാഷ്ട്രീയ സംവിധാനത്തിന് മാത്രമേ യമനെ രക്ഷിക്കാനാകുകയുള്ളൂ.

യമനിലെ ശാക്തിക ചേരികള്‍ക്ക് യാതൊരു സ്ഥിരതയുമില്ല. അത്‌കൊണ്ട് പുതിയ കൂട്ടുകെട്ടുകള്‍ യമനെ രക്ഷിക്കാന്‍ പോകുന്നില്ല. യമനികളുടെ വിശ്വാസമാര്‍ജിക്കാതെ സഊദിയുടെ നേതൃത്വത്തിലുള്ള സംയുക്ത നീക്കം വിജയിക്കുകയുമില്ല. യമന്റെ പുനര്‍നിര്‍മാണത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കുകയാണ് ഇപ്പോള്‍ ജി സി സി ചെയ്യേണ്ടത്. ദേശീയ സേനയെ കൂടുതല്‍ സജ്ജമാക്കുകയും വേണം.