നേതാക്കള്‍ പദവി ദുരൂപയോഗം ചെയ്യരുതെന്ന യെച്ചൂരിയുടെ നിര്‍ദേശം കാണിക്കുന്നത് സിപിഎമ്മിലെ ജീര്‍ണത: ചെന്നിത്തല

Posted on: February 4, 2018 1:31 pm | Last updated: February 4, 2018 at 1:31 pm

തിരുവനന്തപുരം: സിപിഎം പാര്‍ട്ടി നേതാക്കളും കുടുംബാംഗങ്ങളും പദവി ദുരുപയോഗം ചെയ്ത് പണമുണ്ടാക്കാന്‍ പാടില്ലെന്ന സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്‍ദേശം സംസ്ഥാനത്തെ സിപിഐഎമ്മിന്റെ ജീര്‍ണതയെയാണ് കാണിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്ക് എതിരെ ഉയര്‍ന്ന പണത്തട്ടിപ്പ് ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് സീതാറാം യെച്ചൂരിക്ക് ഇത് പറയേണ്ടി വന്നതെന്നത് ശ്രദ്ധേയമാണ്.

സിപിഐഎമ്മിലെ ജീര്‍ണ്ണത എത്ര മാത്രം ആഴത്തിലാണെന്നതിന് തെളിവാണ് ജനറല്‍ സെക്രട്ടറിക്ക് പോലും ഇത്തരമൊരു മുന്നറിയിപ്പ് നല്‍കേണ്ടി വന്നു എന്ന വസ്തുത. പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്ക് പോലും തുറന്ന് പറയേണ്ടി വന്നിട്ടും സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ നിസ്സംഗത പാലിക്കുന്നത് അത്ഭുതകരമാണ്. പാര്‍ട്ടിയുടെ പേരില്‍ നടക്കുന്ന തട്ടിപ്പുകള്‍ക്ക് അദ്ദേഹവും കൂട്ടു നില്‍ക്കുന്നു എന്നാണ് ഇതിനര്‍ത്ഥമെന്നും ചെന്നിത്തല വിമര്‍ശിച്ചു.