അഫ്ഗാന്‍ കുതിപ്പിന് വിരാമം; ഓസീസ് ഫൈനലില്‍

Posted on: January 29, 2018 12:27 pm | Last updated: January 29, 2018 at 12:27 pm
SHARE

ക്രൈസ്റ്റ്ചര്‍ച്ച്: അണ്ടര്‍19 ലോകകപ്പില്‍ അഫ്ഗാനിസ്ഥാന്റെ കുതിപ്പിന് വിരാമം. സെമിയില്‍ ആസ്‌ത്രേലിയയാണ് അഫ്ഗാനെ വീഴ്ത്തിയത്. ആറ് വിക്കറ്റിനാണ് കങ്കാരുപ്പട ജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത അഫ്ഗാനിസ്ഥാന്‍ 48 ഓവറില്‍ 181 റണ്‍സിന് പുറത്തായപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസ് 37.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.

ഓസീസിനായി ഓപണര്‍ ജാക്ക് എഡ്വേര്‍ഡ്‌സ് 72ഉം പരം ഉപ്പല്‍ 32 ഉം റണ്‍സെടുത്തു. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാനെ നാല് വിക്കറ്റ് നേടിയ ജോനാഥന്‍ മെര്‍ലോയും രണ്ട് വിക്കറ്റ് നേടിയ സാക്ക് ഇവാന്‍സുമാണ് കുറഞ്ഞ സ്‌കോറില്‍ ഒതുക്കിയത്. അഫ്ഗാന്‍ നിരയില്‍ നാല് പേര്‍ മാത്രമാണ് രണ്ടക്കം കണ്ടത്. 80 റണ്‍സ് നേടിയ ഇക്രം അലിക്കും 20 റണ്‍സ് നേടിയ റഹ്മാനുല്ല ഗര്‍ബാസിനുമൊഴികെ മറ്റാര്‍ക്കും പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല.

ചൊവ്വാഴ്ച നടക്കുന്ന ഇന്ത്യ- പാക്കിസ്ഥാന്‍ പോരാട്ടത്തില്‍ ജയിക്കുന്നവര്‍ ഫൈനലില്‍ ആസ്‌ത്രേലിയക്ക് എതിരാളികളായെത്തും. ഫെബ്രുവരി മൂന്നിനാണ് ഫൈനല്‍.