Connect with us

National

മുത്വലാഖ് നിയമം ബജറ്റ് സമ്മേളനത്തില്‍ പാസ്സാക്കാനാകുമെന്ന്‌ പ്രതീക്ഷ: രാഷ്ടപതി

Published

|

Last Updated

ന്യൂഡല്‍ഹി: മുത്വലാഖ് നിയമം പാര്‍ലിമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ പാസ്സാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. മുസ്‌ലിം വനിതകളുടെ മുന്നേറ്റത്തിനാണ് ഈ ബില്ലെന്നും അദ്ദേഹം പറഞ്ഞു.  ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് പാര്‍ലിമെന്റിന്റെ ഇരു സഭകളുടെയും സംയുക്ത യോഗത്തെ സെന്‍ട്രല്‍ ഹാളില്‍ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.

പുതിയ ഇന്ത്യയുടെ നിര്‍മാണത്തിന് 2018 നിര്‍ണായകമാണ്. കര്‍ഷകരുടെ വരുമാനം 2022 ഓടെ ഇരട്ടിയാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സ്വയം സഹായസംഘങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കും. രാജ്യത്തെ എല്ലാവര്‍ക്കും വീടെന്ന സ്വപ്നം 2022 ഓടെ യാഥാര്‍ഥ്യമാകും. ചികിത്സാ ചിലവുകള്‍ കുറക്കാന്‍ നടപടികളുണ്ടാകും. ആദിവാസികളുടെ ക്ഷേമത്തിനായാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഭിന്നശേഷിയുള്ളവര്‍ക്ക് സര്‍ക്കാര്‍ സ്‌കീമുകള്‍ ഉപകാരപ്പെടുന്നു. രണ്ടരലക്ഷം കേന്ദ്രങ്ങളില്‍ അതിവേഗ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കി. ബേങ്കിംഗ് സംവിധാനങ്ങള്‍ പാവപ്പെട്ടവരുമായുള്ള അകലം കുറച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജലസേചനം മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും അടല്‍ പെന്‍ഷന്‍ സ്‌കീം 80 ലക്ഷം ജനങ്ങള്‍ക്ക് ഉപകാരപ്പെട്ടെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.

മോദി സര്‍ക്കാറിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് വ്യാഴാഴ്ചയാണ് അവതരിപ്പിക്കുക. റെയില്‍വേ ബജറ്റ് കൂടി സംയോജിപ്പിച്ച രണ്ടാമത്തെ കേന്ദ്ര ബജറ്റ് അവതരണമാണ് ഇക്കുറി നടക്കുന്നത്. പൊതുതിരഞ്ഞെടുപ്പിന് മുമ്പുള്ള സമ്പൂര്‍ണ ബജറ്റ് എന്ന നിലക്ക് ഇത്തവണ ജനപ്രിയ ബജറ്റിനാണ് സാധ്യത. അടുത്ത വര്‍ഷം ഏപ്രില്‍, മെയ് മാസത്തോടെയാണ് പൊതുതിരഞ്ഞെടുപ്പ് നടക്കേണ്ടത്. ഇടക്കാല ബജറ്റോ വോട്ട് ഓണ്‍ അക്കൗണ്ടോ മാത്രമേ ഫെബ്രുവരിയില്‍ ഉണ്ടാകൂ.

ജി എസ് ടി നടപ്പാക്കിയ ശേഷമുള്ള ബജറ്റായതിനാല്‍ പഴയതു പോലെ പരോക്ഷ നികുതിയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങള്‍ ഉണ്ടാകില്ല. എന്നാല്‍, ആദായ നികുതിയില്‍ ചില ഇളവുകള്‍ ഉണ്ടാകുമെന്ന സൂചന ധനമന്ത്രിതന്നെ നല്‍കിയിട്ടുണ്ട്. ബജറ്റ് സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായി ലോക്‌സഭ സ്പീക്കര്‍ സുമിത്രാ മഹാജനും പാര്‍ലിമെന്ററി കാര്യ മന്ത്രി അനന്ത് കുമാറും വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗങ്ങള്‍ ഇന്നലെ നടന്നു.