സന്താനോത്പാദനത്തിന് തടവുകാരന് കോടതിയുടെ പ്രത്യേക അവധി

Posted on: January 26, 2018 10:35 am | Last updated: January 26, 2018 at 10:16 am
SHARE

ചെന്നൈ: സന്താനോത്പാദനത്തിനായി തടവുകാരന് പരോള്‍ നല്‍കി മദ്രാസ് ഹൈക്കോടതി. തിരുന്നല്‍വേലി ജില്ലയിലെ പാളയംകോട്ടൈ സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന സിദ്ദീഖ് അലി (40)ക്കാണ് കോടതി രണ്ടാഴ്ച പരോള്‍ അനുവദിച്ചത്. ജസ്റ്റിസുമാരായ വിമലാ ദേവി, ടി കൃഷ്ണവല്ലി എന്നിവരടങ്ങിയ ബഞ്ചിന്റെതാണ് തീരുമാനം.
ഇത്തരം ആവശ്യങ്ങള്‍ക്ക് തടവുകാര്‍ക്ക് പരോള്‍ നല്‍കാന്‍ ചട്ടം അനുവദിക്കുന്നില്ലെന്ന ജയില്‍ അധികൃതരുടെ നിലപാട് കോടതി തള്ളി. അസാധാരണ സാഹചര്യത്തില്‍ തടവുകാര്‍ക്ക് പരോള്‍ അനുവദിക്കാന്‍ ചട്ടത്തില്‍ വ്യവസ്ഥയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. തടവുകാരന് മതിയായ സംരക്ഷണം നല്‍കാനും ജയിലധികൃതര്‍ക്ക് ബഞ്ച് നിര്‍ദേശം നല്‍കി. പരാതിക്കാരനായ തടവുകാരന് ഒരു കുഞ്ഞ് വേണമെന്ന ആവശ്യം പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടതായി കോടതി ചൂണ്ടിക്കാട്ടി. രണ്ടാഴ്ചത്തെ അവധി വേണമെങ്കില്‍ നാലാഴ്ചയോ അതിലധികമോ ദീര്‍ഘിപ്പിക്കാനും കോടതി നിര്‍ദേശിച്ചു. ഭാര്യ നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജിയിലാണ് കോടതി ഉത്തരവ്.

സിദ്ദീഖ് അലിക്ക് നേരത്തെ ജയില്‍ അധികൃതര്‍ പരോള്‍ നിഷേധിച്ചിരുന്നു. കഴിഞ്ഞ 18 വര്‍ഷമായി ജയിലില്‍ കഴിയുന്ന സിദ്ദീഖ് അലിയുടെ ഭാര്യക്ക് 32 വയസ്സായി. ദമ്പതികള്‍ നേരത്തേ വന്ധ്യതാ ചികിത്സക്ക് വിധേയരായിരുന്നു. ഡോക്ടറുടെ നിര്‍ദേശമനുസരിച്ചായിരിക്കും ലീവ് കൂട്ടണോ വേണ്ടയോ എന്ന കാര്യം തീരുമാനിക്കുക. സാധാരണ വേഷത്തില്‍ ഒരു പോലീസുകാരന്‍ തടവുകാരനെ അനുഗമിക്കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
തടവില്‍ കഴിയുന്നവരുടെ ദാമ്പത്യ അവകാശങ്ങള്‍ അനുവദിച്ചു കൊടുക്കുന്നതിനെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ ഒരു കമ്മിറ്റി രൂപവത്കരിക്കണമെന്ന് കേസ് പരിഗണിക്കവേ കോടതി അഭിപ്രായപ്പെട്ടു. നിരവധി വിദേശ രാജ്യങ്ങളില്‍ ഇത്തരം കമ്മിറ്റികള്‍ നിലവിലുണ്ട്. ഈ മാതൃകകള്‍ പഠിക്കാവുന്നതാണ്. തടവില്‍ കഴിയുന്നവര്‍ക്ക് ഇണകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ അനുവദിക്കുന്നതിന്റെ നിയമവശങ്ങളും ഗുണവശങ്ങളും ദോഷവശങ്ങളും കമ്മിറ്റി പരിശോധിക്കണമെന്നും ബഞ്ച് അഭിപ്രായപ്പെട്ടു. ഇത്തരം സന്ദര്‍ശനങ്ങള്‍ അനുവദിക്കുന്നതില്‍ തെറ്റില്ലെന്നും ഇത് തടവുകാര്‍ക്ക് അനുവദിക്കാവുന്നതാണെന്നും കാണിച്ച് നേരത്തെ തന്നെ കേന്ദ്രം പ്രമേയം പാസ്സാക്കിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത്തരം സന്ദര്‍ശനങ്ങള്‍ അനുവദിക്കുന്നത് തടവുകാരുടെ മാനസിക നിലയില്‍ വലിയ മാറ്റമുണ്ടാക്കും. നല്ല തടവുകാരായിരിക്കാന്‍ അത് അവരെ പ്രേരിപ്പിക്കുമെന്നും കോടതി നിരീക്ഷിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here