Connect with us

Articles

പൗരജീവിതത്തിന്റെ സൂക്ഷ്മ മണ്ഡലങ്ങളിലേക്ക്

Published

|

Last Updated

രാഷ്ട്രത്തിന്റെ ആത്മാവിനു നേരെ
ഫാസിസത്തിന്റെ യാഗാശ്വങ്ങള്‍- 3

പ്രണയത്തിന്റെ പേരില്‍ രാജസ്ഥാനില്‍ കൊലപാതക പരമ്പരകള്‍ തുടരുകയാണ്. ഗോല്‍പൂര്‍ ജില്ലയില്‍ കൂടെപഠിക്കുന്ന വിദ്യാര്‍ഥിയുമായുള്ള പ്രണയത്തില്‍ നിന്ന് പിന്മാറാത്തതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ 17-കാരിയായ പെണ്‍കുട്ടിയെ വെടിവെച്ച ശേഷം ചുട്ടുകൊന്നത്. പ്രണയത്തിന്റെയും പശുവിന്റെയുമൊക്കെ പേരില്‍ മനുഷ്യരെ പച്ചക്ക് കത്തിക്കുന്ന നാടാക്കി ഇന്ത്യയെ അധഃപതിപ്പിക്കുകയാണ് ഹിന്ദുത്വവാദികള്‍. ഡിസംബര്‍ 10-ന് രഘുവീര്‍പുര ഗ്രാമത്തിലാണ് ഈ ഹീനമായ സംഭവം നടന്നത്. കുടുംബം എതിര്‍ത്തിട്ടും ഒന്നിച്ചുജീവിക്കാനുള്ള അഭിനിവേശം മൂലം പെണ്‍കുട്ടിയും കാമുകനും ഒളിച്ചോടിപ്പോകുകയായിരുന്നു. പെണ്‍കുട്ടി ബന്ധത്തില്‍നിന്ന് പിന്മാറില്ലെന്ന് മനസ്സിലാക്കിയ ബന്ധുക്കള്‍ പെണ്‍കുട്ടിയെ കണ്ടെത്തി വീട്ടില്‍കൊണ്ടുവന്ന് വെടിവെച്ചിട്ട് ശ്മശാനത്തില്‍ കൊണ്ടുപോയി ചുട്ടുകൊല്ലുകയായിരുന്നു. രാജസ്ഥാന്‍ ഉള്‍പ്പെടെയുള്ള ബി ജെ പിക്ക് മേല്‍ക്കൈയുള്ള സംസ്ഥാനങ്ങളില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന ഹിന്ദുത്വ സംസ്‌കാരത്തിന്റെ പ്രതിഫലനങ്ങളാണ് ഇത്തരം ക്രൂരകൃത്യങ്ങളെല്ലാം.

16-ാം ലോക്‌സഭാ തിരഞ്ഞെടുപ്പിലൂടെ ദേശീയാധികാരം കൈയടക്കിയ ബി ജെ പിയും സംഘ്പരിവാറും തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യമായ ഹിന്ദുരാഷ്ട്രം സാക്ഷാത്കരിച്ചെടുക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ആരംഭിച്ചത്. ഓരോ വ്യക്തിയും ഉറങ്ങുകയും ഉണരുകയും ഭക്ഷിക്കുകയും വിസര്‍ജിക്കുകയും ഇണചേരുകയും ചെയ്യുന്നത് ഉള്‍പ്പെടെ പൗരജീവിതത്തിന്റെ സൂക്ഷ്മവ്യവഹാര മണ്ഡലങ്ങളെയാകെ നിയന്ത്രിക്കാനാണ് ഹിന്ദുത്വശക്തികള്‍ ശ്രമിക്കുന്നത്. ബ്രാഹ്മണാധികാരത്തിലധിഷ്ഠിതമായ ജീര്‍ണമൂല്യങ്ങളെ പുനരാനയിക്കാനും ഹിന്ദുധര്‍മമെന്ന പേരില്‍ കര്‍ക്കശമായ നിയമങ്ങളും നിബന്ധനകളും അടിച്ചേല്‍പ്പിക്കാനുമാണ് സംഘ്പരിവാര്‍ അതിന്റെ പലതരത്തിലുള്ള സംഘടനാസംവിധാനങ്ങളെ വിന്യസിച്ചിരിക്കുന്നത്.
എല്ലാവിധ ജനാധിപത്യപരമായ സാമൂഹ്യരാഷ്ട്രീയ സംഘാടനത്തെയും ജനങ്ങളുടെ സ്വാഭാവികമായ ജീവിതവ്യവഹാരങ്ങളെയും മതരാഷ്ട്രവാദത്തിന്റെ ഉരുക്കുമുഷ്ടിയുപയോഗിച്ച് തകര്‍ത്തുകളയാനാണ് സംഘ്പരിവാര്‍ ശ്രമിക്കുന്നത്. ഹിന്ദുത്വരാഷ്ട്രീയത്തിനും അതിന്റെ പ്രത്യയശാസ്ത്രമായ സംസ്‌കൃത പാരമ്പര്യത്തിലധിഷ്ഠിതമായ വര്‍ണാശ്രമധര്‍മങ്ങള്‍ക്കുമെതിരെ ചിന്തിക്കുന്നവരെയും സര്‍ഗസൃഷ്ടിയിലേര്‍പ്പെടുന്നവരെയും ശാരീരികമായി തന്നെ ഇല്ലായ്മ ചെയ്യുകയാണ്. കഴിഞ്ഞ മൂന്നര വര്‍ഷക്കാലം സംഘ്പരിവാറിന്റെ ഹിംസാത്മകമായ രാഷ്ട്രീയ പ്രയോഗത്തിനാണ് രാജ്യം വിധേയമായത്.

നരേന്ദ്ര മോദിയെ എതിര്‍ത്ത് സംസാരിച്ച കുറ്റത്തിനാണ് രാജ്യം ജ്ഞാനപീഠം നല്‍കി ആദരിച്ച അനന്തമൂര്‍ത്തിയെ പോലുള്ള ഒരു എഴുത്തുകാരന് സംഘ്പരിവാര്‍ പാക്കിസ്ഥാനിലേക്കുള്ള വിമാന ടിക്കറ്റ് അയച്ചുകൊടുത്തത്. വൃദ്ധനും രോഗിയുമായ അദ്ദേഹത്തിന്റെ മരണം വേഗമാക്കിയത് സംഘ്പരിവാറിന്റെ പീഡനങ്ങളും അപവാദ പ്രചാരണങ്ങളുമായിരുന്നു. തിരഞ്ഞെടുപ്പില്‍ മോദിയെ എതിര്‍ത്ത് സംസാരിച്ചുവെന്ന് ആരോപിച്ചായിരുന്നല്ലോ ഇന്ത്യയുടെ വിശ്വപ്രസിദ്ധ ഗായിക ശുഭാമുഗ്ദലിന്റെ സംഗീതകച്ചേരി സംഘ്പരിവാര്‍ സംഘടനകള്‍ തടഞ്ഞത്.
അന്ധവിശ്വാസങ്ങള്‍ക്കെതിരെ ശാസ്ത്രബോധം പ്രചരിപ്പിച്ച കുറ്റത്തിനാണ് ഡോ. നരേന്ദ്രദാല്‍ബോക്കറെ വെടിവെച്ചുകൊന്നത്. “ആരാണ് ശിവജി” എന്ന പുസ്തകം എഴുതിയതിന്റെ പേരിലാണല്ലോ മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് ഗോവിന്ദ പന്‍സാരയെ വകവരുത്തിയത്. ബ്രാഹ്മണ വൈദികാധികാരത്തെ എതിര്‍ക്കുകയും വിഗ്രഹാരാധനയെ നിരാകരിക്കുകയും ചെയ്ത കുറ്റത്തിനാണല്ലോ എം എം കല്‍ബുര്‍ഗിയുടെ ജീവനെടുത്തത്. ഹിന്ദുത്വവാദികളെ വിമര്‍ശിക്കുകയും അസഹിഷ്ണുതയുടെ രാഷ്ട്രീയത്തെ എതിര്‍ക്കുകയും ചെയ്ത കുറ്റത്തിനാണ് മാധ്യമപ്രവര്‍ത്തക ഗൗരിലങ്കേഷിനെ വെടിയുണ്ടകള്‍ ഉതിര്‍ത്ത് വധിച്ചുകളഞ്ഞത്. വിശ്വപ്രസിദ്ധ ഗസല്‍ഗായകന്‍ ഗുലാംഅലിയെ മുംബെയിലും ഡല്‍ഹിയിലും കച്ചേരി നടത്താന്‍ അനുവദിക്കാതിരുന്നത് എന്തിന്റെ പേരിലാണ്?
അത്യന്തം നീചവും ക്രൂരവുമായ ഇത്തരം നീക്കങ്ങള്‍ ജനങ്ങളുടെ സമാധാന ജീവിതത്തെ തകര്‍ക്കുകയാണ്. ക്രിസ്ത്യാനികളെയും മുസ്‌ലിംകളെയും ആഭ്യന്തരശത്രുക്കളായി കാണുന്ന സംഘ്പരിവാറിന്റെ ന്യൂനപക്ഷ വിരുദ്ധ അജന്‍ഡയിലാണ് രാജ്യമെമ്പാടും ഘര്‍വാപസിയുടെ പേരില്‍ ബലംപ്രയോഗിച്ചുള്ള മതം മാറ്റങ്ങള്‍ നടന്നത്. ആഗ്രയില്‍ ഉള്‍പ്പെടെ ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ പിടിച്ചെടുക്കുകയും കൂട്ടമതപരിവര്‍ത്തനങ്ങള്‍, ഹിന്ദുമതത്തില്‍ നിന്ന് മാറിപ്പോയവരെ തിരിച്ചുകൊണ്ടുവരലായി അവതരിപ്പിച്ച് അടിച്ചേല്‍പ്പിക്കുകയായിരുന്നു.
കഴിഞ്ഞ മൂന്നര വര്‍ഷക്കാലത്തിനിടയില്‍ 29 പച്ചപ്പാവങ്ങളായ മനുഷ്യരാണ് മീറ്റ് ജിഹാദിന്റെ ഇരകളായി കൊലചെയ്യപ്പെട്ടത്. ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ നൊന്തുപെറ്റ മാതാവിന്റെയും ഭാര്യയുടെയും കുഞ്ഞുങ്ങളുടെയും മുന്നില്‍വെച്ചാണ് പ്രാദേശിക ബി.ജെ.പി നേതാവ് വിശാല്‍റാണയുടെ നേതൃത്വത്തിലുള്ള ഒരാള്‍ക്കൂട്ടം ഇഷ്ടികയും കല്ലും കൊണ്ട് അടിച്ചും ഇടിച്ചും അഖ്‌ലാകിനെ കൊലപ്പെടുത്തിയത്.
ഷിംലയിലും കശ്മീരിലും ഗോക്കളെ കടത്തി എന്നതിന്റെ പേരില്‍ നടന്ന നരഹത്യകള്‍ സംഘ്പരിവാര്‍ ആസൂത്രിതമായി നടത്തിക്കൊണ്ടിരിക്കുന്ന വിദേ്വഷ പ്രചാരണത്തിന്റെ ഫലമായിരുന്നു. ഷിംലയില്‍ കന്നുകാലികളെ കൊണ്ടുപോകുന്ന ട്രക്കിലെ യാത്രക്കാരനായ ന്യൂമാനെന്ന ചെറുപ്പക്കാരനെയാണ് ഗോരക്ഷാസേന കൊലചെയ്തത്. അക്കാലത്തെ ഹിമാചലിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ന്യൂമാനെ തല്ലിക്കൊന്ന വര്‍ഗീയവാദികളെ അറസ്റ്റുചെയ്യാന്‍ തയ്യാറായില്ലെന്നു മാത്രമല്ല കന്നുകാലികളെ കടത്തിയ കേസില്‍ കൊല്ലപ്പെട്ട ന്യൂമാനെ പ്രതിയാക്കുകയും ചെയ്തു!
ദാദ്രിയില്‍ മുഹമ്മദ്അഖ്‌ലാക് കൊല്ലപ്പെട്ടപ്പോള്‍ എ ഐ സി സി വക്താവ് ദ്വിഗ്‌വിജയ്‌സിംഗ് സമ്പൂര്‍ണമായ ഗോവധനിരോധന നിയമത്തിനുവേണ്ടി വാദിക്കുകയായിരുന്നല്ലോ. ഝാര്‍ഖണ്ഡില്‍ ചന്തയില്‍ കന്നുകാലികളെ വില്‍ക്കാന്‍പോയ മുഹമ്മദ് മജ്‌ലുവിനെയും ആസാദ്ഖാനെയും ഗോരക്ഷാസഭാ പ്രവര്‍ത്തകര്‍ തല്ലിക്കൊന്ന് കാട്ടിലെ മരത്തില്‍ കെട്ടിത്തൂക്കുകയായിരുന്നു. ഹരിയാനയില്‍ നിന്ന് രാജസ്ഥാനിലെ ജയ്പൂര്‍ കന്നുകാലി ചന്തയില്‍ പോയി പശുവിനെ വാങ്ങി നാട്ടിലേക്ക് തിരിച്ചുവരുന്ന വഴിക്കായിരുന്നല്ലോ ഫസലുഗാന്‍ എന്ന ക്ഷീരകര്‍ഷകനെ ഗോരക്ഷാസേന ട്രക്ക് തടഞ്ഞ് നടുറോഡിലിട്ട് തല്ലിക്കൊന്നത്. പെരുന്നാള്‍ വസ്ത്രങ്ങള്‍ വാങ്ങാന്‍ ഡല്‍ഹിയില്‍ ചെന്ന്, ഡല്‍ഹി-മഥുര പാസഞ്ചര്‍ ട്രെയിനിന് മടങ്ങിവരുമ്പോഴാണല്ലോ ജുനൈദ് എന്ന കൗമാരക്കാരനെ ഗോരക്ഷാ പ്രവര്‍ത്തകര്‍ മര്‍ദിച്ച് ഓടുന്ന വണ്ടിയില്‍ നിന്ന് പുറത്തെറിഞ്ഞ് കൊന്നുകളഞ്ഞത്.

കല്‍ബുര്‍ഗിയുടെ നിഷ്ഠൂരമായ കൊലപാതകത്തില്‍ പ്രതിഷേധിക്കുകയും കന്നടയിലെ നവോത്ഥാന ചരിത്രത്തിലെ അനിഷേധ്യങ്ങളായ ബ്രാഹ്മണവൈദികാധികാരത്തിനെതിരായ ഉണര്‍വുകളെ ജനങ്ങളിലേക്കെത്തിച്ച കല്‍ബുര്‍ഗിയുടെ സംഭാവനകളെ ഉയര്‍ത്തിക്കാണിച്ചതിനുമാണല്ലോ കന്നട എഴുത്തുകാരനായ കെ എസ് ഭഗവാനെ വധിക്കുമെന്ന് പ്രഖ്യാപിച്ചത്. നയതന്ത്രരംഗത്തെ ഹിന്ദുത്വവാദികളുടെ നിലപാടുകളെ ചോദ്യം ചെയ്തപ്പോഴാണല്ലോ സുധീന്ദ്രകുല്‍ക്കര്‍ണിയുടെ മുഖത്ത് കരിയോയിലൊഴിച്ച് അപമാനിച്ചത്. പെരുമാള്‍മുരുകനെപോലെ ഒരു തമിഴ് എഴുത്തുകാരന് സവര്‍ണജാതി സമ്മര്‍ദങ്ങള്‍ക്ക് മുമ്പില്‍ നിസ്സഹായനായി എഴുത്ത് നിര്‍ത്തുകയാണെന്ന് പ്രഖ്യാപിക്കേണ്ടിവന്നല്ലോ. ഗോവധത്തിന്റെപേരില്‍ നടക്കുന്ന നരഹത്യകളെ അപലപിച്ച് ലേഖനമെഴുതിയതിന്റെ പേരിലാണ് കന്നട എഴുത്തുകാരി ചേതനതീര്‍ത്ഥഹള്ളിയെ ബലാത്സംഗം ചെയ്ത് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്.

എഴുത്തുകാരുടെയും കലാകാരന്മാരുടെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നേരെ തുടര്‍ച്ചയായ ഭീഷണി ഉയര്‍ത്തുകയാണവര്‍. ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലും ഹൈദരാബാദ് സെന്റര്‍ യൂണിവേഴ്‌സിറ്റിയിലും സംഘ്പരിവാര്‍ നടത്തിയ ഹീനമായ കടന്നാക്രമണങ്ങള്‍ അക്കാദമിക് രംഗത്തെ കാവിവത്കരണ അജന്‍ഡയുടെ ഭാഗമായിരുന്നു. ഇന്ത്യയില്‍ ഉന്നതവിദ്യാഭ്യാസരംഗത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന കാവിവത്കരണത്തിന്റെ ഇരയായിരുന്നു രോഹിത്‌വെമുല. രോഹിത്‌വെമുലയുടെ ആത്മബലി സവര്‍ണഹിന്ദുരാഷ്ട്രീയത്തിന്റെ അസഹിഷ്ണുതയിലേക്കും ഹിംസാത്മകതയിലേക്കും നമ്മുടെ അക്കാദമിക് സമൂഹത്തിന്റെ കണ്ണുതുറപ്പിച്ച സംഭവമായിരുന്നു.
ലോകം ആദരിക്കുന്ന നര്‍ത്തകി മൃണാളിനി സാരാഭായിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്താന്‍ പോലും പ്രധാനമന്ത്രി മോദി സന്നദ്ധനായില്ല. ഇന്ത്യന്‍ ബഹിരാകാശ നേട്ടങ്ങളുടെ പിതാവാണ് വിക്രം സാരാഭായി. അദ്ദേഹത്തിന്റെ ഭാര്യയും നര്‍ത്തകിയുമായ മൃണാളിനി സാരാഭായിയെ എന്തിന്റെ പേരിലാണ് സംഘ്പരിവാര്‍ മരണത്തില്‍പോലും അപമാനിച്ചത്. ഗുജറാത്ത് വംശഹത്യയുടെ ഇരകള്‍ക്കൊപ്പം മൃണാളിനി സാരാഭായിയും അവരുടെ പുത്രി മല്ലികാ സാരാഭായിയും നിലകൊണ്ടു എന്നതാണ് മരണത്തില്‍പോലും ഈ കലാകാരിയെ അപമാനിക്കുന്ന നിലപാട് സ്വീകരിക്കാന്‍ സംഘ്പരിവാറിനെ പ്രേരിപ്പിച്ചത്.
(തുടരും)

 

 

 

---- facebook comment plugin here -----

Latest