Connect with us

Eranakulam

സ്വര്‍ണക്കടത്ത്: പരിശോധന കര്‍ക്കശമാക്കി കസ്റ്റംസ്

Published

|

Last Updated

നെടുമ്പാശ്ശേരി: രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തന്നെ തകര്‍ക്കുന്ന വിധത്തില്‍ കേരളത്തിലേക്ക് സ്വര്‍ണക്കടത്ത് സജീവമായതോടെ വിദേശ രാജ്യങ്ങളില്‍ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാരെ പരിശോധിക്കുന്നത് കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം കര്‍ശനമാക്കി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി സ്വര്‍ണക്കടത്ത് സജീവമായതിനെ തുടര്‍ന്ന് പരിശോധനകള്‍ കര്‍ശനമാക്കിയിരുന്നു. ഇത് കരിപ്പൂര്‍ വിമാനത്താവളം വഴി അനധികമായി സ്വര്‍ണം കടക്കുന്നതിന് കാരണമായി. ഉദേ്യാഗസ്ഥര്‍ ഉള്‍പ്പടെയുള്ളവരുടെ സഹായത്തോടെ കള്ളക്കടത്ത് സജീവമായതിനാലാണ് കരിപ്പൂര്‍ വിമാനത്താവളത്തിലും കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗത്തിന്റെ പരിശോധന കര്‍ശനമാക്കിയത്.

2018 ആരംഭിച്ച ആദ്യ മാസത്തില്‍ ഇതു വരെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്തുവാന്‍ ശ്രമിച്ച 2.26 കോടി രൂപ വിലവരുന്ന 7.616 കിലോഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം മാത്രം പിടികൂടിയത്. കേരളത്തില്‍ സ്വര്‍ണത്തിന് ഏറെ ചിലവ് വരുന്ന വിവാഹ സീസണ്‍ ആയതു മൂലം കേരളത്തിലേക്ക് ഇനിയും സ്വര്‍ണ കള്ളകടത്ത് വര്‍ധിക്കുന്നതിന് കാരണമാകും. വില കുറച്ച് സ്വര്‍ണം നല്‍കി ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായിട്ടാണ് പ്രധാനമായും സ്വര്‍ണം വിദേശ രാജ്യങ്ങളില്‍ നിന്നും അനധികൃതമായി കടത്തുന്നത്.
ഏറ്റവും നല്ല സ്വര്‍ണമെന്ന് പേരുള്ള ദുബായില്‍ നിന്നാണ് കൂടുതല്‍ സ്വര്‍ണം അനധികൃതമായി കേരളത്തില്‍ എത്തുന്നത്. നികുതി വെട്ടിച്ച് എത്തുന്ന സ്വര്‍ണം കേരളത്തിലെ ജ്വല്ലറികളിലേക്കും തൃശൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ആഭരണ നിര്‍മാണ കേന്ദ്രങ്ങളിലേക്കുമാണെന്നാണ് കസ്റ്റംസ് സംശയിക്കുന്നത്. സംശയമുള്ള ആഭരണ നിര്‍മാണ കേന്ദ്രങ്ങള്‍ക്കെതിരെയും ജ്വല്ലറികള്‍ക്ക് എതിരെയും കസ്റ്റംസ് രഹസ്യനേ്വഷണം ആരംഭിച്ചിട്ടുണ്ട്.
കേരളത്തിലെ ചില ജ്വല്ലറികളിലും സ്വര്‍ണാഭരണ നിര്‍മാണ സ്ഥാപനങ്ങളിലും വില്‍പ്പന കുതിച്ചുയര്‍ന്നിട്ടും ആഭരണം നിര്‍മിക്കുവാന്‍ നിയമാനുസൃതം വാങ്ങുന്ന സ്വര്‍ണത്തിന്റെ തോത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഈ വര്‍ഷം കുറവ് വന്നിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങള്‍ കസ്റ്റംസിന്റെ പ്രത്യേക നിരീക്ഷണത്തിലാണ്. ജി എസ് ടി യും ഇ വേ ബില്ല് പരിഷ്‌ക്കാരവും നടപ്പിലാക്കിയതു മൂലവുമാണ് സ്വര്‍ണ വ്യാപാര രംഗത്ത് പരിശോധനകള്‍ കുറഞ്ഞത്. കേരളത്തിലേക്ക് വിദേശത്ത് നിന്നും സ്വദേശത്ത് നിന്നും സ്വര്‍ണം വന്‍തോതിലാണ് അനധികൃതമായി എത്തുന്നത്.
കേരളത്തിലെ സ്വര്‍ണ വിപണി നിയന്ത്രിക്കുന്ന തൃശൂര്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും അനധികൃത സ്വര്‍ണക്കച്ചവടം നടക്കുന്നത്. കഴിഞ്ഞ ആഴ്ചയില്‍ ധനമന്ത്രി വിളിച്ച് ചേര്‍ത്ത ജി എസ് ടി ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തൃശൂര്‍ കേന്ദ്രീകരിച്ച് നടക്കുന്ന അനധികൃത സ്വര്‍ണ വ്യാപാരത്തെ കുറിച്ച് ചര്‍ച്ചയുണ്ടായിരുന്നു.

വിവാഹ പാര്‍ട്ടികള്‍ ഉള്‍പ്പടെ വന്‍തോതില്‍ സ്വര്‍ണം വാങ്ങുന്ന ടീമുകള്‍ക്ക് നികുതി കുറക്കുന്നത്. കൂടാതെ പവന് നൂറ് വരെയുള്ള വന്‍ ഓഫറുകളാണ് പല സ്വര്‍ണ വില്‍പ്പന കേന്ദ്രങ്ങളും നല്‍കുന്നത്. അനധികൃതമായി സ്വര്‍ണം കടത്താതെ ഇങ്ങനെ വില്‍പ്പന നടത്താന്‍ കഴിയില്ലെന്നാണ് അധികൃതര്‍ പറയുന്നത്. വിദേശത്ത് നിന്ന് അനധികൃതമായി കടത്തുന്ന സ്വര്‍ണം പിടിക്കപ്പെട്ടാല്‍ കാര്യമായ ശിക്ഷയില്ലാത്തതും സ്വര്‍ണ കള്ളക്കടത്ത് വര്‍ധിക്കുന്നതിന് കാരണമാകുന്നുണ്ട്.
വിമാനത്താവളങ്ങളിലും മറ്റും കസ്റ്റംസ് ഉള്‍പ്പടെയുള്ളവര്‍ നടത്തുന്ന പരിശോധനകളില്‍ നിന്ന് രക്ഷപ്പെടുന്നതിന് നൂതനാശയങ്ങളുമായിട്ടാണ് സ്വര്‍ണം കടത്തുവാന്‍ ശ്രമിക്കുന്നത്.
കഴിഞ്ഞ ദിവസം ദുബായില്‍ നിന്നും എത്തിയ യാത്രക്കാരന്റെ വേസ്റ്റ് ബാന്‍ഡലിന്‍ തുന്നിച്ചേര്‍ത്ത് കടത്തുവാന്‍ ശ്രമിച്ച 350 ഗ്രാം സ്വര്‍ണമാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് എയര്‍ ഇന്റലിജെന്‍സ് വിഭാഗം പിടികൂടിയത്.

 

 

 

Latest