Connect with us

Gulf

ക്രീക്ക് ടവര്‍; കോണ്‍ക്രീറ്റ് സ്തംഭങ്ങളുടെ നിര്‍മാണം ഈ വര്‍ഷം പകുതിയോടെ പൂര്‍ത്തിയാകും

Published

|

Last Updated

ക്രീക്ക് ടവറിന്റെ നിര്‍മാണ പുരോഗതി യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ
ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പരിശോധിക്കുന്നു

ദുബൈ: ദുബൈ ക്രീക്ക് ഹാര്‍ബറില്‍ പുരോഗമിക്കുന്ന ലോകത്തിലെ ഏറ്റവും ഉയരുമുള്ള കെട്ടിടമായി മാറാന്‍ പോകുന്ന “ക്രീക്ക് ടവര്‍” നിര്‍മാണ പുരോഗതി യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം സന്ദര്‍ശിച്ച് വിലയിരുത്തി.

കഴിഞ്ഞ സെപ്തംബറിലാണ് ടവറിന്റെ കോണ്‍ക്രീറ്റ് സ്തംഭങ്ങളുടെ നിര്‍മാണം ആരംഭിച്ചത്. 50 ശതമാനത്തിലധികം ഇപ്പോള്‍ പൂര്‍ത്തിയായിട്ടുണ്ട്. സാധാരണ ഉപയോഗിക്കുന്ന കോണ്‍ക്രീറ്റ് തൂണുകളേക്കാള്‍ ഉറപ്പു ലഭിക്കുന്ന ചതുരാകൃതിയിലുള്ള വന്‍ കോണ്‍ക്രീറ്റ് സ്തംഭങ്ങളുടെ നിര്‍മാണം ഈ വര്‍ഷം പകുതിയോടെ പൂര്‍ത്തിയാകും. ഇതുവരെ 25,000 ക്യുബിക് മീറ്റര്‍ കോണ്‍ക്രീറ്റാണ് ഇതിന്നായി ഉപയോഗിച്ചത്. തൂക്കം നോക്കുകയാണെങ്കില്‍ 60,000 ടണ്ണോളം വരും. കാനഡയിലെ സി എന്‍ ടവറിന്റെ പകുതി ഭാരം വരുമിത്. കോണ്‍ക്രീറ്റ് സ്തംഭങ്ങള്‍ ബലപ്പെടുത്താനായി ഇതുവരെയായി ഈഫല്‍ ടവറിന്റെ രണ്ടിരട്ടിയോളം ഭാരം വരുന്ന 12,000ത്തോളം ടണ്‍ സ്റ്റീലും ഇതില്‍ കലര്‍ത്തിയിട്ടുണ്ട്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 450ലധികം വിദഗ്ധ പ്രൊഫഷണലുകളാണ് നിര്‍മാണത്തിന്റെ ഭാഗമായുള്ളത്.

സ്തംഭംപോലെ ഉയരത്തിലേക്കു പോകുന്ന ടവറിന്റെ മുകളില്‍നിന്നു വലയുടെ മാതൃകയില്‍ ഉരുക്കു കമ്പികള്‍ താഴേക്കു ഘടിപ്പിച്ചിരിക്കുന്ന തരത്തിലാണു രൂപകല്‍പന. സ്പാനിഷ് സ്വിസ് ശില്‍പി സാന്റിയാഗോ കലാട്രാവയാണ് ടവര്‍ രൂപകല്‍പന ചെയ്തത്. ഹരിത സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കി നിര്‍മിക്കുന്ന കെട്ടിടത്തിനകത്ത് വന്‍മരങ്ങളും കൃത്രിമ വനവും തയ്യാറാക്കും. ഉയര്‍ന്ന ഗവണ്‍മെന്റ് ഉദ്യോഗസ്ഥരും ഇമാര്‍ അധികൃതരും ശൈഖ് മുഹമ്മദിനോടൊപ്പമുണ്ടായിരുന്നു.

 

Latest