സുരക്ഷാ ഉപകരണ പ്രദര്‍ശന വിപണന മേള തുടങ്ങി

Posted on: January 22, 2018 10:58 pm | Last updated: January 22, 2018 at 10:58 pm

ദുബൈ: മധ്യപൗരസ്ത്യ മേഖലയിലെ ഏറ്റവും വലിയ സുരക്ഷാ ഉപകരണ പ്രദര്‍ശന വിപണന മേളയായ ഇന്റര്‍സെക്-2018ന് ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ തുടക്കമായി.

അന്താരാഷ്ട്ര രംഗത്തെ സുരക്ഷാ ഉപകരണങ്ങളുടെയും സുരക്ഷാക്രമീകരണങ്ങളുടെയും അതികായകന്മാരുടെ സാന്നിധ്യമുള്ള പുത്തന്‍ സങ്കേതങ്ങളുടെ പ്രദര്‍ശനം ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഉദ്ഘാടനം ചെയ്തു.

50 രാജ്യങ്ങളില്‍ നിന്നുള്ള 1,337 കമ്പനികളാണ് പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത്. 12 ഹാളുകളിലായി 60,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തിലാണ് പ്രദര്‍ശനം. ഡ്രോണുകളുടെ പ്രദര്‍ശനത്തിനായി പ്രത്യേക മേഖലതന്നെ ഏര്‍പെടുത്തിയിട്ടുണ്ട്. പ്രദര്‍ശനം നാളെ (ചൊവ്വ) സമാപിക്കും.

മെസ്സെ ഫ്രാങ്ക്ര്ട്ട് മിഡില്‍ ഈസ്റ്റാണ് മേളയുടെ സംഘാടകര്‍. ദുബൈ സിവില്‍ ഡിഫന്‍സ് മേധാവി മേജര്‍ ജനറല്‍ റാശിദ് താനി അല്‍ മത്‌റൂശി തുടങ്ങി ഉന്നതോദ്യോഗസ്ഥര്‍ ആദ്യദിവസം പ്രദര്‍ശനത്തിലെത്തി. ദുബൈ സിവില്‍ ഡിഫന്‍സിന്റെ അത്യാധുനിക സുരക്ഷാ സാമഗ്രികളും വാഹനങ്ങളും പ്രദര്‍ശനത്തിലുണ്ട്. സിവില്‍ ഡിഫന്‍സിന്റെ ആദ്യ വൈദ്യുത ഫയര്‍ എന്‍ജിനും മേളയില്‍ അവതരിപ്പിച്ചു.