Connect with us

International

ബംഗ്ലാദേശിലേക്കുള്ള റോഹിംഗ്യന്‍ അഭയാര്‍ഥി ഒഴുക്ക് തുടരുന്നു

Published

|

Last Updated

ധാക്ക: ലക്ഷക്കണക്കിന് റോഹിംഗ്യന്‍ മുസ്‌ലിംകളെ തിരിച്ചയക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുന്നതിനിടെ മ്യാന്മറില്‍ നിന്ന് ബംഗ്ലാദേശിലേക്കുള്ള അഭയാര്‍ഥി ഒഴുക്ക് നിലക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. സൈന്യത്തിന്റെയും ബുദ്ധ തീവ്രവാദികളുടെയും പീഡനത്തെ തുടര്‍ന്ന് ഇപ്പോഴും ബംഗ്ലാദേശിലേക്ക് അഭയാര്‍ഥികള്‍ എത്തിക്കൊണ്ടിരിക്കുകയാണെന്നും ബുധനാഴ്ചക്ക് ശേഷം നൂറ് കണക്കിന് റോഹിംഗ്യകള്‍ ബംഗ്ലാദേശിലെ ക്യാമ്പുകളിലെത്തിയിട്ടുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ബംഗ്ലാദേശിലെ ക്യാമ്പുകളില്‍ കഴിയുന്ന ആറര ലക്ഷത്തോളം അഭയാര്‍ഥികളെ തിരിച്ച് മ്യാന്മറിലേക്കെത്തിക്കാനുള്ള ശ്രമം നടക്കുന്നതിനിടെയാണ് പുതിയ റിപ്പോര്‍ട്ട്. റോഹിംഗ്യകളുടെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട് യു എന്‍ അടക്കമുള്ള മനുഷ്യാവകാശ സംഘടനകള്‍ തങ്ങളുടെ ആശങ്ക പങ്കുവെച്ചിരുന്നു. അഭയാര്‍ഥികളുടെ വരവ് നിലക്കാത്ത സാഹചര്യത്തില്‍ മ്യാന്മറില്‍ റോഹിംഗ്യകളുടെ സുരക്ഷ അവതാളത്തിലാകുമെന്ന കാര്യം ഉറപ്പായിട്ടുണ്ട്.

നാഫ് നദി കടന്നാണ് റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ ബംഗ്ലാദേശ് അതിര്‍ത്തിയിലേക്ക് പ്രവേശിക്കുന്നത്. റോഹിംഗ്യകള്‍ക്കെതിരെ കഴിഞ്ഞ ആഗസ്റ്റില്‍ ആരംഭിച്ച സൈന്യത്തിന്റെ വംശീയ ഉന്മൂലന ആക്രമണമാണ് ഇപ്പോഴത്തെ അഭയാര്‍ഥി ഒഴുക്കിന് കാരണമായത്.
അതിനിടെ, 23ന് ആരംഭിക്കുന്ന റോഹിംഗ്യകളെ മടക്കിയയക്കുന്ന പ്രക്രിയയുമായി അഭയാര്‍ഥികള്‍ സഹകരിക്കാനിടയില്ലെന്നാണ് സന്നദ്ധ പ്രവര്‍ത്തകര്‍ പറയുന്നത്. സ്വന്തം നാട്ടിലേക്ക് പോകാന്‍ തങ്ങള്‍ക്ക് ഭയമാണെന്നാണ് സ്ത്രീകളും കുട്ടികളുമടക്കമുള്ള അഭയാര്‍ഥികള്‍ അഭിപ്രായപ്പെടുന്നത്.

 

Latest