Connect with us

Gulf

സഊദി ആഭ്യന്തര മന്ത്രിയെ ശൈഖ് മുഹമ്മദ് സ്വീകരിച്ചു

Published

|

Last Updated

ദുബൈ: യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം സബീല്‍ കൊട്ടാരത്തില്‍ സഊദി ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സഊദ് ബിന്‍ നായിഫ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദിനെ സ്വീകരിച്ചു. തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരന്‍ സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് രാജാവിന്റെയും കിരീടാവകാശിയും ഉപ പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്റെയും ആശംസ ശൈഖ് മുഹമ്മദിന് ആഭ്യന്തര മന്ത്രി കൈമാറി.

ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ വികസനത്തിനും ഉന്നമനത്തിനും സഹായകമാകുന്ന കാര്യങ്ങള്‍ നേതാക്കള്‍ ചര്‍ച്ച ചെയ്തു. ഇരു രാജ്യങ്ങളിലെയും സുരക്ഷാ മേഖലയിലും പോലീസ് പ്രവര്‍ത്തനങ്ങളിലുമുള്ള പ്രവര്‍ത്തന സഹകരണം വ്യാപിപ്പിക്കാനും മേഖലയിലെയും രാജ്യാന്തരതലത്തിലുമുള്ള പ്രശ്‌നങ്ങളെ ഒന്നിച്ച് നേരിടാനുമുള്ള കാര്യങ്ങളും ചര്‍ച്ച ചെയ്തു.

കൂടിക്കാഴ്ചയില്‍ ദുബൈ ഉപ ഭരണാധികാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, യു എ ഇ ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, ദുബൈ സിവില്‍ ഏവിയേഷന്‍ ചെയര്‍മാനും എമിറേറ്റ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യുട്ടീവുമായ ശൈഖ് അഹ്മദ് ബിന്‍ സഈദ് അല്‍ മക്തൂം, ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, ഭരണാധികാരിയുടെ സഭാ ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അല്‍ ശൈബാനി, ദുബൈ പോലീസ്, ജനറല്‍ സെക്യൂരിറ്റി ഉപാധ്യക്ഷന്‍ ലെഫ്റ്റനന്റ് ജനറല്‍ ദാഹി ഖല്‍ഫാന്‍ തമീം, ദുബൈ പോലീസ് മേധാവി മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മര്‍റി, ദുബൈ പ്രോട്ടോകോള്‍ ആന്‍ഡ് ഹോസ്പിറ്റാലിറ്റി ഡയറക്ടര്‍ ജനറല്‍ ഖലീഫ സഈദ് സുലൈമാന്‍, മേജര്‍ ജനറല്‍ തലാല്‍ ഹാമിദ് ബിലഹോള്‍ എന്നിവരും സംബന്ധിച്ചു.

കഴിഞ്ഞ ദിവസം അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനുമായും സഊദി ആഭ്യന്തര മന്ത്രി ചര്‍ച്ച നടത്തിയിരുന്നു.