ദളിത് വേട്ടയും ശക്തിപ്പെടുന്ന പ്രതിരോധങ്ങളും

സവര്‍ണജാതിരാഷ്ട്രീയത്തിലും ദളിത് വിരുദ്ധതയിലും അധിഷ്ഠിതമായ ഹിന്ദുത്വത്തിന്റെ ഹിംസാത്മകതയാണ് ജനുവരി 2-ന് പൂനെയിലെ‘ഭീമകൊറേഗാവ് സ്മാരക ഭൂമിയില്‍ രാജ്യം ദര്‍ശിച്ചത്. മറാത്ത ദളിത് മുന്നേറ്റത്തിന്റെ പ്രതീകമായ കൊറേഗാവ് യുദ്ധവിജയത്തിന്റെ 200-ാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി സ്മാരക‘ഭൂമിയിലെത്തിയ ആയിരക്കണക്കിന് ദളിതര്‍ക്കുനേരെ സംഘ്പരിവാര്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. 1818-ല്‍ നടന്ന കൊറേഗാവ് യുദ്ധത്തില്‍ പൂന കീഴ്‌പ്പെടുത്താനെത്തിയ മറാത്ത സേന ദളിത് സേനക്കുമുന്നില്‍ പരാജയപ്പെടുകയായിരുന്നു. ഈ യുദ്ധവിജയത്തിന്റെ 200-ാം വാര്‍ഷികത്തില്‍ ദളിതര്‍ ഒത്തുകൂടിയതില്‍ പ്രകോപിതരായ സവര്‍ണജാതി ശക്തികള്‍ സംഘ്പരിവാറിന്റെ പിന്‍ബലത്തില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു.      
Posted on: January 10, 2018 7:34 am | Last updated: January 9, 2018 at 11:40 pm
SHARE

സംഘ്പരിവാര്‍ മുന്നോട്ടുവെക്കുന്ന സവര്‍ണജാതിരാഷ്ട്രീയത്തിലും ദളിത് വിരുദ്ധതയിലും അധിഷ്ഠിതമായ ഹിന്ദുത്വത്തിന്റെ ഹിംസാത്മകതയാണ് ജനുവരി 2-ന് പൂനെയിലെ‘ഭീമകൊറേഗാവ് സ്മാരക ഭൂമിയില്‍ രാജ്യം ദര്‍ശിച്ചത്. മറാത്ത ദളിത് മുന്നേറ്റത്തിന്റെ പ്രതീകമായ കൊറേഗാവ് യുദ്ധവിജയത്തിന്റെ 200-ാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി സ്മാരക‘ഭൂമിയിലെത്തിയ ആയിരക്കണക്കിന് ദളിതര്‍ക്കുനേരെ സംഘ്പരിവാര്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. കല്ലേറ് നടത്തുകയായിരുന്നു. കാവിക്കൊടികളുമായെത്തിയ സംഘങ്ങളാണ് കല്ലേറു നടത്തുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തത്. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് 28 വയസ്സുകാരന്‍ കൊല്ലപ്പെട്ടതും നിരവധി പേര്‍ക്ക് പരുക്കേറ്റതും. മറാത്ത സവര്‍ണജാതി ബോധത്തിന്റെ അക്രമാസക്തമായ ഇളകിമറിയലാണ് കൊറേഗാവ് യുദ്ധവിജയത്തിനെതിരായ അക്രമസംഭവങ്ങളിലൂടെ പ്രതിഫലിപ്പിക്കപ്പെട്ടത്.

1818-ല്‍ നടന്ന കൊറേഗാവ് യുദ്ധത്തില്‍ പൂന കീഴ്‌പ്പെടുത്താനെത്തിയ മറാത്ത സേന ദളിത് സേനക്കുമുന്നില്‍ പരാജയപ്പെടുകയായിരുന്നു. 28,000 വരുന്ന മറാത്ത സൈനികരെയാണ് കേവലം 800-ഓളം വരുന്ന ദളിതരുടെ സേന പ്രതിരോധിച്ചത്. 12 മണിക്കൂര്‍ തടഞ്ഞുനിര്‍ത്തിയത്. ഇത് മറാത്തയിലെ അയിത്തജാതിക്കാരായ മഹര്‍ ജനതയുടെ യുദ്ധോത്സുകതയുടെ പ്രതീകമായിട്ടാണ് ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത്. മറാത്ത സേനയില്‍ നിന്ന് പുറത്താക്കപ്പെട്ട മഹര്‍ ദളിതര്‍ പട്ടിണിമൂലം ബ്രിട്ടീഷ് പട്ടാളത്തില്‍ ചേരുകയായിരുന്നു. ആ യുദ്ധവിജയത്തിന്റെ സ്മാരകമാണ് കൊറേഗാവ് ഭീമ ഗ്രാമത്തില്‍ നിലകൊള്ളുന്നത്.

അവിടെയാണ് കൊറേഗാവ് യുദ്ധവിജയത്തിന്റെ 200-ാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി ദളിതര്‍ ഒത്തുകൂടിയത്. ഇതില്‍ പ്രകോപിതരായ സവര്‍ണജാതി ശക്തികള്‍ സംഘ്പരിവാറിന്റെ പിന്‍ബലത്തില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു. ഈ സംഭവം മഹാരാഷ്ട്രയിലും രാജ്യമെമ്പാടും പ്രതിഷേധം ഉയര്‍ത്തി. മഹാരാഷ്ട്രയില്‍ പോലീസ് നടത്തിയ അതിക്രമത്തില്‍ ഒരു വിദ്യാര്‍ഥി കൊല്ലപ്പെട്ടു. അതിന് പിന്നാലെ ഉയര്‍ന്നുവന്ന പ്രതിഷേധങ്ങളില്‍ പങ്കെടുത്തവരില്‍ നിരവധി പേരെ പോലീസ് തടങ്കലിലാക്കി. ദളിതര്‍ക്കെതിരായ അക്രമങ്ങളില്‍ മഹാരാഷ്ട്രയാകെ ഉണര്‍ന്നു. മഹാ ബന്ദിന് ആഹ്വാനം ചെയ്യപ്പെടുകയും പ്രതിഷേധം അലയടിച്ചുയരുകയും ചെയ്തു.

വര്‍ധിച്ചുവരുന്ന ദളിത് പീഡനങ്ങള്‍ക്കെതിരെ വിവിധ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നുവന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ദളിത് പീഡനവും വിവേചനവും നിലനില്‍ക്കുന്ന ഗുജറാത്ത് ഉള്‍പ്പെടെയുള്ള നിരവധി സംസ്ഥാനങ്ങളില്‍ ദളിത് പ്രക്ഷോഭം ഉയര്‍ന്നിരിക്കുകയാണ്. രാജസ്ഥാനിലും ഹരിയാനയിലും യു പിയിലും ദളിത് അടിച്ചമര്‍ത്തലുകള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരികയാണ്. മോദി ഭരണത്തിനുകീഴില്‍ ന്യൂനപക്ഷസമൂഹങ്ങള്‍ മാത്രമല്ല ദളിത് സമൂഹങ്ങളും രാജ്യത്തുടനീളം വേട്ടയാടപ്പെടുകയാണ്. ഈയിടെ പുറത്തുവന്ന ദേശീയ ക്രൈം റിക്കാര്‍ഡ്‌സ്ബ്യൂറോ റിപ്പോര്‍ട്ടനുസരിച്ച് രാജ്യമെമ്പാടും ദളിതര്‍ക്കെതിരായ അതിക്രമങ്ങള്‍ കൂടിവരികയാണ്. സംഘ്പരിവാറിന്റെ ചാതുര്‍വര്‍ണ്യാധിഷ്ഠിത ജാതി രാഷ്ട്രീയമാണ് ഹിന്ദുത്വം. വര്‍ണാശ്രമ ധര്‍മങ്ങളില്‍ അഭിരമിക്കുകയും ജാതി വിവേചനങ്ങളെ ന്യായീകരിക്കുകയും ചെയ്യുന്ന ധര്‍മശാസ്ത്രമാണ് ആര്‍ എസ് എസിന്റെ പ്രത്യയശാസ്ത്രം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ദളിത് പീഡനം നടക്കുന്ന സംസ്ഥാനമായിട്ടാണ് ഹരിയാനയെ രേഖപ്പെടുത്തിയിരിക്കുന്നത്.

ഹരിയാനയില്‍ ഒരു ദളിത് കുടുംബത്തെ കൂട്ടത്തോടെ കൊന്നൊടുക്കാന്‍ മണ്ണെണ്ണയൊഴിച്ച് തീയിട്ടതും രണ്ട് പിഞ്ചുകുഞ്ഞുങ്ങള്‍ വെന്തുമരിച്ചതും ബി ജെ പി ഭരണത്തിന്‍ കീഴിലാണ്. നരേന്ദ്ര മോദിയുടെ ‘ഡിജിറ്റല്‍ ഇന്ത്യയുടെ ക്രൂരമുഖത്തെയാണ് അത് ലോകത്തിനുമുമ്പില്‍ കാണിച്ചുകൊടുത്തത്. ആര്‍ എസ് എസ് ഒത്താശയോടെയാണ് സവര്‍ണരജപുത്രസംഘം ഹരിയാനയിലെ സുനാപേഡ് ഗ്രാമത്തില്‍ നിഷ്ഠൂരമായ ഈ കൂട്ടക്കൊല നടത്തിയത്. 11 മാസം മാത്രം പ്രായമുള്ള ദിവ്യയെന്ന കൈകുഞ്ഞും രണ്ടരവയസ്സ് പ്രായമുള്ള വൈഭവ് എന്ന കുട്ടിയുമാണ് സവര്‍ണജാതി രാക്ഷസീയതയുടെ ഇരകളായി വെന്തെരിഞ്ഞ് മരിച്ചത്. അവരുടെ അമ്മ രേഖ അത്യാസന്നനിലയിലാണ്. ജാതിമതവര്‍ഗീയത എന്തുമാത്രം ക്രൂരവും ഹിംസാത്മകവുമാണെന്നാണ് സുന്‍പേഡ് സംഭവം വെളിവാക്കുന്നത്. പുലര്‍ച്ചെ വീട്ടിനകത്ത് എല്ലാവരും ഉറങ്ങുന്ന ഏകദേശം രണ്ടര മണിക്കാണ് സവര്‍ണജാതിസംഘം മണ്ണെണ്ണയൊഴിച്ച് ദളിത് കുടുംബത്തെ തീകൊളുത്തിയത്. മക്കളെയും വാരിയെടുത്ത് പുറത്ത് ഓടിരക്ഷപ്പെടാന്‍ പോലും കഴിയാത്തവിധം വീടിന്റെ വാതില്‍ പുറമെനിന്ന് പൂട്ടിയാണ് ജാതിഭ്രാന്തന്മാര്‍ തീകൊടുത്തത് എന്നത് ഈ സംഭവം എത്രത്തോളം ആസൂത്രിതമായിരുന്നു എന്നാണ് കാണിക്കുന്നത്.

മനുഷ്യമനസ്സാക്ഷിയെ ഞെട്ടിപ്പിച്ച ഈ സംഭവത്തോട് കേന്ദ്രമന്ത്രി നടത്തിയ പ്രതികരണം മാനവികതയോടുതന്നെയുള്ള വെല്ലുവിളിയാണ്. മരണപ്പെട്ട കുട്ടികളെ പട്ടികളോടാണ് വി കെ സിംഗ് ഉപമിച്ചത്. ഗുജറാത്ത് വംശഹത്യയുടെ ഇരകളെ മുമ്പൊരിക്കല്‍ നരേന്ദ്ര മോദി ഉപമിച്ചതും പട്ടികളോടായിരുന്നല്ലോ. കാറിനടിയില്‍പെട്ട പട്ടികളായി ഗുജറാത്തിലെ വംശഹത്യകളുടെ ഇരകളെ വിശേഷിപ്പിച്ച പ്രധാനമന്ത്രിയുടെ സഹമന്ത്രിയിപ്പോള്‍ ആരുടേയോ ഏറുകൊണ്ട പട്ടികളായിട്ടാണ് ഹരിയാനയിലെ കുഞ്ഞുങ്ങളെ വിശേഷിപ്പിച്ചത്! സവര്‍ണജാതി രാഷ്ട്രീയത്തിലധിഷ്ഠിതമായ ഹിന്ദുത്വപ്രത്യയശാസ്ത്രത്തിന്റെ വക്താക്കളായ ആര്‍ എസ് എസുകാര്‍ ഇങ്ങനെയൊക്കെ പറയുന്നതില്‍ ചരിത്രബോധമുള്ള ആര്‍ക്കും അത്ഭുതം തോന്നേണ്ട ആവശ്യമില്ല. ചതുര്‍വിധവര്‍ണവ്യവസ്ഥക്ക് താഴെയുള്ള പഞ്ചമരെ, ദളിത് ജനവിഭാഗങ്ങളെ മനുഷ്യരായിപോലും അംഗീകരിക്കാന്‍ വിസമ്മതിക്കുന്ന പ്രത്യയശാസ്ത്രമാണ് ആര്‍ എസ് എസിന്റേത്. ആര്‍ എസ് എസിന്റെ പ്രത്യയശാസ്ത്രം അര്‍ഥശങ്കക്കിടയില്ലാതെ വ്യക്തമാക്കുന്നത് ദളിതരും അയിത്തജാതിക്കാരും സ്ത്രീകളും ന്യൂനപക്ഷങ്ങളും യാതൊരുവിധ പൗരാവകാശങ്ങള്‍ക്കും മനുഷ്യാവകാശങ്ങള്‍ക്കും അര്‍ഹരല്ല എന്നാണ്.

ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റിയിലെ യുവഗവേഷകനായ രോഹിത് വെമുലയുടെ ആത്മഹത്യയിലൂടെയും ഹരിയാനയിലെ ദളിത് കൂട്ടക്കൊലകളിലൂടെയും ദാദ്രിയിലെ നരഹത്യയിലൂടെയും സംഘ്പരിവാറിന്റെ ഹിംസാത്മകമായ വിദേ്വഷ രാഷ്ട്രീയ പ്രയോഗമാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ഉനയില്‍ പശുഹത്യ നടത്തി എന്നാരോപിച്ച് ദളിത് യുവാക്കളെ നഗ്നരാക്കി മര്‍ദിച്ചത് ഉള്‍പ്പെടെ സംഘ്പരിവാറിന്റെ ഗോരക്ഷാ രാഷ്ട്രീയം ന്യൂനപക്ഷങ്ങളെ മാത്രമല്ല ദളിതരെയും വേട്ടയാടുകയാണെന്നാണ് കാണിക്കുന്നത്.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ദളിത് പീഡനവും വിവേചനവും നിലനില്‍ക്കുന്ന സംസ്ഥാനമാണ് നരേന്ദ്ര മോദിയുടെ ഗുജറാത്ത്. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നേരത്തെ ചൂണ്ടിക്കാണിച്ചത് ഗുജറാത്തിലെ ഏറ്റവും കുറഞ്ഞത് 77 ഗ്രാമങ്ങളിലെങ്കിലും ദളിതര്‍ക്ക് സാമൂഹ്യ ഭ്രഷ്ട് മൂലം നാട് വിട്ട് പോകേണ്ടിവന്നിട്ടുണ്ടെന്നാണ്. ന്യൂനപക്ഷങ്ങളെ മാത്രമല്ല മോദി‘ഭരണം ഗുജറാത്തില്‍ അരക്ഷിതരും നിരാലംബരുമാക്കിയത് ദളിത് ജനവിഭാഗങ്ങളെക്കൂടിയാണ്. മോദി‘ഭരണത്തിന് കീഴില്‍ പട്ടികജാതി പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമമനുസരിച്ച് ദളിത് അതിക്രമങ്ങളില്‍ കേസെടുക്കുന്നില്ല എന്ന പരാതി വ്യാപകമായി ഉയര്‍ന്നുവന്നതാണ്. എടുക്കുന്ന കേസുകളില്‍ തന്നെ 3.5 ശതമാനം മാത്രമാണ് കോടതി ശിക്ഷാനടപടികള്‍ക്ക് വിധേയമാകുന്നത്.

അഹമ്മദാബാദ് ഉള്‍പ്പെടെയുള്ള ഗുജറാത്തിലെ ഒട്ടുമിക്ക ജില്ലകളിലും ദളിതര്‍ക്ക് ഇന്നും ക്ഷേത്രപ്രവേശനം സാധ്യമായിട്ടില്ല. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അഹമ്മദാബാദ് സിറ്റിയില്‍ നിന്നും 100 കിലോമീറ്റര്‍ മാത്രം അകലെയുള്ള ഗല്‍സാന ഗ്രാമത്തിലെ അഞ്ച് ക്ഷേത്രങ്ങളില്‍ ദളിതര്‍ക്ക് പ്രവേശിക്കാന്‍ അനുമതി ഇല്ലാത്തതിനെക്കുറിച്ച് അനേ്വഷിച്ചിട്ടുണ്ട്. അയിത്തത്തിന്റെ പേരില്‍ ക്ഷേത്രപ്രവേശനം നിഷേധിക്കുന്നതിനെതിരെ പ്രതിഷേധിച്ച യുവാക്കളെ ഈ ഗ്രാമങ്ങളില്‍ നിന്ന് ബി ജെ പിയുടെ സഹായത്തോടെ സവര്‍ണര്‍ സാമൂഹ്യ‘ഭ്രഷ്ട് കല്‍പിച്ച് പുറത്താക്കുകയാണ് ചെയ്തത്.‘സ്വച്ഛ്‘ഭാരത് അഭിയാന്‍’ പാടി നടക്കുന്ന നരേന്ദ്രമോദി ‘ഭരിച്ച ഗുജറാത്തില്‍ ദളിതരെ തോട്ടിപ്പണിക്കാരാക്കി ആദര്‍ശവത്കരിക്കുകയാണ് സംഘ്പരിവാര്‍ ചെയ്തത്. ബി ജെ പിയുടെ ഹിന്ദുത്വ മാതൃകയുടെ പരീക്ഷണശാലയായ ഗുജറാത്തിലെ ദളിതരുടെ ജീവിതാവസ്ഥ അതീവ ഭീകരമാണ്. വിവേചനവും അടിമത്വവും പേറുന്നവരാണ് അധഃസ്ഥിത ജനത.

ദളിതരായവര്‍ ചെയ്യുന്ന തോട്ടിപ്പണി അവര്‍ക്ക് ആത്മീയാനുഭവം നല്‍കുന്ന ധര്‍മശാസ്ത്രവിധിയനുസരിച്ചുള്ളതാണെന്ന് പറയാന്‍ പോലും നരേന്ദ്രമോദിക്ക് മടിയുണ്ടായില്ല. മോദിയുടെ വാക്കുകള്‍ നോക്കൂ; ‘സ്വന്തം ജീവിതം നിലനിര്‍ത്താന്‍ വേണ്ടി മാത്രമാണ് അവര്‍ ഈ ജോലി ചെയ്യുന്നതെന്ന് ഞാന്‍ കരുതുന്നില്ല. അങ്ങനെയാണെങ്കില്‍ തലമുറകളായി അവര്‍ ഇത്തരം ജോലി ചെയ്യുമായിരുന്നില്ല….. ഏതെങ്കിലുമൊരു സമയത്ത് മൊത്തം സമൂഹത്തിനും ദൈവങ്ങള്‍ക്കും സന്തോഷമുണ്ടാക്കുന്നതിനു വേണ്ടി തങ്ങള്‍ ഈ ജോലി ചെയ്യണമെന്ന് ആര്‍ക്കെങ്കിലും ഉള്‍വിളി ഉണ്ടായിട്ടുണ്ടാവണം; ദൈവം അവരില്‍ അര്‍പ്പിച്ചതുകൊണ്ടാണ് അവര്‍ ഈ ജോലി ചെയ്തുകൊണ്ടിരിക്കുന്നത്. നൂറ്റാണ്ടുകളായി വൃത്തിയാക്കുക എന്ന ഈ ജോലി തുടരുന്നത് ആഭ്യന്തരമായ ഒരാത്മീയ പ്രവര്‍ത്തനമായിട്ടാണ്. ഇങ്ങനെയൊക്കെയുള്ള അത്ഭുതകരമായ വീക്ഷണങ്ങള്‍ പുലര്‍ത്തുന്ന ഒരാള്‍ രാജ്യം ഭരിക്കുമ്പോള്‍ ദളിതുകള്‍ക്ക് എവിടെനിന്നാണ് സാമൂഹികസുരക്ഷയും സാമൂഹിക നീതിയും കിട്ടുക.

 

 

LEAVE A REPLY

Please enter your comment!
Please enter your name here