Connect with us

Sports

സംഭവബഹുലം കോസ്റ്റ !!

Published

|

Last Updated

മാഡ്രിഡ്: ഗോളും പിന്നാലെ ചുവപ്പ് കാര്‍ഡും ! ലാലിഗയിലെ തന്റെ ആദ്യ ഹോം മത്സരം സംഭവബഹുലമാക്കിയിരിക്കുകയാണ് അത്‌ലറ്റിക്കോ മാഡ്രിഡ് താരം ഡിയഗോ കോസ്റ്റ. ഗെറ്റാഫെക്കെതിരായ മത്സരത്തില്‍ ഗോള്‍ നേടിയ ഉടന്‍ ആരാധകര്‍ക്ക് നടുവിലേക്ക് പാഞ്ഞുകയറി നടത്തിയ താരത്തിന്റെ ആഘോഷമാണ് ചുവപ്പ് കാര്‍ഡില്‍ കലാശിച്ചത്. ഉടന്‍ തന്നെ റഫറി രണ്ടാം മഞ്ഞക്കാര്‍ഡ് നല്‍കുകയായിരുന്നു.
62ാം മിനുട്ടില്‍ പരുക്കന്‍ അടവിനെ തുടര്‍ന്നാണ് ആദ്യ മഞ്ഞക്കാര്‍ഡ് ലഭിച്ചത്. ചുവപ്പ് കാര്‍ഡ് കണ്ടതിനെ തുടര്‍ന്ന് ഐബറിനെതിരായ അടുത്ത മത്സരം ബ്രസീല്‍ താരത്തിന് നഷ്ടമാകും.

മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് അത്‌ലറ്റിക്കോ ജയിച്ചു. കോസ്റ്റയെ കൂടാതെ ഏയ്ഞ്ചല്‍ കോറെയാണ് സ്‌കോര്‍ ചെയ്തത്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീമായ ചെല്‍സിയില്‍ നിന്ന് തിരിച്ചെത്തിയ താരത്തിന്റെ അത്‌ലറ്റിക്കോക്കായുള്ള രണ്ടാമത്തെ മത്സരവും ലാലിഗയിലെ ആദ്യ മത്സരവുമായിരുന്നു ഇത്. തിരിച്ചുവരവില്‍ ആദ്യ കളിയിലും താരം ഗോള്‍ നേടിയിരുന്നു. കോപ ഡെല്‍റേയില്‍ ലെയ്ഡക്കെതിരെയായാണ് താരം ഗോള്‍ കണ്ടെത്തിയത്.

2010 മുതല്‍ 2014 വരെ അത്‌ലറ്റിക്കോയുടെ താരമായിരുന്ന കോസ്റ്റ 2014 ലാണ് ചെല്‍സിയിലേക്ക് ചേക്കേറിയത്. കഴിഞ്ഞ സീസണില്‍ ചെല്‍സിയെ പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച കോസ്റ്റ കോച്ച് അന്റോണിയോ കോന്റെയുമായുള്ള അഭിപ്രായ വ്യത്യാസത്തെതുടര്‍ന്ന് ക്ലബ് വിടുകയായിരുന്നു. 60 മില്ല്യണ്‍ യൂറോ (ഏകദേശം 459 കോടി രൂപ)യുടെ കരാറിനാണ് ചെല്‍സിയില്‍ നിന്ന് താരം അത്‌ലറ്റിക്കോയിലെത്തിയത്.

Latest