Connect with us

Kerala

കോല്‍ക്കളി കാണാന്‍ കാഴ്ചക്കാരിലൊരാളായി മുന്‍ മേയറും

Published

|

Last Updated

ചന്ദനം വേദിയില്‍ കോല്‍ക്കളി
ആസ്വദിക്കുന്ന മുന്‍ തൃശൂര്‍ മേയര്‍ കെ രാധാകൃഷ്ണന്‍

തൃശൂര്‍: ഇന്നലെ രാവിലെ കോല്‍ക്കളി മത്സരം അങ്ങേറിക്കൊണ്ടിരുന്ന കാല്‍ഡിയന്‍ സിറിയന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ “ചന്ദനം” വേദി. കോല്‍കളിക്കാര്‍ മെയ്യും മനസ്സും ഒന്നാക്കി പിണച്ച് മുട്ടുമ്പോള്‍ വേദിക്ക് പുറത്ത് ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് ആവേശം കൊള്ളുകയായിരുന്നു ഒരു വയോധികന്‍. ഇരിക്കാന്‍ ഒരു ഇരിപ്പിടം പോലും ലഭിച്ചിട്ടില്ലെങ്കിലും വേദിയുടെ മുന്‍ ഭാഗത്തായി നിന്ന നില്‍പ്പില്‍ ആസ്വദിച്ചത് 15 ഓളം ടീമുകളുടെ കോല്‍ക്കളി. പഴയ കാല കോല്‍ക്കളിക്കാരോ, കോല്‍ക്കളി ആശാന്‍മാരാരെങ്കിലുമോ ആകുമെന്ന് കരുതി അടുത്തെത്തി അന്വേശിച്ചപ്പോഴാണറിയുന്നത് പഴയ കാലത്തെ ഈ നഗര പിതാവായിരുന്നു അദ്ദേഹമെന്ന്. 2004ല്‍ തൃശൂര്‍ മേയറായിരുന്ന കെ രാധാകൃഷ്ണന്‍.

മുനിസിപ്പല്‍ ചെയര്‍മാനായും വൈസ് ചെയര്‍മാനായും കൗണ്‍സിലറായുമെല്ലാം അരനൂറ്റാണ്ട്് കാലം തൃശൂരിലെ പൊതുപ്രവര്‍ത്തന രംഗത്ത് നിറസാന്നിധ്യമായിരുന്ന കെ രാധാകൃഷ്ണന്‍ മാപ്പിള കലകളുടെ കടുത്ത ആരാധകന്‍ കൂടിയാണ്. ഇപ്പോള്‍ വിശ്രമ ജീവിതം നയിക്കുന്ന ഇദ്ദേഹത്തോട് കോല്‍ക്കളി ആസ്വദിക്കാനെത്തിയതിന്റെ പിന്നാമ്പുറങ്ങള്‍ അന്വേശിച്ചപ്പോള്‍ കലോത്സവ വേദികളില്‍ മാപ്പിള കലകളോട് സംഘാടകര്‍ കാണിച്ച അവഗണനകളാണദ്ദേഹം അക്കമിട്ട് നിരത്തിയത്.
വട്ടപ്പാട്ടും കോല്‍ക്കളിയും, അറബനമുട്ടും ദഫ് മുട്ടുമെല്ലാം പ്രധാന വേദികളില്‍ നിന്നെല്ലാം ഒഴിവാക്കി ഒറ്റപ്പെട്ട സ്ഥലത്തുള്ള കാല്‍ഡിയന്‍ സ്‌കൂളിലെ 23ാമത്തെ വേദിയില്‍ കൊണ്ട് വെച്ചത് ഒട്ടും ശരിയായില്ല. ഒന്നാം വേദിയില്‍ തിരുവാതിരക്കും കേരളനടനത്തിനുമെല്ലാം അവസരം നല്‍കിയപ്പോള്‍ തുല്യ പ്രാധാന്യമുള്ള ഒപ്പനക്ക് വേദിയൊരുക്കിയത് 16-ാമത്തെ വേദിയിലാണ്. വട്ടപ്പാട്ട് എന്തെന്ന് പോലുമറിയാത്തവരാണ് മധ്യകേരളത്തിലെ ബഹുഭൂരിഭാഗം ആളുകളും. കാണികളെ പിടിച്ചിരുത്തുന്ന പൗരാണികമായ കോല്‍ക്കളിയുള്‍പ്പെടെയുള്ള മാപ്പിള കലകള്‍ മുഴുവന്‍ ആസ്വാദകര്‍ക്ക് എത്തിപ്പെടാന്‍ സാധിക്കാത്ത സ്ഥലങ്ങളിലാണ് കൊണ്ട് വെച്ചതെന്നത് ഒട്ടും ശരിയായില്ലെന്നും അദ്ദേഹം പ്രതിഷേധ സ്വരത്തില്‍ പറഞ്ഞുവെച്ചു.

പ്രധാന വേദികളെയെല്ലാം മറികടന്ന് തൃശൂര്‍ പാട്ടുരായ്ക്കലുള്ള വീട്ടില്‍ പോയി ഉച്ചഭക്ഷണവും കഴിച്ച് വീണ്ടും ചന്ദന വേദിയില്‍ മടങ്ങിയെത്തി ദഫ് മുട്ട് കൂടി ആസ്വദിച്ച് ഏറെ വൈകിയാണദ്ദേഹം മടങ്ങിയത്. ഇതേ വേദിയില്‍ തന്നെ നടന്നിരുന്ന വട്ടപ്പാട്ട് കാണാന്‍ ആദ്യ ദിനവും ഇദ്ദേഹം മുഴുവന്‍ സമയം ചെലവഴിച്ചിരുന്നു.

 

 

Latest