Connect with us

International

ഇറാന്‍ പ്രക്ഷോഭം: മരണം 22 ആയി; പ്രക്ഷോഭത്തിന് പിന്നില്‍ ശത്രുക്കളെന്ന് ഖാംനഇ

Published

|

Last Updated

ടെഹ്‌റാന്‍: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഇറാനില്‍ പൊട്ടിപ്പുറപ്പെട്ട സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം രാജ്യവ്യാപകമാകുന്നു. പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ സൈന്യവും പോലീസും മുന്നിട്ടിറങ്ങിയിട്ടുണ്ടെങ്കിലും അതൊന്നും വകവെക്കാതെയാണ് ജനങ്ങള്‍ തെരുവിലിറങ്ങുന്നത്. മൂന്ന് ദിവസത്തിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 450 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇന്നലെയും ടെഹ്‌റാനടക്കമുള്ള നഗരങ്ങളില്‍ പ്രക്ഷോഭകരും പോലീസും തമ്മില്‍ ഏറ്റുമുട്ടി. പോലീസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 22 ആയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊല്ലപ്പെട്ടവരില്‍ പിഞ്ചുകുഞ്ഞും വിദ്യാര്‍ഥികളും ഉള്‍പ്പെടും. ഇന്നലെ മാത്രം ഒമ്പത് പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. മരണ സംഖ്യ വര്‍ധിക്കുമെന്നും നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നും ആശുപത്രി വൃത്തങ്ങള്‍ സൂചന നല്‍കി. രാജ്യത്തിന്റെ പരമോന്നത നേതാവായ ആയത്തുല്ലാ ഖാംനഇ പുറത്തുപോകണമെന്ന ആവശ്യമാണ് പ്രക്ഷോഭകര്‍ പ്രധാനമായും ഉന്നയിക്കുന്നത്.

അതേസമയം, പ്രക്ഷോഭത്തിന് പിന്നില്‍ അമേരിക്കയടക്കമുള്ള ഇറാന്റെ ശത്രുക്കളാണെന്ന് ഖാംനഇ ആരോപിച്ചു. പുതിയ സംഭവവികാസങ്ങളെ കുറിച്ച് രാജ്യത്തെ സമയമാകുമ്പോള്‍ സംബോധന ചെയ്യുമെന്നും ഖാംനഇ വെബ്‌സൈറ്റില്‍ നല്‍കിയ കുറിപ്പില്‍ വ്യക്തമാക്കി. ശത്രുക്കളുടെ പേര് പരാമര്‍ശിക്കാതെയാണ് ഖാംനഇ പ്രസ്താവനയിറക്കിയതെങ്കില്‍ പ്രക്ഷോഭത്തിന് പിന്നില്‍ അമേരിക്ക, ബ്രിട്ടന്‍, സഊദി എന്നീ രാജ്യങ്ങളാണെന്ന് ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി അലി ശംഖാനി പ്രസ്താവിച്ചു.

പ്രക്ഷോഭകര്‍ അക്രമാസക്തമായാണ് റാലികള്‍ സംഘടിപ്പിക്കുന്നതെന്നും ആയുധങ്ങളേന്തിയ സംഘം പ്രക്ഷോഭകരിലുണ്ടെന്നും ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ പ്രക്ഷോഭം സമാധാനപരമാണെന്നും പോലീസും സൈന്യവും പ്രക്ഷോഭം ക്രൂരമായി അടിച്ചമര്‍ത്തുകയാണെന്നുമാണ് റാലിക്ക് നേതൃത്വം നല്‍കുന്നവര്‍ പറയുന്നത്.

അതിനിടെ, പ്രക്ഷോഭകരെ പിന്തുണച്ച് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും രംഗത്തെത്തി. മുന്‍ പ്രസിഡന്റ് ബരാക് ഒബാമ പണം നല്‍കി ഇറാനെ തീവ്രവാദത്തിലേക്ക് തള്ളിവിട്ടെന്നും അമേരിക്ക ഇറാനെ വീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ട്രംപ് ട്വിറ്ററിലൂടെ അറിയിച്ചു. ഇസ്‌റാഈല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹുവും പ്രക്ഷോഭകര്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം, ഇറാന്‍ വിഷയത്തില്‍ പുറത്തുനിന്നുള്ള ഇടപെടല്‍ അംഗീകരിക്കാനാകില്ലെന്ന മുന്നറിയിപ്പുമായി റഷ്യ രംഗത്തെത്തിയിട്ടുണ്ട്. ഇറാന്റെ പ്രധാന സഖ്യമായ റഷ്യ രൂക്ഷമായ ഭാഷയിലാണ് ഇത്തരം ഇടപെടലിനെതിരെ പ്രതികരിച്ചത്.

 

 

Latest