Connect with us

Kerala

ബാക് ടു മര്‍കസ് പൂര്‍വ വിദ്യാര്‍ഥി സംഗമവും ഹാദിയ കോണ്‍വൊക്കേഷനും ഇന്ന്

Published

|

Last Updated

കുന്ദമംഗലം: കാരന്തുര്‍ മര്‍കസ് റൂബി ജൂബിലിയുടെ ഭാഗമായി നടത്തുന്ന മര്‍കസിന്റെ വിവിധ സ്ഥാപനങ്ങളില്‍ നാളിതുവരെ പഠിച്ച പൂര്‍വവിദ്യാര്‍ഥികളെ തിരിച്ച് വിളിച്ച് പഴയ അധ്യാപകര്‍ക്കൊപ്പം പഴയ ക്ലാസ്സ് മുറിയിലേക്ക് കൊണ്ട് പോകുന്ന ബാക് ടു മര്‍കസ്, മര്‍കസ് ഹാദിയ ക്യാമ്പസുകളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ പെണ്‍കുട്ടികള്‍ക്കുള്ള ബിരുദദാനം എന്നിവ ഇന്ന് മര്‍കസില്‍ നടക്കും.

ബാക് ടു മര്‍കസ് രാവിലെ ഒമ്പത് മുതല്‍ മര്‍കസിന്റെ വിവിധ ക്യാമ്പസുകളില്‍ ആരംഭിക്കും. തുടര്‍ന്ന് ഉച്ചക്ക് ഒന്ന് മുതല്‍ ആറ് വരെ മര്‍കസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടത്തുന്ന ഗ്രാന്റ് അസംബ്ലിയില്‍ ഒരു ലക്ഷത്തോളം പൂര്‍വ വിദ്യാര്‍ഥികള്‍ പങ്കെടുക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പ്രതിനിധികള്‍ സംഗമിക്കുന്ന അലുംനി മീറ്റ് ഇന്ത്യയിലെ ഏറ്റവും വലിയ പൂര്‍വ വിദ്യാര്‍ഥി സംഗമങ്ങളില്‍ ഒന്നായി മാറും.
മര്‍കസിന്റെ വിവിധ ക്യാമ്പസുകളില്‍ നിന്ന് പഠിച്ചു പുറത്തിറങ്ങിയ ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, പ്രൊഫഷനല്‍സ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, അക്കാദമിക വിദഗ്ധര്‍, ബിസിനസ്സുകാര്‍, നിയമ വിദഗ്ധര്‍ തുടങ്ങി സമൂഹത്തിന്റെ നാനാ തുറകളില്‍ പെട്ട ആളുകളാണ് ബാക് ടു മര്‍കസില്‍ സംഗമിക്കാന്‍ എത്തുന്നത്. വിവിധ സെഷനുകളില്‍ ഗ്ലോബല്‍ അലുംനി അസംബ്ലി, നൊസ്റ്റാള്‍ജിയ, മിഷന്‍ അലുംനി, മൈ മര്‍കസ്, എംപവറിംഗ് മര്‍കസ് എന്നി പരിപാടികള്‍ നടക്കും.

ചടങ്ങില്‍ മര്‍കസ് പൂര്‍വ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് സ്‌നേഹോപഹാരമായി സ്ഥാപന ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് ഒരു കോടി രുപ അവാര്‍ഡ് സമ്മാനിക്കും. സാമൂഹിക വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും പൂര്‍വ വിദ്യാര്‍ഥികളിലെ 100ഓളം ഡോക്ടര്‍മാര്‍ ചേര്‍ന്ന് സ്ഥാപന അധികാരികള്‍ക്ക് ഉപഹാര സമര്‍പ്പണവും നടക്കും. 2016-17 അധ്യയന വര്‍ഷത്തില്‍ മര്‍കസില്‍ നിന്ന് പെണ്‍കുട്ടികള്‍ക്കുള്ള പ്രത്യേക കോഴ്സായ ഹാദിയ പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന കോണ്‍വെക്കേഷന്‍ ഇന്ന് രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് ഒരു മണി വരെ മര്‍കസ് ഇംഗ്ലീഷ് മീഡിയത്തില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നടക്കും. പെണ്‍കുട്ടികളുടെ അക്കാദമികവും ആത്മീയവുമായ സമഗ്രവികാസം ലക്ഷ്യമാക്കി മര്‍കസ് ആവിഷ്‌കരിച്ച ഹാദിയ കോഴ്സ് കേരളത്തില്‍ 70 ക്യാമ്പസുകളില്‍ നടപ്പാക്കി വരുന്നു. ഓഫ് ക്യാമ്പസുകളില്‍ നിന്ന് ഹാദിയ ഹയര്‍സെക്കന്‍ഡറി പ്രോഗ്രാം പൂര്‍ത്തിയാക്കിയ 583 പേര്‍ക്കും ഡിപ്ലോമ പ്രോഗ്രാം പൂര്‍ത്തിയാക്കിയ 43 പേര്‍ക്കുമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തില്‍ വിതരണം ചെയ്യും. തുടര്‍ന്ന് മര്‍കസ് കേന്ദ്ര ക്യാമ്പസില്‍ നിന്ന് ഹാദിയ കോഴ്സ് പൂര്‍ത്തിയാക്കിയ 115 വിദ്യാര്‍ഥിനികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും.

മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി, മര്‍കസ് ഡയറക്ടര്‍ എ പി അബ്ദുല്‍ ഹകീം അസ്ഹരി, ഹാദിയയിലെ ഫാക്കല്‍റ്റികള്‍, വിദ്യാര്‍ഥിനികളുടെ രക്ഷിതാക്കള്‍ സംബന്ധിക്കും.