സംസ്ഥാനത്ത് രാഷ്ട്രീയ സംഘര്‍ഷം ഗണ്യമായി കുറഞ്ഞെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

Posted on: December 30, 2017 9:11 pm | Last updated: December 31, 2017 at 12:51 pm

തിരുവനന്തപുരം : 2016നെ അപേക്ഷിച്ച് 2017ല്‍ സംസ്ഥാനത്ത് രാഷ്ട്രീയ ആക്രമണ കേസുകളില്‍ വലിയ തോതില്‍ കുറവു വന്നതായി മുഖ്യമന്ത്രിയുടെ ഓഫിസ്. 2016 ഡിസംബര്‍ 30 വരെ 1684 രാഷ്ട്രീയ ആക്രമണ കേസുകളാണ് റജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ 2017 ഡിസംബര്‍ 30ല്‍ എത്തിയപ്പോള്‍ അത് 1463 ആയി കുറഞ്ഞെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി.

രാഷ്ട്രീയ ആക്രമണങ്ങള്‍ക്ക് പേരുകേട്ട കണ്ണൂരിലും ആക്രമണ കേസുകളില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2016 ഡിസംബര്‍ വരെ കണ്ണൂര്‍ ജില്ലയിലെ ആക്രമണ കേസുകളുടെ എണ്ണം 363 ആയിരുന്നു. 2017 ഡിസംബര്‍ 30 ആകുമ്പോഴേക്കും 271 ആയാണ് കുറഞ്ഞത്.

അക്രമം ഇല്ലായ്മ ചെയ്യാന്‍ സര്‍ക്കാര്‍ എടുത്ത ഭരണപരവും രാഷ്ട്രീയപരവുമായ നടപടികളെ തുടര്‍ന്നാണ് കേസുകളുടെ എണ്ണം കുറക്കാനായതെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് വിശദീകരിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുണ്ടായ നേരിട്ടുള്ള ഇടപെടലുകളും സമാധാന ചര്‍ച്ചകളും ഫലം വലിയ അളവില്‍ ഫലം കണ്ടെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നത്‌