Connect with us

National

നിതിന്‍ പട്ടേലിന് സ്വാഗതം; ഗുജറാത്തില്‍ നിര്‍ണായക നീക്കവുമായി ഹര്‍ദീക് പട്ടേല്‍

Published

|

Last Updated

അഹമ്മദാബാദ്: ഗുജറാത്തില്‍ ബിജെപിക്കുള്ളില്‍ അധികാര വടംവലികള്‍ തുടരുമ്പോള്‍ നിര്‍ണായക നീക്കവുമായി പട്ടേല്‍ സമുദായ നേതാവ് ഹാര്‍ദിക് പട്ടേല്‍ രംഗത്തത്തി. ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിനെ ഒപ്പം നില്‍ക്കാന്‍ ക്ഷണിക്കുകയാണ് ഹാര്‍ദിക്. നിതിന്‍ പട്ടേലിനെ ബിജെപി ബഹുമാനിക്കുന്നില്ലെങ്കില്‍ അദ്ദേഹത്തിന് പട്ടേല്‍ സംവരണ പ്രക്ഷോഭ സമിതിക്കൊപ്പം ചേരാമെന്ന് ഹാര്‍ദിക് വ്യക്തമാക്കി. ആവശ്യപ്പെട്ട വകുപ്പുകള്‍ കിട്ടിയില്ലെങ്കില്‍ രാജിവയ്ക്കുമെന്നറിയിച്ച് നിതിന്‍ പട്ടേല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായ്ക്കും കത്തയച്ചിരുന്നു.

ബിജെപി വിടുകയാണെങ്കില്‍ നിതിന്‍ പട്ടേലിനെ പിന്തുണയ്ക്കാന്‍ തയറാണെന്ന് ഹാര്‍ദിക് പറഞ്ഞു. ഉചിതമായ സ്ഥാനം അദ്ദേഹത്തിനു ലഭിക്കാന്‍ കോണ്‍ഗ്രസുമായി ചര്‍ച്ച നടത്താനും തയാറാണെന്നും ഹാര്‍ദിക് അറിയിച്ചു.

അതേസമയം, സംസ്ഥാനത്തെ പുതിയ സംഭവവികാസങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്ന് കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞു. പട്ടേലിന്റെയും അദേഹത്തിന്റെ അനുയായികളുടെയും പിന്തുണയുണ്ടെങ്കില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി തയാറാണെന്ന് സംസ്ഥാന അധ്യക്ഷന്‍ ഭരത്‌സിങ് സോളങ്കിയും അറിയിച്ചിട്ടുണ്ട്.

മുന്‍പുണ്ടായിരുന്ന നഗരവികസനം, ധനം, പെട്രോളിയം വകുപ്പുകള്‍ വേണമെന്നായിരുന്നു നിതിന്റെ ആവശ്യം. എന്നാല്‍, ഈ വകുപ്പുകള്‍ മുഖ്യമന്ത്രി വിജയ് രൂപാണി അദ്ദേഹത്തിന് നല്‍കിയില്ല. തുടര്‍ന്നാണ് തര്‍ക്കം ഉടലെടുത്തത്. ചോദിച്ച വകുപ്പുകള്‍ മൂന്ന് ദിവസത്തിനകം നല്‍കിയില്ലെങ്കില്‍ രാജിവയ്ക്കുമെന്നാണ് നിതിന്‍ പട്ടേല്‍ അറിയിച്ചിട്ടുള്ളത്.

 

 

Latest