Connect with us

National

ഗുജറാത്ത് ബിജെപിയില്‍ കലഹം രൂക്ഷം; രാജിഭീഷണി മുഴക്കി നിതിന്‍ പട്ടേല്‍

Published

|

Last Updated

ഗാന്ധിനഗര്‍: സത്യപ്രതിജ്ഞക്ക് പിന്നാലെ ഗുജറാത്ത് മന്ത്രിസഭയില്‍ വകുപ്പു വിഭജനത്തെച്ചൊല്ലി ഉടലെടുത്ത തര്‍ക്കം രൂക്ഷമായി. ആവശ്യപ്പെട്ട വകുപ്പ് ലഭിച്ചില്ലെങ്കില്‍ രാജിവെക്കുമെന്ന് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ ഭീഷണിമുഴക്കി. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാക്കും നിതിന്‍ പട്ടേല്‍ കത്തയച്ചു.

നേരത്തെ താന്‍ കൈകാര്യം ചെയ്തിരുന്ന ധന, നഗരവികസന വകുപ്പുകള്‍ ലഭിക്കണമെന്നാണ് നിധിന്‍ പട്ടേലിന്റെ ആവശ്യം. ധനകാര്യം, നഗരവികസനം, പെട്രോളിയം തുടങ്ങിയ മൂന്ന് പ്രധാനവകുപ്പുകള്‍ പട്ടേലിന് നല്‍കിയിരുന്നില്ല. മറ്റ് മന്ത്രിമാര്‍ക്ക് ഓഫീസ് അനുവദിച്ചിട്ടും ഗാന്ധിനഗറില്‍ നിതിന്‍ പട്ടേലിന് ഓഫീസ് അനുവദിക്കുകയും ചെയ്തിരുന്നില്ല. ഇതെ തുടര്‍ന്നാണ് നിധിന്‍ പട്ടേല്‍ പാര്‍ട്ടിയുമായി കടുത്ത അഭിപ്രായ ഭിന്നതയിലെത്തിയത്.

പാര്‍ട്ടിയിലുണ്ടായ പ്രതിസന്ധി ബിജെപി കേന്ദ്ര നേതൃത്വത്തിന് വലിയ തലവേദനയായിരിക്കുകയാണ്. നിതിന്‍ പട്ടേലിനെ അനുനയിപ്പിക്കാനുള്ള ശ്രമം ബിജെപി കേന്ദ്ര നേതൃത്വം ആരംഭിച്ചു.