ഹാഫിസ് സഈദിനൊപ്പം വേദിപങ്കിട്ട് ഫലസ്തീന്‍ പ്രതിനിധി; പ്രതിഷേധവുമായി ഇന്ത്യ

Posted on: December 30, 2017 11:07 am | Last updated: December 30, 2017 at 2:55 pm
SHARE

ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ഹാഫിസ് സഈദിനൊപ്പം പാകിസ്ഥാനിലെ ഫലസ്തീന്‍ അംബാസിഡര്‍ വേദി പങ്കിട്ടതില്‍ കടുത്ത പ്രതിഷേധവുമായി ഇന്ത്യ. ഐക്യരാഷ്ട്ര സഭയും അമേരിക്കയും ആഗോള ഭീകരനായി പ്രഖ്യാപിച്ച ഹാഫിസ് സഈദിനൊപ്പം വേദി പങ്കിട്ടതിലെ എതിര്‍പ്പ് ഫലസ്തീനെ അറിയിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഹാഫിസ് സഈദിനൊപ്പം ഇന്ത്യയുടെ അടുത്ത സുഹൃത്തായ പലസ്തീന്‍ പ്രതിനിധിയെ കാണേണ്ടിവന്നത് അമ്പരപ്പും നടുക്കവും ഉണ്ടാക്കിയെന്ന് ഡല്‍ഹിയിലെ ഉന്നത വൃത്തങ്ങള്‍ അറിയിച്ചു. വിഷയം ഇന്ത്യയിലെ പലസ്തീന്‍ അംബാസിഡറെയും പലസ്തീന്‍ അധികൃതരെയും അറിയിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. റാവല്‍പിണ്ടിയിലെ ലിയാഖത്ത് ബാഗില്‍ ദിഫാ ഇ പാകിസ്ഥാന്‍ കൗണ്‍സില്‍ സംഘടിപ്പിച്ച റാലിയില്‍ വച്ചാണ് ഹാഫിസ് സഈദിനൊപ്പം പലസ്തീന്‍ പ്രതിനിധി വാഹിദ് അബു അലി വേദി പങ്കിട്ടത്. ഇരുവരും വേദി പങ്കിടുന്നതിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.

നാല്‍പ്പതോളം മതതീവ്രസ്വഭാവമുള്ള സംഘടനകളുടെ കൂട്ടായ്മയായ ദിഫാ ഇ പാകിസ്ഥാന്‍ ഇന്ത്യക്കെതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചുവരുന്നത്.
ഹാഫിസ് സയിദാണ് ഈ കൂട്ടായ്മയുടെ തലവന്‍. ജറുസലമിനെ ഇസ്‌റാഈലിന്റെ തലസ്ഥാനമാക്കി അംഗീകരിച്ച അമേരിക്കയുടെ തീരുമാനത്തിനെതിരെയാണ് കൗണ്‍സില്‍ റാലി സംഘടിപ്പിച്ചത്. ഇതേ വിഷയത്തില്‍
പലസ്തീന് അനുകൂലമായാണ് ഇന്ത്യ യുഎന്‍ ജനറല്‍ അസംബ്ലിയില്‍ വോട്ട് ചെയ്തത്. ഇതിന് പിന്നാലെയാണ് ഫലസ്തീന്‍ അംബാസിഡറുടെ ഭാഗത്ത് നിന്ന് ഇത്തരമൊരു നടപടി ഉണ്ടായിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here